Quantcast

ഇറാനെ ആക്രമിച്ചാല്‍ അതൊരു മേഖലാ യുദ്ധമാകും; യുഎസിന് ഖാംനഈയുടെ മുന്നറിയിപ്പ്

'എണ്ണയും പ്രകൃതിവാതകവും ഉള്‍പ്പെടെയുള്ള ഇറാൻ്റെ വിഭവങ്ങള്‍ പിടിച്ചെടുക്കാനാണ് യുഎസിൻ്റെ ആഗ്രഹം. അതാണ് അവരുടെ നീക്കങ്ങളുടെ പിന്നിലെ യഥാര്‍ഥ കാരണം'

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-02-01 17:24:06.0

Published:

1 Feb 2026 8:10 PM IST

Khamenei warns US of ‘regional war’ if Iran is attacked
X

തെഹ്‌റാന്‍: തങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും മേഖലാ യുദ്ധത്തിലേക്ക് നയിക്കുമെന്ന് യുഎസിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യയില്‍ സൈനിക വിന്യാസം ശക്തമാക്കുന്നതിനിടെയാണ് ഖാംനഈയുടെ മുന്നറിയിപ്പ്.

'ഇത്തവണ ഒരു യുദ്ധം തുടങ്ങിവെച്ചാല്‍ അതൊരു മേഖലാ യുദ്ധമായി മാറുമെന്ന് അവര്‍ മനസ്സിലാക്കണം. എണ്ണയും പ്രകൃതിവാതകവും ഉള്‍പ്പെടെയുള്ള ഇറാന്റെ വിഭവങ്ങള്‍ പിടിച്ചെടുക്കാനാണ് യുഎസിന്റെ ആഗ്രഹം. അതാണ് അവരുടെ നീക്കങ്ങളുടെ പിന്നിലെ യഥാര്‍ഥ കാരണം. മനുഷ്യാവകാശം ഉള്‍പ്പെടെ അവര്‍ സംസാരിക്കുന്ന മറ്റു കാര്യങ്ങളെല്ലാം പൊള്ളയാണ്' -തെഹ്‌റാനില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ഖാംനഈ പറഞ്ഞു. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ കപ്പലുകളെയും യുദ്ധവിമാനങ്ങളെയും യുഎസ് പശ്ചിമേഷ്യയിലേക്ക് അയച്ച പശ്ചാത്തലത്തിലാണ് ഖാംനഈയുടെ മുന്നറിയിപ്പ്.

ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുല്ല ഖുമൈനിയുടെ ഖബറിടം സന്ദര്‍ശിക്കാനാണ് ആയത്തുല്ല അലി ഖാംനഈ എത്തിയത്. ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ശേഷം ഖാംനഈ ആദ്യമായാണ് പൊതുവിടത്തിലെത്തിയത്. അമേരിക്കന്‍ ആക്രമണം ഭയന്ന് ഖാംനഈയെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയെന്ന പ്രചാരണങ്ങളാണ് ഇതോടെ പൊളിഞ്ഞത്.

അടുത്തിടെയുണ്ടായ രാജ്യദ്രോഹ പ്രക്ഷോഭങ്ങള്‍ അട്ടിമറിക്ക് സമാനമായിരുന്നെന്നും എന്നാല്‍ അതിനെ അടിച്ചമര്‍ത്താന്‍ സാധിച്ചുവെന്നും ഖാംനഈ പറഞ്ഞു. 'രാജ്യഭരണം നടത്തുന്ന കേന്ദ്രങ്ങളെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ പൊലീസിനെയും സര്‍ക്കാര്‍ കേന്ദ്രങ്ങളെയും ഐആര്‍ജിസി കേന്ദ്രങ്ങളെയും ബാങ്കുകളെയും പള്ളികളെയും ആക്രമിച്ചു. ഖുര്‍ആന്‍ കത്തിച്ചു' -ഖാംനഈ പറഞ്ഞു.

പണപ്പെരുപ്പം, കറന്‍സിയുടെ മൂല്യത്തകര്‍ച്ച, ജീവിതച്ചെലവ് വര്‍ധിച്ചത് എന്നിവ മുന്‍നിര്‍ത്തിയുള്ള ജനങ്ങളുടെ പ്രതിഷേധം ഇറാനിലെ ഭരണമാറ്റത്തിലേക്ക് അമേരിക്ക വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ഇതിന് പിന്നാലെ, ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് മേഖലയില്‍ വന്‍ സൈനികവിന്യാസം ആരംഭിച്ചത്.

എന്നാല്‍, യുഎസുമായി പുതിയ ആണവ ചര്‍ച്ച പരിഗണനയില്‍ ഇല്ലെന്നാണ് ഇറാന്‍ ഏറ്റവുമൊടുവില്‍ വ്യക്തമാക്കിയത്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അടിച്ചേല്‍പ്പിച്ചാല്‍ ശത്രുവിന്റെ കേന്ദ്രങ്ങള്‍ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിക്കും. ഏതെങ്കിലും തരത്തിലുള്ള ആക്രമണം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാല്‍, മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

TAGS :

Next Story