ഇസ്രായേലിന് വേണ്ടി വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കിയില്ല; കേസുമായി കരാര്‍ കമ്പനികള്‍
ഇസ്രായേല്‍ നടത്തിപ്പോരുന്ന ക്രൂരതകളെ വ്യാജ ആഖ്യാനങ്ങള്‍ കൊണ്ടോ വിവരങ്ങള്‍ കൊണ്ടോ മറയ്ക്കുക, ന്യായീകരിക്കുക എന്നതാണ് പ്രധാനമായും ഇവരുടെ ജോലി

- Published:
6 March 2026 1:24 PM IST

തെല്‍ അവിവ്: ഇസ്രായേലിന്റെ നിക്ഷിപ്ത അജണ്ടകള്‍ക്കും നുണകള്‍ക്കും പ്രചാരണം നല്‍കുന്ന പബ്ലിക് ഡിപ്ലോമസി ഡയറക്ടറേറ്റിലെ മുന്‍ ജീവനക്കാര്‍ 2023 മുതല്‍ തങ്ങള്‍ ചെയ്ത ജോലിക്ക് വേതനം ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്ത്. ഹസ്ബറ എന്ന പേരിലാണ് ഇസ്രായേല്‍ ഭരണകൂടം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടത്തുന്നത്. ഇസ്രായേല്‍ നടത്തിപ്പോരുന്ന ക്രൂരതകളെ വ്യാജ ആഖ്യാനങ്ങള്‍ കൊണ്ടോ വിവരങ്ങള്‍ കൊണ്ടോ മറയ്ക്കുക, ന്യായീകരിക്കുക എന്നതാണ് പ്രധാനമായും ഇവരുടെ ജോലി. ലോകവ്യാപകമായി സമൂഹമാധ്യമ ഇന്‍ഫ്‌ലുവേഴ്‌സിനെയും ആക്ടിവിസ്റ്റുകളുയുമെല്ലാം ഇത്തരം ജോലിക്ക് നിയോഗിക്കുന്നുണ്ട്. 2023 ഒക്ടോബറില്‍ ഇസ്രായേല്‍ ആരംഭിച്ച ഗസ്സയിലെ വംശഹത്യയുടെ ഭാഗമായ പ്രചാരണങ്ങള്‍ക്ക് വേണ്ടി ജോലിചെയ്ത വിവിധ കമ്പനികള്‍ക്കും കരാറുകാര്‍ക്കും പണം നല്‍കിയില്ലെന്നാണ് പരാതി. രണ്ട് മില്യണ്‍ ഷെക്കിള്‍സ് (ഏകദേശം 6.5 ലക്ഷം ഡോളര്‍) തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കാണിച്ച് ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
ഇസ്രായേലി നേതാക്കളുടെ പ്രസംഗങ്ങള്‍ക്കായി സ്റ്റുഡിയോ ഒരുക്കുകയും യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കുകയും ചെയ്ത കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടും. 2024 മാര്‍ച്ച് വരെ ഇസ്രായേല്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവായിരുന്ന എയ്‌ലോണ്‍ ലെവിക്കും പ്രതിഫലം ലഭിക്കാനുണ്ട്. ഇത് കിട്ടാന്‍ ഏറെ പരിശ്രമം നടത്തി ക്ഷീണിതനായെന്നും എന്നാല്‍ കേസിന്റെ ഭാഗമാകുന്നില്ല എന്നുമാണ് ലെവിയുടെ നിലപാട്.
ഇസ്രായേല്‍ മാധ്യമമായ കാല്‍കലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് ശേഷം നൂറുകണക്കിന് സ്വതന്ത്ര ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ ഹസ്ബറയുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. ഇതില്‍ പലരും നേരിട്ട് സര്‍ക്കാറിന്റെ ജീവനക്കാരല്ല. പലരെയും കരാര്‍ കമ്പനികള്‍ വഴിയാണ് ജോലിക്കെടുത്തത്. വിദേശത്തുള്ള ജോലിക്കാര്‍ക്ക് ഈ കമ്പനികള്‍ വഴിയാണ് പ്രതിഫലം നല്‍കിയിരുന്നത്. നെതന്യാഹുവിന്റെയും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിന്റെയും അഭിമുഖങ്ങള്‍ക്കായി സ്റ്റുഡിയോ ഒരുക്കി നല്‍കിയിരുന്ന ഒരു കമ്പനി തങ്ങള്‍ക്ക് 1.6 ലക്ഷം ഡോളര്‍ പ്രതിഫലം ലഭിക്കാനുണ്ടെന്നാണ് പരാതിപ്പെട്ടത്. ഇന്റലക്ട് എന്ന മറ്റൊരു കമ്പനി തങ്ങള്‍ക്ക് 4.87 ലക്ഷം ഡോളര്‍ ലഭിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി.
2023 ഒക്ടോബര്‍ മുതല്‍, ഇസ്രായേലിന്റെ ഹസ്ബാര പ്രചാരണങ്ങള്‍ വിദേശകാര്യ മന്ത്രാലയവും പ്രവാസി മന്ത്രാലയവും ചേര്‍ന്നാണ് നടത്തിവരുന്നത്. ഇസ്രായേലിനെതിരെയുള്ള യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങള്‍, വംശഹത്യ തുടങ്ങിയ ആരോപണങ്ങള്‍ നിഷേധിക്കുന്ന പ്രചാരണങ്ങള്‍ നടത്തുക, ഇസ്രായേലി അനുകൂല വാദം പ്രചരിപ്പിക്കുക എന്നിവക്കായി വലിയ തുകകളാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രായേലി സര്‍ക്കാര്‍ ബജറ്റില്‍ 150 മില്യണ്‍ ഷെക്കല്‍ ഹസ്ബറ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരുന്നു. നേരത്തെയുള്ള 520 മില്യണ്‍ ഷെക്കലിന് പുറമേയാണിത്. ഉന്നതവിദ്യാഭ്യാസ ഫണ്ട് വെട്ടിച്ചുരുക്കിയാണ് ഇതിനായി തുക കണ്ടെത്തിയത്.
Adjust Story Font
16
