പട്ടായയിൽ ക്ഷേത്ര സംഭാവനാ പണമടങ്ങിയ കവർ മോഷ്ടിച്ച ഇസ്രായേലി വിനോദസഞ്ചാരി അറസ്റ്റിൽ
'ബാർ ബിഗ്ഗർ' എന്ന വ്യാജ പേരിലാണ് ഇയാൾ പാർലറിൽ മസാജിങ്ങിന് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

Photo| Special Arrangement
ബാങ്കോക്ക്: തായ്ലൻഡിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ ക്ഷേത്ര സംഭാവനാ പണമടങ്ങിയ കവർ മോഷ്ടിച്ച ഇസ്രായേലി വിനോദസഞ്ചാരി പിടിയിൽ. മസാജ് പാർലറിൽ വച്ചിരുന്ന എൻവെലപ്പുകളാണ് കവർന്നത്. 34കാരനായ ബെനലെഗെഡ്ലി എന്ന ഇസ്രായേൽ പൗരനാണ് മസാജ് പാർലർ അധികൃതരുമായുണ്ടായ തർക്കത്തിനിടെ ക്ഷേത്ര സംഭാവന കവറുകൾ മോഷ്ടിച്ച് ഓടിയതെന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവം കണ്ടുനിന്ന നാട്ടുകാരും ഇരുചക്ര ടാക്സി ഡ്രൈവർമാരും ഇയാളെ പിന്തുടർന്ന് പിടികൂടി പട്ടായ പൊലീസിനെ ഏൽപ്പിച്ചു. ഇയാളുടെ കൈയിൽ നിന്നും മോഷണ മുതലുകൾ പൊലീസ് പിടിച്ചെടുത്തു.
ഒക്ടോബർ 17ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കട അടയ്ക്കാനിരിക്കെ, പട്ടായ ബീച്ച് റോഡിലെ ഒരു പാരമ്പര്യ മസാജ് പാർലറിലെത്തിയ ഇയാൾ ഒരു മണിക്കൂർ മസാജിന് 300 ബാറ്റ് നൽകിയതായി പാർലർ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് മസാജിങ് തുടങ്ങുകയും ചെയ്തു. പൊടുന്നനെ ഇയാൾ പ്രകോപിതനായി പണം തിരികെ ആവശ്യപ്പെട്ടു.
എന്നാൽ റീഫണ്ട് സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ, ഇയാൾ ഫെറ്റ്ചാബുൻ പ്രവിശ്യയിലെ വാട്ട് താം ഫാ തോങ്ങിലേക്കുള്ള സംഭാവനാ കവറുകളിൽ നിന്ന് കുറേയെണ്ണം കൈക്കലാക്കി ഓടുകയായിരുന്നു. മതപരമായ വഴിപാടുകൾക്കായി ജീവനക്കാരും സുഹൃത്തുക്കളും ശേഖരിച്ച പണമാണ് കവറുകളിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ, മസാജ് പാർലർ ഉടമകൾ സഹായത്തിനായി ഒച്ചവച്ചു. ഇത് കേൾക്കുകയും ഇയാൾ കവറുകളുമായി ഓടുന്നത് കാണുകയും ചെയ്ത മോട്ടോർസൈക്കിൾ ടാക്സി ഡ്രൈവർമാർ പിന്നാലെ ഓടുകയും ബെനലെഗെഡ്ലിയെ പിടികൂടുകയുമായിരുന്നു. ഇയാളുടെ ട്രൗസറിന്റെ പോക്കറ്റുകൾ പരിശോധിച്ചപ്പോൾ മോഷ്ടിച്ച കവറുകൾ കണ്ടെത്തുകയും ചെയ്തു.
പാർലർ ഉടമകൾ വിവരമറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ പട്ടായ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ, പണമടങ്ങിയ കവറുകൾ കവർന്ന് ബെനലെഗെഡ്ലി ഓടുന്നത് കാണാം. അതേസമയം, തെളിവുകൾ ഉണ്ടായിരുന്നിട്ടും, താൻ കവറുകൾ മോഷ്ടിച്ചതായി നിഷേധിച്ച ഇയാൾ, മസാജ് പാർലറിന്റെ സേവനം മോശമാണെന്നും ആരോപിച്ചു.
ബാർ ബിഗ്ഗർ എന്ന വ്യാജ പേരിലാണ് ഇയാൾ പാർലറിൽ മസാജിങ്ങിന് എത്തിയതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും സമർപ്പിക്കാൻ പാർലർ മാനേജരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ഈ മാസം 14ന്, തായ്‌ലൻഡിലെ കോ ഫംഗൻ ദ്വീപിലെ ഒരു ആഡംബര വില്ലയിൽ മയക്കുമരുന്ന് കൈവശം വച്ചതിന് നാല് ഇസ്രായേലി പൗരന്മാർ അറസ്റ്റിലായിരുന്നു. ഗസ്സയിലെ യുദ്ധാവിരാമം ആഘോഷിക്കുകയായിരുന്നു ഇവരെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
സൈനികരാണെന്ന് അവകാശപ്പെട്ട ഇവരുടെ പക്കൽനിന്നും കൊക്കെയ്നടക്കം കണ്ടെത്തിയിരുന്നു. കോഹ് ഫൻഗൻ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇവർ കൊക്കെയ്ൻ, മെത്താഫെറ്റമിൻ എന്നിവ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.
Adjust Story Font
16

