Quantcast

ഗസ്സയിലെ കത്തോലിക്കാ പള്ളിയിൽ ഇസ്രായേൽ ആക്രമണം, രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു; വേദനാജനകമെന്ന് മാർപാപ്പ

നൂറുകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അഭയം തേടിയ ഗസ്സയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിലും പരിസരത്തെ മദർ തെരേസ കോൺവെന്റിലുമാണ് ഇസ്രായേൽ ആക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Published:

    17 Dec 2023 8:50 PM IST

Israeli forces kill two Christian women inside Catholic church in Gaza City. Pope Francis reacts in the incident, Israeli forces kill two women inside Catholic church in Gaza
X

കൊല്ലപ്പെട്ട നഹീദയും മകള്‍ സമറും(ഇടത്ത്), ആക്രമണമുണ്ടായ കത്തോലിക്കാ പള്ളി

ഗസ്സ സിറ്റി: ഗസ്സയിലെ കത്തോലിക്കാ പള്ളിക്കുനേരെയും ഇസ്രായേൽ ആക്രമണം. ഇസ്രായേൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ രണ്ട് ക്രിസ്തുമത വിശ്വാസികൾ കൊല്ലപ്പെട്ടു. ഒരു വയോധികയ്ക്കും മകൾക്കുമാണു ജീവൻ നഷ്ടമായത്. ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

ജറൂസലമിലെ ലത്തീൻ പാത്രിയാർക്കീസ് ആണ് ആക്രമണവിവരം പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ പത്തോടെ ഗസ്സയിലെ ഹോളി ഫാമിലി പള്ളിയിലുണ്ടായ ഇസ്രായേൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ രണ്ട് ക്രിസ്ത്യൻ വനിതകൾ കൊല്ലപ്പെട്ടതായി പാത്രിയാർക്കീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇസ്രായേൽ-ഹമാസ് ആക്രമണം ആരംഭിച്ച ശേഷം ക്രിസ്ത്യൻ കുടുംബങ്ങൾ അഭയംതേടിയിരുന്ന കേന്ദ്രമാണിതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഗസ്സ സ്വദേശികളായ നഹീദയും മകൾ സമറുമാണു കൊല്ലപ്പെട്ടത്. പള്ളിക്ക് അടുത്തുള്ള മദർ തെരേസ കോൺവെന്റിലേക്കു പോകാൻ ഇറങ്ങിയതായിരുന്നു ഇവർ. വെടിവയ്പ്പിനുമുൻപ് ഒരു മുന്നറിയിപ്പുമുണ്ടായിട്ടില്ലെന്ന് പാത്രിയാർക്കീസ് ചൂണ്ടിക്കാട്ടി. യോദ്ധാക്കളൊന്നുമില്ലാത്ത ഇടവകയ്ക്കുള്ളിൽ പച്ചയ്ക്കാണ് ഇവർ കൊല്ലപ്പെട്ടത്. മദർ തെരേസ കോൺവെന്റിനു നേരെയുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ജനറേറ്റർ ഉൾപ്പെടെ തകർന്നിരിക്കുകയാണ്. ഇവിടെ അന്തേവാസികളായുണ്ടായിരുന്ന 54ഓളം പേരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഗസ്സയിൽനിന്നു ഗുരുതരവും വേദനാജനകവുമായ വാർത്തകളാണു പുറത്തുവരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചു. സൈന്യത്തിന്റെ വെടിവയ്പ്പിൽ ഒരു അമ്മയും മകളും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരവാദികളൊന്നുമില്ലാത്ത, കുടുംബങ്ങളും കുട്ടികളും രോഗികളും അംഗവിഹീനരും കഴിയുന്ന പള്ളിക്കകത്താണ് ഇതൊക്കെ നടക്കുന്നത്. നിരായുധരായ സിവിലിയന്മാരെയാണു വെടിവച്ചു കൊല്ലുന്നതെന്നും മാർപാപ്പ കുറ്റപ്പെടുത്തി.

ഇതിനുമുൻപും പള്ളിക്കുനേരെ ഇസ്രായേൽ ആക്രമണമുണ്ടായിട്ടുണ്ടെന്ന് അൽജസീറ റിപ്പോർട്ടർ ഹാനി മഹ്മൂദ് വെളിപ്പെടുത്തി. പള്ളിയുടെ വലിയൊരു ഭാഗം തകർന്നിട്ടുണ്ട്. മുറ്റത്തുണ്ടായിരുന്ന എല്ലാവർക്കും നേരെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Summary: Israeli forces kill two Christian women inside Catholic church in Gaza City. Pope Francis reacts in the incident

TAGS :

Next Story