ഇസ്രായേലിൽ ഇറാൻ ആക്രമണം; മിസൈലുകൾ നഗരത്തിൽ പതിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ
ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് ഏകദേശം 15 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേലി ഡിഫൻസ് ഫോഴ്സ്

തെൽ അവിവ്: ഇറാൻ ആക്രമണത്തിൽ ഇസ്രായേൽ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചതിന് പിന്നാലെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഇസ്രായേലിലെ അഷ്‌ദോദിലും ലാച്ചിഷിലുമാണ് ഇറാൻ ആക്രമണം നടത്തിയിരിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ ഇസ്രായേലിലെ അഷ്‌ദോദ് പ്രദേശത്ത് ബാലിസ്റ്റിക് മിസൈൽ പതിച്ചതായി ടൈംസ് ഓഫ് ഇസ്രായേലും ജറുസലേം നഗരത്തിന് തെക്ക് ലാച്ചിഷ് പ്രദേശത്ത് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ നഗരങ്ങളായ നഹരിയ, ഗെഷർ ഹാസിവ്, ഹില, മിയോണ, മിലിയ തുടങ്ങിയ നഗരങ്ങളിൽ തുടർച്ചയായി സൈറണുകൾ മുഴങ്ങുന്നതായും ഇസ്രായേലി മാധ്യമങ്ങൾ. ജറുസലേമിന് മുകളിലൂടെ മിസൈൽ പറക്കുന്നത് കണ്ടതായും അതിനുശേഷം ഒന്നിലധികം മുഴക്കങ്ങൾ കേട്ടതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് ഏകദേശം 15 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി പ്രാഥമിക ഐഡിഎഫ് വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. 40 മിനിറ്റിനുള്ളിൽ ഒന്നിലധികം തവണ മിസൈലുകൾ വിക്ഷേപിച്ചതായും ഇത് ഏറ്റവും ദൈർഘ്യമേറിയ ഇറാനിയൻ മിസൈൽ ആക്രമണങ്ങളിലൊനാണെന്നും ഐഡിഎഫ്. ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളൊന്നുമില്ലെങ്കിലും നിരവധി പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേൽ.
Adjust Story Font
16

