'അത് യുദ്ധക്കുറ്റം, വംശീയ ഉന്മൂലനം'; വെസ്റ്റ് ബാങ്കിൽനിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടനകൾ
ഗസ്സയിൽ 2023 ഒക്ടോബർ ഏഴ് മുതൽ ഇതുവരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,647 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

വെസ്റ്റ്ബാങ്ക്: ഫലസ്തീനികളെ വെസ്റ്റ് ബാങ്കിൽനിന്ന് നിർബന്ധിതമായി കുടിയിറക്കുന്ന നടപടിക്കെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. വെസ്റ്റ്ബാങ്കിൽ നിർബന്ധിത കുടിയിറക്കൽ എന്ന യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ യെഷ് ദിനും ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രായേലും കുറ്റപ്പെടുത്തി.
ഇരു സംഘടനകളും ചേർന്ന് പുറത്തിറക്കിയ സംയുക്ത റിപ്പോർട്ടിലാണ് വിമർശനം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ, പ്രത്യേകിച്ച് റാമല്ലയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഇടയ സമൂഹങ്ങളാണ് നിർബന്ധിത കുടിയിറക്കലിന് ഇരയാവുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരു സംഘടനകളുടെയും പ്രതിനിധികൾ രണ്ട് വർഷത്തോളം ഈ മേഖലകൾ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
'കുടിയിറക്കപ്പെട്ട സമൂഹങ്ങൾ, വിസ്മൃതരായ ആളുകൾ' എന്ന തലക്കെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ടിൽ, 2023 ജനുവരി മുതൽ ഈ പ്രദേശത്തെ 1,000ത്തിലധികം ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കിയിട്ടുണ്ടെന്നും പതിറ്റാണ്ടുകളായി അവിടെ താമസിച്ചിരുന്ന ഫലസ്തീൻ നിവാസികളിൽ നിന്ന് ഏകദേശം 1,00,000 ഡുനം ഭൂമി പിടിച്ചെടുത്തതായും വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്ന യുദ്ധക്കുറ്റത്തിന് ഇസ്രായേലും ഉത്തരവാദിയാണെന്നും വ്യക്തമാക്കുന്നു.
'ഈ പ്രവൃത്തികളുടെ വ്യവസ്ഥാപിത സ്വഭാവവും വ്യത്യസ്ത സ്ഥലങ്ങളിൽ ഇവ ആവർത്തിക്കുന്നതും വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളിൽ ഇസ്രായേൽ പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുന്ന രീതികൾ നടപ്പാക്കുന്നുണ്ടെന്ന ഗുരുതരമായ നിഗമനത്തിലേക്ക് നയിക്കുന്നു'- റിപ്പോർട്ട് വിശദമാക്കുന്നു.
അതേസമയം, ഗസ്സയിൽ മാർച്ച് 18ന് ഒന്നാംഘട്ട വെടിനിർത്തൽ മുന്നറിയിപ്പില്ലാതെ ലംഘിച്ച് ഇസ്രായേൽ വീണ്ടുമാരംഭിച്ച കൂട്ടക്കുരുതിയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു. 3000ലേറെ പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മുതൽ നടന്ന ഇസ്രായേലി ആക്രമണങ്ങളിൽ 38 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഗസ്സ സിറ്റിയിലെ അൽ- അഹ്‌ലി ആശുപത്രിയിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ സ്ഥലമില്ലെന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞു. മാർച്ച് 18ന് ശേഷം ഗസ്സയിൽ ഓരോ ദിവസവും കുറഞ്ഞത് 100 പലസ്തീൻ കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ മേധാവി പറഞ്ഞു.
2023 ഒക്ടോബർ ഏഴ് മുതൽ ഇതുവരെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,647 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 300ലേറെ പേർക്ക് ഏറ്റവുമൊടുവിൽ പരിക്കേറ്റു. ആകെ പരിക്കേറ്റവരുടെ എണ്ണം 1,15,063 ആയെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതിനിടെ, ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ഗസ്സയെയെക്കുറിച്ച് നടത്താനിരുന്ന പ്രഭാഷണം റദ്ദാക്കി. മെഡിക്കൽ എയ്ഡ് ഫോർ ഫലസ്തീൻ സഹസ്ഥാപകയായ ഡോ. ആങ് സ്വീ ചായ് ആയിരുന്നു പ്രഭാഷക. പ്രഭാഷണം റദ്ദാക്കിയതിന്റെ കാരണം ബിഎംഎ പറഞ്ഞിട്ടില്ല. സംഭവം ലണ്ടനിൽ പ്രതിഷേധങ്ങൾക്ക് കാരണമായി. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുന്നതായി പ്രകടനക്കാർ കുറ്റപ്പെടുത്തി.
കഴിഞ്ഞ നവംബറിൽ, ഗസ്സയിൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഗസ്സയ്ക്കെതിരായ ആക്രമണത്തിന്റെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യാ കേസും നേരിടുന്നുണ്ട്.
Adjust Story Font
16

