'ജസീന്ത രാജിവെക്കുന്നു, പെണ്ണിന് എല്ലാം കഴിയുമോ'; വിവാദ തലക്കെട്ടിൽ ക്ഷമാപണവുമായി ബി.ബി.സി

അമ്പരപ്പിക്കുന്ന ലിംഗവിവേചനമാണെന്നും സ്ത്രീവിരുദ്ധതയാണെന്നും വിമർശകർ

MediaOne Logo

Web Desk

  • Updated:

    2023-01-20 15:03:13.0

Published:

20 Jan 2023 2:47 PM GMT

ജസീന്ത രാജിവെക്കുന്നു, പെണ്ണിന് എല്ലാം കഴിയുമോ; വിവാദ തലക്കെട്ടിൽ ക്ഷമാപണവുമായി ബി.ബി.സി
X

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെണിന്റെ രാജി പ്രഖ്യാപനം സംബന്ധിച്ച വിവാദ തലക്കെട്ടിൽ ക്ഷമാപണവുമായി ബി.ബി.സി. 'ജസീന്ത ആർഡെൺ രാജിവെക്കുന്നു, പെണ്ണിന് എല്ലാം സാധിക്കുമോ?' എന്ന ബി.ബി.സിയുടെ തലക്കെട്ട് രൂക്ഷ വിമർശനത്തിനിടയാക്കി. വാർത്തയ്ക്ക് അങ്ങനെ തലക്കെട്ട് നൽകിയത് തെറ്റായിപ്പോയെന്ന് ബി.ബി.സി പിന്നീട് സമ്മതിക്കുകയും ചെയ്തു.

ഏഴ് കുട്ടികളുടെ പിതാവായ ബോറിസ് ജോൺസൺ കഴിഞ്ഞ വർഷം യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ ബി.ബി.സി നൽകിയ തലക്കെട്ടിനെ ഇതുമായി വിമർശകർ താരതമ്യം ചെയ്തു. ഇത് അമ്പരപ്പിക്കുന്ന ലിംഗവിവേചനമാണെന്നും സ്ത്രീവിരുദ്ധതയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. വിവാദമായതിനു പിന്നാലെ തലക്കെട്ട് ബി.ബി.സി മാറ്റുകയായിരുന്നു. ജസീന്ത രാജിവെക്കുന്നു, പ്രധാനമന്ത്രിക്കുമേലുള്ള സമ്മർദങ്ങളെ ഇത് വെളിപ്പെടുത്തുന്നുവെന്നും ബി.ബിസി തലക്കെട്ട് തിരുത്തി. അമ്മയായത്‌കൊണ്ട് ജസീന്ത ആർഡേണിന് പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാൻ കഴിയില്ലേയെന്നാണ് വിമർശകരുടെ ചോദ്യം.

''തലക്കെട്ട് വാർത്തയ്ക്ക് അനുയോജ്യമല്ലെന്ന് ഞങ്ങൾ ഉടൻ മനസ്സിലാക്കുകയും അതിനനുസരിച്ച് അത് മാറ്റുകയും ചെയ്തു. അനുബന്ധ ട്വീറ്റുകളും ഞങ്ങൾ ഇല്ലാതാക്കി''- ബി.ബി.സി വക്താവ് എ.എഫ്.പിയോട് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി സ്ഥാനവും ലേബർപാർട്ടി നേതൃസ്ഥാനവും രാജിവെക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ജസീന്ത ആർഡേൺ രംഗത്തെത്തി. ഇതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

''ഈ വർഷാവസാനം മകളെ സ്‌കൂളിൽ ചേർക്കണം, അവളോടൊപ്പമുണ്ടാകണം, നാളുകൾക്ക് ശേഷം ആദ്യമായി നന്നായി ഉറങ്ങി''- ജസീന്ത കൂട്ടിച്ചേർത്തു. ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലേബർപാർട്ടി തിരിച്ചടി നേരിടുമെന്നാണ് ചില സർവേകൾ സൂചിപ്പിക്കുന്നത്. തനിക്ക് പകരക്കാരനാകാൻ സാധ്യതയുള്ള ആരെയും പരസ്യമായി പിന്തുണയ്ക്കില്ലെന്ന് ജസീന്ത വ്യക്തമാക്കി. നേതൃത്വത്തിലുള്ള സ്ത്രീകൾക്കും ഭാവിയിൽ നേതൃത്വം പരിഗണിക്കാനിരിക്കുന്ന പെൺകുട്ടികൾക്കും ഒരു കുടുംബമുണ്ടായിരിക്കാം. നിങ്ങൾ കുടുംബത്തോടൊപ്പം ചേർന്ന് നിൽക്കുമ്പോൾ തന്നെ നിങ്ങളുടേതായ ശൈലിയിൽ ചുമതലകൾ നിർവഹിക്കണമെന്നും ജസീന്ത ഉപദേശിച്ചു. ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുന്നത്. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാനുള്ള നടപടികൾ ലേബർ പാർട്ടി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story