Quantcast

ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ചു കാണിക്കുന്നു; ആയത്തുല്ല അലി ഖാംനഇ

ഇസ്രായേൽ-ഇറാൻ വെടിനിര്‍ത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    27 Jun 2025 11:23 AM IST

Khamenei
X

തെഹ്റാൻ: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ചു കാണിക്കുകയാണെന്ന് ഇറാന്‍റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ. ഇസ്രായേൽ-ഇറാൻ വെടിനിര്‍ത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേലിനെതിരായ ഇറാന്‍റെ വിജയം എന്നാണ് ഖാംനഇ ഒരു ടെലിവിഷൻ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഒരിക്കലും വഴങ്ങില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം വാഷിംഗ്ടണിന്‍റെ മുഖത്തേറ്റ അടിയാണെന്നും പറഞ്ഞു. "അമേരിക്കൻ പ്രസിഡന്‍റ് സംഭവങ്ങളെ അസാധാരണമായ രീതിയിൽ പെരുപ്പിച്ചു കാണിച്ചു, അദ്ദേഹത്തിന് ഈ അതിശയോക്തി ആവശ്യമാണെന്ന് മനസ്സിലായി'' ഇറാന്‍റെ ആണവ പദ്ധതി പതിറ്റാണ്ടുകൾ പിന്നോട്ട് പോയെന്ന യുഎസ് വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഖാംനഇ വ്യക്തമാക്കി. ഇറാന്‍റെ ആണവ സൗകര്യങ്ങൾക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. എന്നിരുന്നാലും, യുഎസ് ആക്രമണങ്ങൾ വിനാശകരമാണെന്ന് ട്രംപ് വാദിച്ചു.ഇറാന്‍റെ ഫൊര്‍ദോ പ്ലാന്‍റ് ഉൾപ്പെടെയുള്ളവ അമേരിക്കൻ ബി-2 ബോംബറുകൾ നശിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ആക്രമണത്തിന് തൊട്ടുമുൻപ് ഇറാൻ യുറേനിയം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന വാദത്തെയും ട്രംപ് തള്ളിക്കളഞ്ഞു. "ഒന്നും പുറത്തെടുത്തിട്ടില്ല... വളരെ അപകടകരമാണ്, വളരെ ഭാരമുള്ളതും നീക്കാൻ പ്രയാസമുള്ളതുമാണ്!" അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

"ഇസ്‍ലാമിക് റിപ്പബ്ലിക് വിജയിച്ചു, പ്രതികാരമായി അമേരിക്കയുടെ മുഖത്ത് കനത്ത പ്രഹരം ഏൽപ്പിച്ചു" എന്ന് പറഞ്ഞുകൊണ്ട് ഖാംനഇ അത്തരം അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. എന്നാൽ ചരിത്രപരമായ വിജയമെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. അതേസമയം ഇറാന്‍റെ മിസൈൽ പ്രതികാരം ഇസ്രായേലിനെ തകർച്ചയുടെ വക്കിലെത്തിച്ചതായി ഖാംനഇയും ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ ഓപ്പറേഷനെ തെറ്റായി ചിത്രീകരിച്ചുവെന്ന് പെന്‍റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് ആരോപിച്ചു.ഫൊര്‍ദോ ആണവ നിലയത്തിലും മറ്റൊരു ഭൂഗർഭ സൈറ്റിലും അമേരിക്ക GBU-57 ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായും അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ടോമാഹോക്ക് മിസൈലുകൾ മൂന്നാമത്തെ കേന്ദ്രത്തെ ലക്ഷ്യമിട്ടതായും അദ്ദേഹം പറഞ്ഞു."യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യങ്ങൾ പ്രസിഡന്‍റ് ട്രംപ് സൃഷ്ടിച്ചു. ഇറാന്‍റെ ആണവ ശേഷികളെ ഇല്ലാതാക്കി'' ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഎസ് വ്യോമാക്രമണത്തിന് മുൻപ് മൂന്ന് ആണവകേന്ദ്രങ്ങളിൽ നിന്നായി 400 കിലോഗ്രാം യുറേനിയം ഇറാൻ രഹസ്യമായി നീക്കം ചെയ്തോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.

ആണവ പദ്ധതി പുനരാരംഭിക്കുന്നത് അമേരിക്ക തടയുമെന്ന് യുഎസ് ഡെപ്യൂട്ടി ജെ.ഡി വാൻസ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. "ഭാവിയിൽ ഒരു ആണവായുധം നിർമിക്കുമെങ്കിൽ, അവർക്ക് വീണ്ടും വളരെ ശക്തമായ ഒരു അമേരിക്കൻ സൈന്യത്തെ നേരിടേണ്ടിവരും," എന്നാണ് വാൻസ് പറഞ്ഞത്.

TAGS :

Next Story