ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി അലി ഖാംനഈ
12 ദിവസത്തെ സംഘർഷത്തിന് ശേഷം ജൂൺ 24നാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നത്

തെഹ്റാന്‍: ഇസ്രായേലും ഇറാനും തമ്മിലെ സംഘർഷത്തിനുശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. സെന്‍ട്രല്‍ തെഹ്റാനില്‍ മുഹറവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ഖാംനഈ പ്രത്യക്ഷപ്പെട്ടത്.
പരിപാടിയില്‍ പങ്കെടുത്തെങ്കിലും അദ്ദേഹം പ്രസംഗിക്കുകയോ പൊതു പ്രസ്താവനകളോ നടത്തിയില്ലെന്ന് ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാംനഈ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ എഴുന്നേറ്റു നിന്ന ജനക്കൂട്ടത്തിന് നേരെ കൈവീശുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഇസ്രായേലുമായി സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഖാംനഈ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കിയിരുന്നു.
ജൂൺ 22ന് ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി ഇസ്രായേൽ ആക്രമണങ്ങളിൽ പങ്കുചേർന്ന അമേരിക്ക, ഖാംനഈക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിയൻ നേതാവ് എവിടെയാണെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തെ വധിക്കാന്‍ പദ്ധതിയില്ലെന്നുമായിരുന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നത്. അമേരിക്ക സമ്മതം മൂളിയാല്‍ ഖാംനഈയെ വധിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയിരുന്നു.
അതേസമയം ഭീഷണികളെ തള്ളിക്കളഞ്ഞ അദ്ദേഹം, ജൂൺ 26ന് സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പ്രസ്താവനയിലൂടെ , കീഴടങ്ങണമെന്ന ട്രംപിന്റെ ആഹ്വാനം നിരസിക്കുകയും ചെയ്തിരുന്നു. ഖത്തറിലെ യുഎസ് വ്യോമതാവളം ആക്രമിച്ചതിലൂടെ അമേരിക്കയുടെ മുഖത്തൊരു അടി നൽകിയെന്നും വ്യക്തമാക്കിയിരുന്നു. 12 ദിവസത്തെ സംഘര്‍ഷത്തിന് ശേഷം ജൂൺ 24നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നത്.
Adjust Story Font
16

