Quantcast

'ഭക്ഷണത്തിന് വരിനിൽക്കുന്നവരെ വെടിവെക്കാൻ നിർദേശം' ഇസ്രായേൽ ക്രൂരത വെളിപ്പെടുത്തി റിപ്പോർട്ട്

ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തുന്ന അതേസമയത്തുതന്നെ, ഗസ്സയിൽ ഇസ്രായേലി സൈന്യം നൂറുകണക്കിന് ഫലസ്തീനികളെയായിരുന്നു കൊന്നൊടുക്കിയത്. അതിനെല്ലാമവർ ന്യായീകരണങ്ങളും ചമച്ചിരുന്നു. എന്നാൽ ഹാരെറ്റ്സിന്റെ റിപ്പോർട്ട് പുറത്തുവന്നതോടുകൂടി സയണിസ്റ്റ് ഭരണകൂടം വീണ്ടും പ്രതികൂട്ടിൽ ആയിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2025-06-30 16:01:16.0

Published:

30 Jun 2025 9:30 PM IST

ഭക്ഷണത്തിന് വരിനിൽക്കുന്നവരെ വെടിവെക്കാൻ നിർദേശം ഇസ്രായേൽ ക്രൂരത വെളിപ്പെടുത്തി റിപ്പോർട്ട്
X

ഒരുനേരത്തെ ഭക്ഷണത്തിനായി വരിനിൽക്കുന്ന മനുഷ്യരെ വെടിവച്ചുകൊല്ലാൻ പോലും മടിയില്ലാത്ത ഭരണകൂടം... അത്രയും നീചമാണ് ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം. എന്നാൽ പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാജ്യമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ഇസ്രയേലിനെ വിശേഷിപ്പിക്കുന്നത്. അവരുടെ ദുഷ്ചെയ്തികളുടെ ഭീകരത തെളിയിക്കുന്ന ഒരു റിപ്പോർട്ടുകൂടി പുറത്തുവരികയാണ്.

ഗസ്സയിൽ സഹായവിതരണം തേടിയെത്തുന്ന മനുഷ്യരെ വെടിവച്ചുകൊല്ലാൻ ഇസ്രായേലി സൈന്യത്തിന് ഉന്നതതലത്തിൽ നിർദേശമുണ്ടെന്നാണ് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തുന്ന അതേസമയത്തുതന്നെ, ഗസ്സയിൽ ഇസ്രായേലി സൈന്യം നൂറുകണക്കിന് ഫലസ്തീനികളെയായിരുന്നു കൊന്നൊടുക്കിയത്. പട്ടിണി മൂലം ഒരുനേരത്തെ ഭക്ഷണത്തിനായി എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ അധികവും. ഇസ്രായേലി സൈന്യത്തിന്റെ സുരക്ഷയെ മുൻ നിർത്തിയാണ് വെടിയുതിർത്തത് എന്നായിരുന്നു പലപ്പോഴും സയണിസ്റ്റുകളുടെ വിശദീകരണം. എന്നാൽ അതിനെയെല്ലാം തള്ളുന്നതാണ് ഹാരറ്റ്സിന്റെ റിപ്പോർട്ട്..

ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച്, സഹായവിതരണ കേന്ദ്രങ്ങളിലെത്തിയ 549 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒപ്പം 4066 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.

2025 മാർച്ച് രണ്ടിനാണ് ഗസ്സയിലേക്കുള്ള ഭക്ഷണവിതരണ സഹായം ഇസ്രായേൽ തടയുന്നത്. ശേഷമുള്ള മൂന്നുമാസം, പട്ടിണി ആയുധമാക്കിയായിരുന്നു ഇസ്രായേലിന്റെ നീക്കങ്ങൾ. ആഗോളതലത്തിൽ വിമർശനം ശക്തമായപ്പോൾ യു എൻ ഏജൻസികളെയെല്ലാം പുറത്താക്കി, ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ എന്ന കമ്പനിയെ ഇസ്രായേൽ കൊണ്ടുവന്നു. വളരെ കുറഞ്ഞ തോതിലുള്ള ഭക്ഷണമാണ് ഇസ്രായേലിന്റെ നിയന്ത്രമാണമുള്ള സംഘം ഗസ്സയിലേക്ക് എത്തിക്കുന്നത്. കോൺസൻട്രേഷൻ ക്യാമ്പുകൾക്ക് സമാനമായ അവസ്ഥയാണ് ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ നേരിടേണ്ടി വരുന്നത് എന്നാണ് ഗസ്സക്കാർ പറയുന്നത്.

