Quantcast

ഇസ്രായേലി ജനതയെ ഭയാശങ്കയിലാക്കുന്ന ഇറാന്റെ ബാലിസ്റ്റിക് ആക്രമണം

ഇസ്രായേലിന്റെ കണക്കുകൂട്ടലുകൾ എല്ലാം പാടെ തെറ്റിക്കുന്നതാണ് ഇറാന്റെ തിരിച്ചടി. സയണിസ്റ്റ് ഭരണകൂടത്തിന് ആദ്യമുണ്ടായിരുന്ന ആഹ്ലാദമെല്ലാം ഇപ്പോൾ ആശങ്കയ്ക്ക് വഴിമാറിയിരിക്കുന്നു. ഇസ്രായേലി ജനത, ഭയത്തിലും ആശങ്കയിലുമാണ് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2025 2:45 PM IST

ഇസ്രായേലി ജനതയെ ഭയാശങ്കയിലാക്കുന്ന ഇറാന്റെ ബാലിസ്റ്റിക് ആക്രമണം
X

ഇസ്രയേലിന്റെ കണക്കുകൂട്ടലുകൾ എല്ലാം പാടെ തെറ്റിക്കുന്നതാണ് ഇറാന്റെ തിരിച്ചടി. സയണിസ്റ്റ് ഭരണകൂടത്തിന് ആദ്യമുണ്ടായിരുന്ന ആഹ്ലാദമെല്ലാം ഇപ്പോൾ ആശങ്കയ്ക്ക് വഴിമാറിയിരിക്കുകയാണ്. ഇസ്രായേലി ജനത, ഭയത്തിലും ആശയക്കുഴപ്പത്തിലുമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

ജൂൺ പതിമൂന്നിന് അകാരണമായി ഇസ്രായേൽ തുടങ്ങിവച്ച ഇറാൻ ആക്രമണത്തിന്റെ ഗതി മാറിത്തുടങ്ങിയിരിക്കുകയാണ്. ഇറാൻ ആണവായുധം നിർമിക്കാൻ പോകുന്നുവെന്ന വ്യാജം പ്രചരിപ്പിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. എന്നാൽ, ഇറാനും തിരിച്ചടിക്കാൻ തുടങ്ങിയതോടെ, ആദ്യമുണ്ടായിരുന്ന ആത്മവിശ്വാസമെല്ലാം സയണിസ്റ്റ് ഭരണകൂടത്തിനും അവിടുത്തെ ജനതയ്ക്കും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ചേർന്ന് കോട്ടകെട്ടി കാക്കുമെന്നതായിരുന്നു ഇസ്രായേലിന്റെ ആത്മവിശ്വാസം. അയൺ ഡോമും ആരോയും ഡേവിഡ് സ്‌ളിംഗും താഡ് പ്രതിരോധ സംവിധാനങ്ങളുമെല്ലാം ഇറാന്റെ ഏത് ആക്രമണത്തെയും തടുക്കുമെന്ന് സയണിസ്റ്റ് ഭരണകൂടം ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിയുംതോറും, ഈ സംവിധാനങ്ങളെയെല്ലാം മറികടന്ന് നിരവധി ഇറാൻ ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലി മണ്ണിൽ പതിക്കുന്നത്. മധ്യ ഇസ്രായേലാണ് പ്രധാനമായും ഇറാനി ആക്രമണത്തിന്റെ ചൂടറിയുന്നത്

മണിക്കൂറുകളുടെ ഇടവേളകളിൽ ഇസ്രായേലി പൗരന്മാരുടെ ഫോണുകളിലേക്ക് അപായ മുന്നറിയിപ്പുകൾ വന്നുകൊണ്ടേയിരിക്കുകയാണ്. സുരക്ഷിത കേന്ദ്രങ്ങളിലും ബോംബ് ഷെൽട്ടറുകളിലേക്കും ഏതുനേരവും പോകേണ്ട അവസ്ഥയാണ് അവർക്ക്. ഇറാനി മിസൈലുകളെയെല്ലാം തടുക്കുന്നുണ്ടെന്ന് ഇസ്രായേലി സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും തെൽ അവീവിൽ ഉൾപ്പെടെ സംഭവിക്കുന്നത് മറിച്ചാണ്. രക്ഷാപ്രവർത്തകർ സംഭവസ്ഥലങ്ങളിൽ എത്തുന്നുണ്ടെങ്കിലും അഭൂതപൂർവമായ സാഹചര്യമാണ് എന്നാണ് അവരും പറയുന്നത്.

