ഖാലിദ ജറാർ; സയണിസത്തെ വിറപ്പിക്കുന്ന ഫലസ്തീൻ ഇടതുപക്ഷ പോരാളി
അഞ്ചുതവണ അറസ്റ്റ് ചെയ്യപ്പെട്ട ഖാലിദയ്ക്കെതിരെ കുറ്റം തെളിഞ്ഞിട്ടുള്ളത് ഒരിക്കൽ മാത്രമാണ്. ഇസ്രായേൽ തീവ്രവാദ സംഘടനയായി 'പ്രഖ്യാപിച്ച' പോപ്പുലർ ഫ്രന്റ് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീനിൽ പ്രവർത്തിച്ചുവന്നതായിരുന്നു ആ കുറ്റം

"കൊന്നോളൂ പക്ഷെ താഴ്ന്നുതരില്ല'"
ഖാലിദ ജെറാർ സയണിസത്തിന്റെ മുഖത്തുനോക്കി വിളിച്ചുപറയുന്നു.
ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഇസ്രായേൽ വിട്ടയച്ച ഫലസ്തീനി തടവുകാരിലെ പ്രധാന പേരാണ് ഖലീദ ജെറാർ. ഫലസ്തീനി ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെയും സയണിസ്റ്റ് വിരുദ്ധ വിമോചന പോരാട്ടത്തിന്റെയും മുന്നണിപ്പോരാളി. ഫലസ്തീനി ഇടതുപക്ഷ പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീന്റെ മുതിർന്ന അംഗം.
1969ൽ വെസ്റ്റ് ബാങ്കിലെ നാബുലസിലാണ് ഖാലിദയുടെ ജനനം. നിരന്തരമായ അറസ്റ്റുകൾക്കും ഇസ്രായേലി സൈന്യത്തിന്റെ അതിക്രമങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും കോളേജ് കാലഘട്ടത്തിലാണ് ഖാലിദ, ഫലസ്തീൻ ദേശീയതാ മുന്നേറ്റത്തിന്റെ ഭാഗമാകുന്നത്. ബിർസീത് സർവകലാശാലയിലെ പഠനത്തിനിടെ വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ സജീവമായി. 1989ൽ ഒന്നാം ഇന്തിഫാദയ്ക്കിടെ, അയ്യായിരത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫലസ്തീന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ മാർച്ച് ഇരുപത്തിയാറുകാരിയായ ഖാലിദ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായിട്ടാണ് ഖാലിദ ആദ്യ അറസ്റ്റ് വരിക്കുന്നത്.
വിട്ടയക്കപ്പെട്ട ഖാലിദ, ശ്രദ്ധ കേന്ദ്രീകരിച്ചത് ഫലസ്തീനി തടവുകാരുടെ അവകാശപോരാട്ടത്തിലായിരുന്നു. 2006 വരെ ധമീർ ഫൌണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിൽ ഭാഗമായിട്ടായിരുന്നു പ്രവർത്തനം. 2006ൽ നടന്ന അവസാന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫലസ്തീൻ ലെജിസ്ലേറ്റീവ് കൌൺസിൽ അംഗമായി ജറാർ തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിലെ പ്രിസൺ കമ്മീഷൻ മേധാവിയായിട്ടായിരുന്നു ഖാലിദയുടെ പ്രവർത്തനം.
ഫലസ്തീൻ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായിരുന്നു ഖാലിദ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സമർപ്പിച്ചത്. ഫ്രാൻസിലെ എലിസീ പാലസിൽ നടന്ന മനുഷ്യാവകാശ ഉച്ചകോടി ഉൾപ്പെടെ ആഗോള വേദികളിൽ ഫലസ്തീനികൾക്കായി ഖാലിദ നിലകൊണ്ടു.
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിലെ ഉറച്ച ശബ്ദമായിയിരുന്നു ഖാലിദ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ഫലസ്തീന്റെ അംഗത്വത്തിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഖാലിദയായിരുന്നു. 2024ൽ അത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയാണ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജയിൽ വാസവും ഇസ്രായേലി ക്രൂരതകളും
2014ൽ വീട്ടിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം, ആറുമാസത്തേക്ക് ജെറിക്കോ എന്ന പ്രദേശത്തക്ക് മാറിത്താമസിക്കണമെന്ന ഉത്തരവ് ഖാലിദയ്ക്ക് കൈമാറി.. അനുസരിക്കാൻ തയാറാകാതിരുന്നതോടെ 2015ൽ രണ്ടാമത്തെ അറസ്റ്റ്. 15 മാസത്തെ തടവിന് ശേഷം മോചിതയായ ഖാലിദയെ 2017ലും പിന്നീട് 2021ലും ഒടുവിൽ 2023 ഡിസംബർ 26നും അകാരണമായി ഇസ്രായേൽ ജയിലിലടച്ചു.