മീഡിയ വണ്ണിനോട് സംസാരിച്ച ഗസ്സൻ ദമ്പതികൾ പറയുന്നതനുസരിച്ച്, പുലർച്ചെ രണ്ടുമണിക്കൊക്കെയാണ് ഭക്ഷണം വാങ്ങാനായി ആളുകൾ പോകുന്നത്. എന്നാൽ അവർ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ഭക്ഷണം തേടിയെത്തുന്നവർക്ക് നേരിടേണ്ടി വരുന്നത് ഇസ്രായേലി സൈന്യത്തിന്റെ ബോംബാക്രമണമോ വെടിവയ്പ്പോ ആയിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കൊള്ളയടിക്കാനും പിടിച്ചുപറിക്കാനുമുള്ള അവസരങ്ങൾ ഒരുക്കുകയും, ആ കാരണം പറഞ്ഞ് നിരപരാധികളെ വെടിവയ്ച്ച് കൊല്ലുകയുമാണ് ഇസ്രായേൽ ചെയ്യുന്നതെന്നും ഗസ്സക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനെയെല്ലാം സാധൂകരിക്കുന്നതാണ് ഹാരറ്റ്സിന്റെ റിപ്പോർട്ട്. ഗസ്സയിലെ നാലുമേഖലകളിലാണ് ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. അതും തെക്കൻ ഗസ്സയിലും മധ്യഗസ്സയിലും മാത്രം. വടക്കൻ ഗസ്സയിൽ വിതരണമില്ലാത്തതുകൊണ്ടുതന്നെ അവിടെയുള്ളവർക്ക് കിലോമീറ്ററുകളാണ് സഞ്ചരിക്കേണ്ടത്. വടക്കൻ ഗസ്സ ഒഴിപ്പിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നും വിലയിരുത്തലുകളുണ്ട്.

സഹായവിതരണ കേന്ദ്രമെന്ന പേരുണ്ടെങ്കിലും ഗസ്സക്കാരെ സംബന്ധിച്ചിടത്തോളം മരണക്കെണിയാണ് അവ. അകാരണമായി ഇസ്രായേലി സൈന്യം വെടിവയ്ക്കുന്ന സംഭവെങ്കിലും നിരവധി ഉണ്ടായെങ്കിലും, അതിനെല്ലാമവർ ന്യായീകരണങ്ങളും ചമച്ചിരുന്നു. എന്നാൽ ഹാരെറ്റ്സിന്റെ റിപ്പോർട്ട് പുറത്തുവന്നതോടുകൂടി സയണിസ്റ്റ് ഭരണകൂടം വീണ്ടും പ്രതികൂട്ടിൽ ആയിരിക്കുകയാണ്.

സഹായവിതരണ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്നും അവിടെ ആളുകളെ കൊല്ലുകയാണെന്നുമാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വിമർശിച്ചത്. അതേസമയം, റിപ്പോർട്ടിന്റെ പാടെ തള്ളുകയാണ് ഇസ്രായേൽ ചെയ്യുന്നത്. റിപ്പോർട്ടിൽ പറയുന്നപോലെയുള്ള കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് ഇസ്രായേലിന്റെ പക്ഷം.

ഗസ്സയിൽ നിലനിന്നിരുന്ന വെടിനിർത്തൽ 2025 മാർച്ച് 18ന് ഇസ്രായേലാണ് ഏകപക്ഷീയമായി ലംഘിക്കുന്നത്. പിന്നാലെ ആറായിരത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. അതോടെ ആകെ മരണസംഖ്യ 56000 പിന്നിട്ടിരിക്കുകയാണ്.

ആഗോളതലത്തിൽ സമ്മർദ്ദം ഉയരുന്നുണ്ടെങ്കിലും ഇസ്രായേൽ അവരുടെ വംശഹത്യ തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുമെന്നൊക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ എന്താകുമെന്നത് കണ്ടുതന്നെ അറിയേണ്ടതാണ്.

TAGS :

Next Story