ലക്ഷക്കണക്കിനാളുകള് ബഹിരാകാശത്ത് ജീവിക്കും, ജോലിചെയ്യാന് റോബോട്ടുകള്; 2045ഓടെ അത് സംഭവിക്കുമെന്ന് ജെഫ് ബെസോസ്
സാങ്കേതികവിദ്യയുടെ വളര്ച്ച പ്രതീക്ഷിക്കുന്നതിലും വേഗത്തിലായിരിക്കും. നിര്ബന്ധ സാഹചര്യം കൊണ്ടല്ല, സ്വന്തം താല്പര്യപ്രകാരമായിരിക്കും ഭൂരിഭാഗം ആളുകളും ബഹിരാകാശത്ത് താമസിക്കാനെത്തുകയെന്നും ബെസോസ് പറഞ്ഞു

ന്യൂയോര്ക്ക്: 2045ഓടെ ദശലക്ഷക്കണക്കിന് ആളുകള് ബഹിരാകാശത്ത് താമസിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ആമസോണ് സ്ഥാപകനും ലോക കോടീശ്വരന്മാരിലൊരാളുമായ ജെഫ് ബെസോസ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലെ അതിവേഗ പുരോഗതി മനുഷ്യരുടെ ജീവിതത്തെ ഭൂമിക്കപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്. ഇറ്റാലിയന് ടെക് വീക്കില് സംസാരിക്കവെയാണ് ബെസോസ് ഭാവിയിലെ ബഹിരാകാശ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ചത്.
അടുത്ത രണ്ട് ദശാബ്ദങ്ങള്ക്കുള്ളില് ഭൂമിക്കപ്പുറം പുതിയൊരു ജീവിതം സാധ്യമാകുമെന്നും ദശലക്ഷക്കണക്കിന് ആളുകള് ബഹിരാകാശത്ത് താമസിക്കുമെന്നാണ് താന് വിശ്വസിക്കുന്നതെന്നും ബെസോസ് പറഞ്ഞു. സാങ്കേതികവിദ്യയുടെ വളര്ച്ച പ്രതീക്ഷിക്കുന്നതിലും വേഗത്തിലായിരിക്കും. നിര്ബന്ധ സാഹചര്യം കൊണ്ടല്ല, സ്വന്തം താല്പര്യപ്രകാരമായിരിക്കും ഭൂരിഭാഗം ആളുകളും ബഹിരാകാശത്ത് താമസിക്കാനെത്തുകയെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര് ഭൂമി വിട്ടുപോകേണ്ട സാഹചര്യമുണ്ടാകുമെന്ന് താന് കരുതുന്നില്ലെന്നും ബെസോസ് കൂട്ടിച്ചേര്ത്തു.
ചന്ദ്രനില് മനുഷ്യര് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടാകുമെന്നും ബെസോസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ചന്ദ്രനിലും മറ്റ് ബഹിരാകാശ മേഖലകളിലും നിര്വഹിക്കേണ്ട ജോലികളില് റോബോട്ടുകള് നിര്ണായക പങ്കുവഹിക്കുമെന്നാണ് ബെസോസിന്റെ പ്രവചനം. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനേക്കാള് ചെലവുകുറഞ്ഞ രീതിയില് റോബോട്ടുകളെ അയച്ച് ജോലികള് പൂര്ത്തിയാക്കാന് കഴിയും. അപകടസാധ്യതയുള്ളതും ശാരീരിക അധ്വാനം ആവശ്യമായതുമായ ജോലികള് റോബോട്ടുകളെ ഏല്പ്പിക്കുന്നത് ബഹിരാകാശ പര്യവേക്ഷണത്തെ കൂടുതല് കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രോപരിതലത്തില് മനുഷ്യവാസ കേന്ദ്രങ്ങള് സ്ഥാപിക്കപ്പെടുന്നതോടെ ഭൂമിയില്നിന്ന് നോക്കുമ്പോള് അവിടത്തെ പ്രകാശം പോലും കാണാനാകുന്ന സാഹചര്യമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എഐ മനുഷ്യരുടെ തൊഴിലവസരങ്ങള് ഇല്ലാതാക്കുമെന്ന ആശങ്കകളോട് വിയോജിച്ച ബെസോസ്, സാങ്കേതിക കണ്ടുപിടിത്തങ്ങള് മനുഷ്യരുടെ ജീവിതനിലവാരം ഉയര്ത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി. പുതിയ കണ്ടുപിടിത്തങ്ങളിലൂടെയാണ് നാഗരികതയുടെ സമൃദ്ധി വര്ധിക്കുന്നതെന്നും കൃഷിയില് വിപ്ലവം സൃഷ്ടിച്ച കലപ്പയുടെ കണ്ടുപിടിത്തം മുതല് സാങ്കേതികവിദ്യ മനുഷ്യര്ക്ക് കൂടുതല് സമ്പത്ത് സൃഷ്ടിക്കാന് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐയും ഈ പുരോഗതിയുടെ തുടര്ച്ചയായിരിക്കുമെന്നാണ് ബെസോസിന്റെ വിലയിരുത്തല്.
Adjust Story Font
16