ഇറാനെതിരായ ആക്രമണങ്ങളെ തുടക്കത്തിൽ പിന്തുണച്ചെങ്കിലും, ഇസ്രായേൽ ദുർബലമാണെന്ന് തിരിച്ചറിഞ്ഞുവെന്നാണ് മധ്യ ഇസ്രായേലിൽ താമസിക്കുന്ന 67- കാരി ഓർലി യാഫ-നൈഗ പറയുന്നത്. തുടർച്ചയായ അപായ സൈറണുകളും സന്ദേശങ്ങളും ഇസ്രയേലികളെ ഭയചകിതരാക്കിയിരിക്കുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. വെള്ളിയാഴ്ച നെതന്യാഹു നടത്തിയ പ്രതികരണങ്ങളിൽ ആവശ്യമായിടത്തോളം ഇറാനെതിരായ ആക്രമണം തുടരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് നെതന്യാഹുവിന്റെ തകർച്ചയ്‌ക്കോ അല്ലെങ്കിൽ ഇസ്രായേലികൾ കൂട്ടമായി രാജ്യം വിടുന്നതിലേക്കോ ആയിരിക്കും നയിക്കുക എന്നാണ് ഓർലി യാഫയുടെ പക്ഷം.

ഇസ്രായേലിലെ പല ആശുപത്രികളിലും രോഗികളെ ഭൂഗർഭ അറകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാക്രമണത്തിനും ഇസ്രായേലിലെ പൗരന്മാരെ അപകടപ്പെടുത്താൻ കഴിയില്ല എന്നായിരുന്നു ഇസ്രായേലി നേതാക്കൾ പൗരന്മാരോട് ആവർത്തിച്ചു അവകാശപ്പെട്ടിരുന്നത്. ഇതൊരു തെറ്റിദ്ധാരണയാണെന്ന് കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ ഇസ്രായേലികൾ മനസിലാക്കിയെന്നാണ് ജെറുസലേം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ഓർളി നോയ് പ്രതികരിച്ചത്.

200 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ജൂൺ 13ന് നടത്തിയ ആക്രമണത്തിലൂടെ, ഇറാന്റെ എല്ലാ ശേഷിയും നശിപ്പിക്കാമെന്നായിരിക്കാം ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കണക്കുകൂട്ടിയിട്ടുണ്ടാകുക. എന്നാൽ, ആദ്യത്തെ ഡ്രോൺ ആക്രമണത്തിന് ശേഷം, ഇറാൻ പ്രത്യാക്രമണം കടുപ്പിക്കുകയായിരുന്നു. ജൂൺ 16 രാവിലെവരെ ഏകദേശം 300 ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളാണ് ഇറാൻ നടത്തിയത്. അതിൽ പലതും ഇസ്രായേലി പ്രതിരോധ സംവിധാനങ്ങളെ മറികടക്കുകയും ചെയ്തിരുന്നു.

ഇറാന്റെ കൈവശം 3,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടെന്നാണ് യുഎസ് കണക്കാക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈൽ ശക്തിയാണ് ഇറാൻ. നിലവിലെ ഇറാൻ ഉപയോഗിച്ച മിസൈലുകളെക്കാൾ ശക്തമായത് ഇനിയും അവരുടെ പക്കലുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും അവസാനിപ്പിക്കാം എന്നാണ് ഇറാൻ പറയുന്നത്.അങ്ങനെ ഉണ്ടായാൽ നെതന്യാഹുവിന് അതൊരു തിരിച്ചടിയാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ തയാറായേക്കില്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

അമേരിക്കയുടെ സഹായങ്ങൾ ഉണ്ടെന്നത് വിസ്മരിക്കുന്നില്ലെങ്കിലും പ്രത്യക്ഷത്തിൽ സംഘർഷത്തിൽ ഇറാനും ഇസ്രയേലും മാത്രമാണുള്ളത്. എന്നാൽ സംഘർഷം തുടരുകയാണെങ്കിൽ ഹിസ്‌ബുല്ലയും ഹൂത്തികളും ഇറാഖി സായുധ സംഘങ്ങളുമെല്ലാം ഇറാന്റെ സഹായത്തിന് ഏതാനും സാധ്യതകളുണ്ട്. അങ്ങനെ വന്നാൽ കൂടുതൽ രൂക്ഷമായ അവസ്ഥയിലേക്കാകും പശ്ചിമേഷ്യ നീങ്ങുക.

.

.

TAGS :

Next Story