സ്നൂക്കറിൽ ഡബിൾ പോട്ട്; രണ്ട് വയസിനിടെ ഗിന്നസ് റെക്കോർഡുകൾ, ലോകത്തെ ഞെട്ടിച്ചൊരു കൊച്ചുമിടുക്കൻ
ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

- Updated:
2026-01-29 14:17:41.0

അവിശ്വസനീയമായ നേട്ടങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ബ്രിട്ടനിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി. രണ്ട് ഗിന്നസ് റെക്കോർഡുകളാണ് ജൂഡ് ഓവൻസിന് എന്ന രണ്ട് വയസുകാരൻ സ്ഥാപിച്ചത്. പൂൾ, സ്നൂക്കർ എന്നിവയിലുള്ള അസാധാരണ കഴിവാണ് ഇതിന് പിന്നിൽ. രണ്ട് വർഷവും 261 ദിവസവും പ്രായമുള്ളപ്പോൾ സ്നൂക്കറിൽ ഡബിൾ പോട്ട് നിർമ്മിച്ചുകൊണ്ട് തന്റെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
സ്നൂക്കറിൽ ഡബിൾ പോട്ട് എന്നത് രണ്ട് പന്തുകൾ നിയമപരമായി ക്യൂ ബോൾ ഉപയോഗിച്ച് വ്യത്യസ്ത പോക്കറ്റുകളിലേക്ക് ഇടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. രണ്ട് കളികളിലും എടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഷോട്ടുകളിൽ ഒന്നാണിത്.
രണ്ട് വർഷവും 302 ദിവസവും പ്രായമുള്ളപ്പോളാണ് ജൂഡിൻ്റെ മറ്റൊരു ലോക റെക്കോർഡ്. പൂളിൽ ഒരു ബാങ്ക് ഷോട്ട് പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായാണത്. ഒരു ബാങ്ക് ഷോട്ടിൽ , ഒബ്‌ജക്റ്റ് ബോൾ പോക്കറ്റിലാക്കുന്നതിന് മുൻപായി ക്യൂ ബോൾ ടേബിളിന്റെ ഒന്നോ അതിലധികമോ റെയിലുകളിൽ തട്ടുന്നു. ഒരു ബാങ്ക് ഷോട്ട് കൃത്യമായി ചെയ്തെടുക്കാൻ വലിയ നൈപുണ്യം ആവശ്യമാണ്. അതിനാൽ തന്നെ ഇതിനെയൊരു ട്രിക്ക് ഷോട്ടായി തരംതിരിച്ചിരിക്കുന്നു.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ജൂഡ് ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതായി അവൻ്റെ പിതാവ് പറയുന്നു. ജൂഡിന് പൊക്കം കുറവായതിനാൽ, സ്നൂക്കർ ടേബിളിൽ എത്താൻ സഹായിക്കുന്നതിനായി ബാർ സ്റ്റൂളുകൾ ഉപയോഗിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. നിലവിൽ, അടുക്കളയിൽ പാചകത്തിനായി ഉപയോഗിച്ചിരുന്ന സ്റ്റൂളാണ് ഉപയോഗിക്കുന്നത്. 2025-ലെ യുകെ ചാമ്പ്യൻഷിപ്പിൽ ജൂഡിന് ഒരു പ്രത്യേക വാക്ക്-ഔട്ട് ലഭിച്ചു. കൂടാതെ സ്നൂക്കറിൽ സ്പോൺസർഷിപ്പ് കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജൂഡ് മാറി.
Adjust Story Font
16
