ഇസുദീൻ അൽ ഹദാദ് - ഗസ്സയിൽ ഹമാസിന് പുതിയ നേതൃത്വം
2023 ഒക്ടോബർ 7-ന് ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസ് നടത്തിയ ആക്രമണത്തിന് നേതൃപരമായ പങ്കുവഹിച്ച ഇസുദീൻ അൽ ഹദാദ് ആണ് ഹമാസിനെ ഇനി ചർച്ചകളിൽ നയിക്കുക

ഗസ്സ: ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ യുദ്ധത്തിന്റെ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവേ ഹമാസിന്റെ ഭാഗത്ത് നിന്ന് ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അവരുടെ പുതിയ നേതാവാണ്. 2023 ഒക്ടോബർ 7-ന് ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസ് നടത്തിയ ആക്രമണത്തിന് നേതൃപരമായ പങ്കുവഹിച്ച ഇസുദീൻ അൽ ഹദാദ് ആണ് ഹമാസിനെ ഇനി ചർച്ചകളിൽ നയിക്കുക. ഇസ്രായേൽ സൈന്യം മുഹമ്മദ് സിൻവാറിനെ കൊലപ്പെടുത്തിയതിന് ശേഷം ഗസ്സയിലെ സൈനിക വിഭാഗം കമാൻഡർ ഇസുദീൻ അൽ ഹദാദ് നേതൃസ്ഥാനം ഏറ്റെടുത്തുവെന്ന് ഒരു മുതിർന്ന മിഡിൽ ഈസ്റ്റേൺ ഇന്റലിജൻസ് ഉദ്യോഗസ്ഥനും മൂന്ന് ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥരും രഹസ്യ വിവരമായി നൽകിയത് ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സയിൽ ഹമാസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ ശക്തമായി എതിർക്കുന്ന ഇസുദീൻ ഗസ്സയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കുകയും ഇസ്രായേൽ സൈന്യത്തെ പ്രദേശത്ത് നിന്ന് പിൻവലിക്കുകയും ചെയ്താൽ മാത്രമേ ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാനുള്ള ഏതൊരു നീക്കവും നടത്തുകയുള്ളു എന്ന് ഉറപ്പിച്ചു പറയുന്നു. ഗസ്സ സ്വദേശി കൂടിയായ ഇസുദീൻ ഗസ്സ സിറ്റിയിലാണ് താമസമെന്ന് കരുതപ്പെടുന്നു. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരു മാന്യമായ കരാറിലെത്തുക അല്ലെങ്കിൽ യുദ്ധം 'ഒരു വിമോചന യുദ്ധമോ രക്തസാക്ഷിത്വ യുദ്ധമോ' ആയി മാറുമെന്ന് അദ്ദേഹം സമീപ ആഴ്ചകളിൽ പറഞ്ഞതായി മിഡിൽ ഈസ്റ്റേൺ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചകളിൽ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ വെടിനിർത്തൽ കൊണ്ടുവരുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ടു. ഇത് ഫലസ്തീനിൽ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം സഹായത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 38 പേരാണ് കൊല്ലപ്പെട്ടത്. ഫലസ്തീനും ഇസ്രായേലും തമ്മിൽ ഒരു കരാർ ഉണ്ടാക്കുന്നതിനുള്ള പ്രധാന തടസ്സം സ്ഥിരമായ വെടിനിർത്തലാണ്. ഗസ്സയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക എന്ന ആവശ്യമാണ് എല്ലാ ഘട്ടത്തിലും ചർച്ചക്ക് നേതൃത്വം കൊടുക്കുന്ന ഹമാസ് മുന്നോട്ട് വെച്ചത്. എന്നാൽ ഹമാസിന്റെ സൈനിക, ഭരണ ശേഷികൾ ആദ്യം തകർക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നു. ഇതിനെ തുടർന്നാണ് ചർച്ചകൾ വീണ്ടും നീണ്ട് പോകുന്നത്. പുതിയ നേതൃത്വത്തിന്റെ കീഴിൽ ശാശ്വത പരിഹാരം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് ഫലസ്തീൻ ജനത.
Adjust Story Font
16

