ജപ്പാനെ നയിക്കാൻ ആദ്യ വനിത; സനേ തകായിച്ചി പ്രധാനമന്ത്രിയാവുമെന്ന് റിപ്പോർട്ട്
മുൻ സാമ്പത്തിക സുരക്ഷാ മന്ത്രിയായ തകായിച്ചി എൽഡിപിയിൽ ശക്തമായ വലതുപക്ഷ നിലപാടുള്ള നേതാവാണ്

Takaichi | Photo | Reuters
ടോക്യോ: ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവായ സനേ തകായിച്ചി ജപ്പാൻ പ്രധാനമന്ത്രിയാവും. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ജപ്പാന്റെ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. കഴിഞ്ഞ മാസമാണ് എൽഡിപി പ്രസിഡന്റും ജപ്പാൻ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവെച്ചത്.
ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അഞ്ച് സ്ഥാനാർഥികളിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ശനിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ മുൻ പ്രധാനമന്ത്രി ജൂനിചിരോ കൊയിസുമിയുടെ മകൻ ഷിൻജിറോ കൊയിസുമിയെയാണ് തകായിച്ചി പരാജയപ്പെടുത്തിയത്. കൊയിസുമി വിജയിച്ചിരുന്നെങ്കിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുമായിരുന്നു.
മുൻ സാമ്പത്തിക സുരക്ഷാ മന്ത്രിയായ തകായിച്ചി എൽഡിപിയിൽ ശക്തമായ വലതുപക്ഷ നിലപാടുള്ള നേതാവാണ്. ഒക്ടോബർ 15നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ജപ്പാൻ പാർലമെന്റിൽ നടക്കുന്നത്.
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും രണ്ട് ചേംബറുകളിലും എൽഡിപി നയിക്കുന്ന സഖ്യത്തിന് മതിയായ ഭൂരിപക്ഷമില്ല. അതുകൊണ്ട് തന്നെ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്. കൂടുതൽ പാർട്ടികളെ മുന്നണിയിലെത്തിച്ച് സഖ്യം വിപുലപ്പെടുത്താൻ എൽഡിപി ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.
Adjust Story Font
16

