Quantcast

ധാക്ക യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ജമാഅത്ത് അനുകൂല സംഘടനക്ക് ജയം

ജമാഅത്ത് പിന്തുണയുള്ള ഇസ്‌ലാമി ഛത്ര ശിബിർ (ഐസിഎസ്) ധാക്ക യൂണിവേഴ്‌സിറ്റിയിലെ 12 ജനറൽ സീറ്റുകളിൽ ഒമ്പതിലും വിജയിച്ചു

MediaOne Logo

Web Desk

  • Published:

    12 Sept 2025 4:18 PM IST

Jamaath backed student wing wins Dhaka University polls
X

ധാക്ക: ധാക്ക യുണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ബംഗാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനക്ക് ജയം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 1971ൽ ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗം ധാക്ക യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.

ജമാഅത്ത് പിന്തുണയുള്ള ഇസ്‌ലാമി ഛത്ര ശിബിർ (ഐസിഎസ്) ധാക്ക യൂണിവേഴ്‌സിറ്റിയിലെ 12 ജനറൽ സീറ്റുകളിൽ ഒമ്പതിലും വിജയിച്ചു. ചൊവ്വാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഐസിഎസ് സ്ഥാനാർഥിയായ സാദിഖ് ഖയീം വൈസ് പ്രസിഡന്റും എസ്.എം ഫർഹദ് ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ പ്രസിഡന്റ് പദവിയിൽ സർവകലാശാല വൈസ് ചാൻസിലറായതിനാൽ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

പ്രധാനമന്ത്രിയായിരുന്നു ശൈഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിനെ അധികാരത്തിലെത്തിച്ച ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത സ്റ്റുഡന്റ്‌സ് എഗൈൻസ്റ്റ് ഡിസ്‌ക്രിമിനേഷന് തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാനായില്ല. സംഘടനയിലെ ആഭ്യന്തര തർക്കങ്ങളാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. പോളിങ് സെന്ററുകളിൽ കൃത്രിമത്വം നടന്നതായി സാഡ് സ്ഥാനാർഥിയായ അബ്ദുൽ ഖൗദർ ആരോപിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം ബംഗ്ലാദേശിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതാണെന്ന് നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) നേതാവ് ഹസ്‌നത്ത് അബ്ദുല്ല പറഞ്ഞു. ഫലത്തെ എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഡിയിൽ മുഹമ്മദ് യൂനുസിനോട് അനുഭാവമുള്ളവരുടെ കൂട്ടായ്മയാണ് എൻസിപി.

തെരഞ്ഞെടുപ്പിൽ 78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സർവകലാശാല അധികൃതർ പറഞ്ഞു. ക്രമക്കേടും പക്ഷപാതവും സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നെങ്കിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദാസിയയുടെ നാഷണലിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ ജാതിയതാബാദി ഛാത്ര ദൾ (ജെസിഡി) പറഞ്ഞു. വോട്ടെടുപ്പ് പ്രഹസനമാണെന്നും ആസൂത്രിതമായ അട്ടിമറി നടന്നുവെന്നും സംഘടന ആരോപിച്ചു.

TAGS :

Next Story