ജയിലിൽ കഴിയവെയാണ്, ഖാലിദയുടെ മാതാപിതാക്കളും രണ്ട് പെൺമക്കളും വളർത്തുമകനും മരിക്കുന്നത്. 2015-ൽ, അച്ഛൻ മരിച്ചപ്പോഴും 2018-ൽ, അമ്മ വിടവാങ്ങിയപ്പോഴും ഖാലിദ ഇസ്രായേലി കസ്റ്റഡിയിലായിരുന്നു. 2021-ൽ രണ്ട് പെൺമക്കളിൽ ഒരാളായ സുഹയും ഖാലിദയെ വിട്ടുപിരിഞ്ഞു. ജയിലിലെ റേഡിയോയിലൂടെയാണ് ആ വിവരം ഖാലിദ അറിയുന്നത്. പ്രിയപ്പെട്ട മകൾ അവസാനമായി ഒരുനോക്ക് കാണാനോ അന്ത്യകർമങ്ങൾ ചെയ്യാനോ ഇസ്രായേൽ ഭരണകൂടം ഖാലിദയെ അനുവദിച്ചില്ല.
2023ലെ അറസ്റ്റിൽ കൊടിയ പീഡനമാണ് ഖാലിദയ്ക്ക് അനുഭവിക്കേണ്ടി വന്നത്. ക്രിസ്മസിന്റെ തൊട്ടടുത്തദിവസം പുലർച്ചെ, ഖാലിദയുടെ റൂമിലേക്ക് മുൻവാതിൽ തകർത്തെത്തിയ ഇസ്രായേലി സൈന്യം, ഇടതുപക്ഷ നേതാവിനെ അക്ഷരാർത്ഥത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഒരു തുടര്‌നടപ
ടികളുമില്ലാതെ ആറുമാസമാണ് ഖാലിദ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിൽ കഴിഞ്ഞത്. അതിനുശേഷം യാതൊരു വിശദീകരണമോ കുറ്റമോ ചുമത്താതെ തടവ് ആറുമാസത്തേക്ക് കൂടി നീട്ടി. 2024 ഓഗസ്റ്റിൽ ആരെയും അറിയിക്കാതെ മറ്റൊരു ജയിലിലേക്ക് മാറ്റിയ ഖാലിദയെ ഏകാന്ത തടവിലാക്കി.
ജനാലകളില്ലാത്ത, വായുസഞ്ചാരം തീരെ കുറഞ്ഞ ഇടുങ്ങിയ മുറിയിൽ ഭൂരിഭാഗ സമയങ്ങളിലും വെള്ളം പോലും ഉണ്ടായിരുന്നില്ല... മുറിയുടെ വാതിലിന് ഇടയിലെ വിടവിലൂടെയാണ് താൻ ശ്വസിച്ചിരുന്നതെന്നും ബാത്രൂം ഉപയോഗിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ വെള്ളം പോലും അധികം കുടിച്ചിരുന്നില്ലെന്നും ഖാലിദ പറയുന്നു.
അഞ്ചുതവണ അറസ്റ്റ് ചെയ്യപ്പെട്ട ഖാലിദയ്ക്ക്തിരെ കുറ്റം തെളിഞ്ഞിട്ടുള്ളത് ഒരിക്കൽ മാത്രമാണ്. ഇസ്രായേൽ തീവ്രവാദ സംഘടനയായി 'പ്രഖ്യാപിച്ച' പോപ്പുലർ ഫ്രന്റ് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീനിൽ പ്രവർത്തിച്ചുവന്നതായിരുന്നു ആ കുറ്റം. അങ്ങനെ ശാരീരികമായും മാനസികമായും വലിയ പീഡനങ്ങൾ സയണിസം ഖാലിദയ്ക്കെതിരെ പുറത്തെടുത്തു.
ഫലസ്തീനികളുടെ വിമോചനത്തിനായി ശബ്ദിച്ചുവെന്നതായിരുന്നു ഖാലിദയിൽ സയണിസം കണ്ട ഏറ്റവും വലിയ തെറ്റ്. പക്ഷെ ഒരിക്കൽ പോലും തന്റെ ഉറച്ച ബോധ്യങ്ങളിൽനിന്ന് പിന്മാറാൻ ആ ധീര വനിത തയാറായില്ല. അതുകൊണ്ടുതന്നെയാണ് ഖാലിദ ജെറാർ എന്ന പേര് ഇസ്രായേലിനെ ഇപ്പോഴും വിറളിപിടിപ്പിക്കുന്നത്. അവരുടെ നിശ്ചയദാർഢ്യത്തിനെ ഒരുകാലത്തും ഇസ്രായലിനെ അതിജയിക്കാൻ സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഖാലിദ ജറാറിനെതിരായ നിരന്തര സയണിസ്റ്റ് വേട്ടയാടൽ.
Adjust Story Font
16

