'ഇസ്രായേലിനെതിരെ യുദ്ധം തുടങ്ങി'; ട്രംപിന്റെ ഭീഷണിക്ക് മുട്ടുമടക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു

തെഹ്റാന്‍: ഇസ്രായേലിനെതിരെ യുദ്ധം തുടങ്ങിയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് മുട്ടുമടക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആയത്തുല്ല അലി ഖാംനഈ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാർഗറ്റ് ആണെന്നും യുഎസ് പ്രസിഡന്‍റ് ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഖാംനഈ യുദ്ധം തുടങ്ങിയെന്ന് പറയുന്ന സോഷ്യല്‍മീഡിയ പോസ്റ്റ് പങ്കുവെച്ചത്.
യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകാൻ അമേരിക്ക തയ്യാറാകുന്നതായാണ് സൂചന. ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ഇസ്രായേലിന്‍റെ ചാനൽ 12 ആണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധത്തിനിറങ്ങുന്നതിനെതിരെ ട്രംപ് ടീമിൽ തന്നെ ഭിന്നതയുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇറാനിൽ ലക്ഷ്യം നേടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
അതിനിടെ യുഎസ് സുരക്ഷാ കൗൺസിൽ യോഗം അവസാനിച്ചു. ഒരു മണിക്കൂർ 20 മിനിറ്റായിരുന്നു ട്രംപ് പങ്കെടുത്ത യോഗം നീണ്ടത് . ബങ്കർബസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത് ചർച്ചയായെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇസ്രായേലിന് റീഫ്യുവൽ എയർക്രാഫ്റ്റുകൾ നൽകുന്നതും ചർച്ചയായി. യോഗത്തിലെ തീരുമാനങ്ങൾ പുറത്ത് വിട്ടിട്ടില്ല. അതിനിടെ, ഇറാനെ ആക്രമിക്കാൻ യുഎസ് തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനെ നേരിട്ട് ആക്രമിക്കുന്നത് പല ഓപ്ഷനുകളിൽ ഒന്ന് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇസ്രയേലിന്റെ എഫ്-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. പിടിക്കപ്പെട്ട ഇസ്രായേലി പൈലറ്റുമാരുടെ വീഡിയോ ഉടൻ പുറത്ത് വിടുമെന്ന് ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ട് ഇസ്രായേലി യുദ്ധവിമാന പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്നും അവരിൽ ഒരാൾ സ്ത്രീയാണെന്നും ഇറാൻ അധികൃതർ അവകാശപ്പെടുന്നു. അതേസമയം, എഫ്-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതിനെക്കുറിച്ചോ പൈലറ്റുമാരിൽ ആരെയെങ്കിലും കാണാതായതിനെക്കുറിച്ചോ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിമാനം തിരിച്ചറിയുകയും മിസൈൽ ഉപയോഗിച്ച് ഇസ്രായേലിന്റെ എഫ്-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിടുകയുമായിരുന്നെന്ന് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16

