ഖാബി ലാമിന് വാഹനാപകടം? സോഷ്യൽ മീഡിയ താരത്തിന് സംഭവിച്ചത്?| Fact Check
ഈ വർഷം ഒക്ടോബർ ആദ്യത്തിലാണ് യൂട്യൂബ്, ഫേസ്ബുക്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ തെറ്റിദ്ധാരണ പരത്തിക്കൊണ്ട് വാർത്തകൾ പ്രചരിക്കപ്പെട്ടത്

ഖാബി ലാം Photo: Special arrangement
റോം: ഒന്നും ഉരിയാടാതെ ആംഗ്യങ്ങളിലൂടെയും ഭാവങ്ങളിലൂടെയും മാത്രം ലോകമൊന്നടങ്കം വലിയ തോതിൽ ആരാധകരെ സൃഷ്ടിച്ച ആളാണ് സെനഗലിൽ നിന്നുള്ള ഖാബി ലാം. കൈകളും വിരലുകളും ഉപയോഗിച്ചുകൊണ്ടുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ ഖാബി ലാം അവതരിപ്പിച്ച ടിക് ടോക് വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. പോസ്റ്റുകളെല്ലാം അതിവേഗത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ടെങ്കിലും തന്റെ വ്യക്തിജീവിതത്തെ അതിൽനിന്നെല്ലാം അകറ്റിനിർത്തുന്നതിൽ ഖാബി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
എന്നാൽ അടുത്തിടെ നടന്ന ഒരു വാഹനാപകടത്തിൽ ഖാബി ലാം മരണപ്പെട്ടുവെന്ന പ്രചാരണത്തിൽ വിഷമിച്ചിരിക്കുകയാണ് ആരാധകർ. ഖാബി ലാമിന്റെ മരണവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതെങ്കിലും വാർത്തയുടെ ആധികാരികതയിലേക്ക് അധികമാരും അന്ന് പ്രവേശിച്ചിരുന്നില്ല. എന്താണ് ശരിക്കും ഖാബിക്ക് സംഭവിച്ചത്? യഥാർഥത്തിൽ അത്തരമൊരു അപകടം നടന്നിട്ടുണ്ടോ? എന്നിങ്ങനെയുള്ള ഒരുകൂട്ടം ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ ആരാധകർ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
ഈ വർഷം ഒക്ടോബർ ആദ്യത്തിലാണ് യൂട്യൂബ്, ഫേസ്ബുക്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ തെറ്റിദ്ധാരണ പരത്തിക്കൊണ്ട് വാർത്തകൾ പ്രചരിക്കപ്പെട്ടത്. ഖാബി ലാം ഒരു വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന് ചില സോഷ്യൽ ഹാൻഡിലുകൾ അവകാശപ്പെട്ടിരുന്നു. അപകടത്തിൽ തകർന്ന കാറിന്റെ ഫോട്ടോക്കൊപ്പം തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുകൾ കൂടിയായതോടെ വാർത്ത ഒരുപാടാളുകളിലേക്ക് എത്തി. അതോടൊപ്പം ടിക് ടോക് താരത്തിന്റെ വാളുകളിൽ പോസ്റ്റുകളും കുറഞ്ഞത് പ്രചാരണത്തിന് കൂടുതൽ ശക്തി പകർന്നു.
റോയിട്ടേഴ്സ്, സ്നോപ്സ് തുടങ്ങിയ ഏജൻസികൾ നടത്തിയ വസ്തുതാന്വേഷണത്തിൽ ഖാബി ലാമിന്റെ അപകടവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ വാർത്താ ഏജൻസികളൊന്നും വാർത്ത പുറത്തുവിട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പ്രശസ്തി ആഗ്രഹിച്ച വ്യാജന്മാരായ ചില ക്ലിക്ക് ബൈറ്റ് പേജുകളാണ് വാർത്തയുടെ ഉറവിടമെന്നും ഇവർ കണ്ടെത്തി. അടിസ്ഥാനരഹിതമായ വാർത്തയാണ് പുറത്ത് വന്നതെന്ന് ഒന്നിലധികം സ്രോതസ്സുകൾ പ്രതികരിച്ചത് ഖാബി ലാം ജീവനോടെയുണ്ടെന്ന് സ്ഥിരീകരിക്കുന്നു.
സോഷ്യൽ മീഡിയയിൽ വലിയ ജനപ്രീതിയുള്ള വ്യക്തികളെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജം പടച്ചുവിട്ടുകൊണ്ട് റീച്ച് ഉയർത്താനുള്ള ചില ക്ലിക്ക് ബൈറ്റുകളുടെ ശ്രമമാണിതെന്ന് സോഷ്യൽ മീഡിയ വിദഗ്ധൻ ബിബിസിയോട് പറഞ്ഞു.
ടിക് ടോക്കിൽ 100 മില്യൺ ഫോളോവേഴ്‌സുള്ള യൂറോപ്പിലെ ആദ്യ വ്യക്തിയും ലോകത്തിലെ രണ്ടാമത്തെ വ്യക്തിയും ആണ് ഖാബി. ഖബാനി ലെയിം എന്നാണ് ഈ 21 കാരന്റെ മുഴുവൻ പേര്. എന്നാൽ ഖാബി ലെയിം എന്നാണ് സൈബർ ഇടങ്ങളിൽ അറിയപ്പെടുന്നത്. സെനഗൻ വംശജനായ അദ്ദേഹം ഇറ്റലിയിലാണ് താമസിക്കുന്നത്.
Adjust Story Font
16

