'2025ൽ ഇന്ത്യൻ നയതന്ത്രജ്ഞനുമായി കൂടിക്കാഴ്ച നടത്തി': റോയിട്ടേഴ്സിനോട് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീർ ഷഫീഖുർ റഹ്മാന്റെ വെളിപ്പെടുത്തല്‍
ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തന്റെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് ഷഫീഖുർ റഹ്മാന്‍ വെളിപ്പെടുത്തുന്നു

- Published:
1 Jan 2026 2:41 PM IST

ധാക്ക: 2025ന്റെ തുടക്കത്തില്‍ ഇന്ത്യൻ നയതന്ത്രജ്ഞൻ തന്നെ കണ്ടിരുന്നുവെന്നും എന്നാൽ കൂടിക്കാഴ്ച രഹസ്യമായി സൂക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീര്‍ ഡോ. ഷഫീഖുർ റഹ്മാന്റെ വെളിപ്പെടുത്തല്‍.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷഫീഖുർ റഹ്മാന്‍ ഇക്കാര്യം പറയുന്നത്. എന്നാല്‍ താനുമായി കൂടിക്കാഴ്ച നടത്തിയ ഉദ്യോഗസ്ഥന്‍ ആരാണെന്ന് ഷഫീഖുർ റഹ്മാന്‍ വെളിപ്പെടുത്തുന്നില്ല. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥനപ്രകാരമാണ് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുന്നതെന്നും അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ താനുമായി പരസ്യമായി തന്നെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഷഫീഖുർ റഹ്മാന്‍ പറഞ്ഞു.
ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തന്റെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് ഷഫീഖുർ റഹ്മാന്‍ പറയുന്നു. പാർട്ടി എപ്പോഴും പരസ്പരം തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ജമാഅത്ത് അമീർ പറഞ്ഞു. ബന്ധം മെച്ചപ്പെടുത്തുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷഫീഖുര്‍ റഹ്മാന്റെ വെളിപ്പെടുത്തലുകളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
''2025ല്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോൾ, സ്വദേശത്ത് നിന്നും വിദേശത്തുനിന്നുമായി നിരവധി ആളുകൾ എന്നെ കാണാൻ വന്നിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ വന്നതുപോലെ, രണ്ട് ഇന്ത്യൻ നയതന്ത്രജ്ഞരും എന്റെ വീട്ടിൽ എന്നെ കാണാൻ വന്നു. മറ്റുള്ളവരെപ്പോലെ അവരോടും ഞാന്‍ സംസാരിച്ചു"- അദ്ദേഹം പറഞ്ഞു.
Adjust Story Font
16
