800 വർഷം പഴക്കമുള്ള ഇസ്‌ലാമിക ദേവാലയം വീടാക്കി മാറ്റി ഇസ്രായേലി കുടിയേറ്റക്കാരൻ
ഏകദേശം അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഷെയ്ഖ് അഹമ്മദ് അൽ-ദജാനി മഖ്‌ബറയാണ് ഒരു ഇസ്രായേലി കുടിയേറ്റക്കാരൻ പിടിച്ചെടുത്ത് സ്വകാര്യ വസതിയാക്കി മാറ്റിയത്

ജെറുസലേം: അധിനിവിഷ്ട ജറുസലേമിലെ ഏറ്റവും പഴക്കം ചെന്ന ഇസ്ലാമിക സ്മാരകങ്ങളിലൊന്നായ ഏകദേശം അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഷെയ്ഖ് അഹമ്മദ് അൽ-ദജാനി മഖ്‌ബറ ഒരു ഇസ്രായേലി കുടിയേറ്റക്കാരൻ പിടിച്ചെടുത്ത് സ്വകാര്യ വസതിയാക്കി മാറ്റി. 'ഒരു ഇസ്രായേലി കുടിയേറ്റക്കാരൻ മഖ്‌ബറയുടെ പൂട്ട് തകർത്ത് വൈദ്യുതി, വാട്ടർ മീറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഫർണിച്ചറുകൾ, യൂട്ടിലിറ്റികൾ എന്നിവയും സ്ഥലത്തെത്തിച്ച് താമസം തുടങ്ങി.' ജറുസലേം ഗവർണറേറ്റിന്റെ മീഡിയ ഓഫീസ് പത്രക്കുറിപ്പിൽ പറയുന്നു.
കുടിയേറ്റക്കാരൻ അവിടെയുണ്ടായിരുന്ന ശവകുടീരം നീക്കം ചെയ്യുകയും അതിന്റെ പുറം ഭിത്തിയിൽ നിന്ന് അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം വ്യക്തമാക്കുന്ന സ്മാരക ഫലകം നീക്കം ചെയ്യുകയും ചെയ്തു. മഖ്‌ബറയുടെ പരിപാലനത്തിനും മേൽനോട്ടത്തിനും ഉത്തരവാദിയായ ദജാനി കുടുംബാംഗം പതിവ് സന്ദർശനത്തിനിടെയാണ് കുടിയേറ്റക്കാരുടെ നിയമലംഘനം കണ്ടെത്തിത്. തുടന്ന് കുടുംബം ജറുസലേമിലെ ഇസ്രായേലി അധിനിവേശ മുനിസിപ്പാലിറ്റിയിൽ ഔദ്യോഗികമായി പരാതി നൽകി.
മുനിസിപ്പാലിറ്റി ആരാധനാലയത്തിൽ നിന്ന് കുടിയേറ്റക്കാരനെ ഒഴിപ്പിച്ചെങ്കിലും ഇതുവരെ കുടുംബത്തിന് പുതിയ താക്കോൽ കൈമാറിയിട്ടില്ല. ഇത്തരമൊരു ലംഘനത്തിന് പൂർണ ഉത്തരവാദിത്തം വിശുദ്ധ നഗരത്തിലെ ഇസ്രായേലി അധിനിവേശ അതോറിറ്റിക്കാണെന്ന് ജറുസലേം ഗവർണറേറ്റ് പറഞ്ഞു. ജറുസലേമിന്റെ അറബ്, ഇസ്ലാമിക, ക്രിസ്ത്യൻ ഐഡന്റിറ്റി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു കൊളോണിയൽ പദ്ധതിയുടെ ഭാഗമാണെന്നും ഗവർണറേറ്റ് വിശേഷിപ്പിച്ചു.
യുനെസ്കോ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, യുഎൻ മനുഷ്യാവകാശ കൗൺസിൽ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തോട് ജറുസലേമിലെ ഇസ്ലാമിക്, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാൻ ഗവർണറേറ്റ് ആഹ്വാനം ചെയ്തു. ലോക സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായ ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, ലാൻഡ്‌മാർക്കുകൾ എന്നിവയുൾപ്പെടെ ഫലസ്തീൻ പുണ്യസ്ഥലങ്ങൾക്കെതിരായ ആവർത്തിച്ചുള്ള ഇസ്രായേലി അതിക്രമങ്ങൾ തടയാൻ നടപടിയെടുക്കാനും ആവശ്യപ്പെട്ടു.
Adjust Story Font
16

