ദോഹ ആക്രമണം ലക്ഷ്യം കണ്ടില്ലെന്ന് ഇസ്രായേലി സുരക്ഷാ വിഭാഗത്തിന്‍റെ വിലയിരുത്തൽ
ഓപ്പറേഷന്‍ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യാഴാഴ്ച യുഎസിന് പുറമേ, കാബിനറ്റ് മന്ത്രിമാരെയും അറിയിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു

ജറുസലെം: ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം പരാജയപ്പെട്ടുവെന്നാണ് ഇസ്രായേലി സുരക്ഷാ വിഭാഗത്തിന്‍റെ വര്‍ധിച്ചുവരുന്ന വിലയിരുത്തലെന്ന് സ്ഥിരീകരിക്കാത്ത ഇസ്രായേലി ടെലിവിഷൻ റിപ്പോർട്ട് പറയുന്നു. പ്രതിരോധ സേനക്ക് ലഭിച്ച ഏറ്റവും പുതിയ സൂചനകൾ പ്രകാരം ലക്ഷ്യം വച്ചവരെ കൊലപ്പെടുത്താനായില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രായേലി സ്രോതസിനെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.
ഒന്നോ രണ്ടോ പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ജറുസലെം കരുതുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ ഉറപ്പില്ലെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഓപ്പറേഷന്‍ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യാഴാഴ്ച യുഎസിന് പുറമേ, കാബിനറ്റ് മന്ത്രിമാരെയും അറിയിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യത്തിന് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലേ എന്നും ബോംബുകൾ വീഴുന്നതിന് മുമ്പ് ഹമാസ് നേതാക്കൾക്ക് കെട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് മാറാൻ കഴിഞ്ഞോ എന്നും പരിശോധിക്കുന്നുണ്ട്.
ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്‍റെ ആക്രമണം. ചൊവ്വാഴ്ച ഇസ്രായേൽ അംഗീകരിച്ചുവെന്ന് വ്യക്തമാക്കിയ പുതിയ യുഎസ് വെടിനിർത്തൽ നിർദേശത്തെക്കുറിച്ച് ഹമാസിന്‍റെ നേതൃത്വം ചർച്ച ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് സംഘടന അറിയിച്ചിരുന്നു. ഖലീൽ അൽ ഹയ്യയുടെ മകൻ ഹുമാം അൽ ഹയ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ദോഹയിലെ ആക്രമണത്തിൽ ഇസ്രായേലിനെ പരാമർശിക്കാതെ യുഎൻ രക്ഷാസമിതി അപലപിച്ചു. ''പ്രധാന മധ്യസ്ഥ രാഷ്ട്രമായ ഖത്തറിലെ ദോഹയിൽ സെപ്തംബർ ഒമ്പതിനു നടന്ന ആക്രമണത്തെ അപലപിക്കുന്നു. സാധാരണക്കാരന്റെ ജീവൻ നഷ്ടമായതിൽ അഗാധമായ ദുഃഖമുണ്ട്. ഖത്തറിന് ഐക്യദാർഢ്യം അറിയിക്കുന്നതിനൊപ്പം സംഘർഷങ്ങൾ ഇല്ലാതിരിക്കേണ്ടതിന്റെ പ്രാധാന്യം ഈ കൗൺസിൽ അടിവരയിടുന്നു. ഖത്തറിന്റെ പരമാധികാരത്തിനും യുഎൻ ചാർട്ടർ നയങ്ങൾ അനുസരിച്ചുള്ള അതിർത്തി സംരക്ഷണത്തിനും പിന്തുണ നൽകുന്നു. ഈജിപ്തും യുഎസുമായി ചേർന്ന് ഖത്തർ മേഖലയിൽ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ ഈ കൗൺസിൽ ഓർത്തെടുക്കുന്നു'' എന്നിങ്ങനെയാണ് രക്ഷാസമിതിയുടെ പ്രസ്താവന.
ഒരിടത്തു പോലും ഇസ്രായേലിന്റെ പേരില്ലാതെയാണ് പതിനഞ്ചംഗ യുഎൻ രക്ഷാസമിതി ദോഹയിൽ നടന്ന ആക്രമണത്തെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. യുഎസ് അടക്കമുള്ള എല്ലാ അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചു. ഖത്തറിന് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അംഗങ്ങൾ അറിയിച്ചു.
Adjust Story Font
16

