കിം ജോങ് ഉന്‍ എവിടെ? മരിച്ചെന്ന പ്രചാരണങ്ങൾക്ക് പിന്നിലെന്ത്? അഭ്യൂഹങ്ങള്‍ക്കിടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഉത്തരകൊറിയ
കിമ്മിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ, അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങ്ങാണ് നിലവില്‍ ഉത്തരകൊറിയ ഭരിക്കുന്നതെന്നും പ്രചാരണമുണ്ടായിരുന്നു

- Published:
21 Oct 2026 11:27 AM IST

പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരണപ്പെട്ടെന്നും കോമയിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെ സുപ്രധാന ചിത്രങ്ങള്‍ പങ്കുവെച്ച് ഉത്തരകൊറിയ. കിം ഉത്തരകൊറിയയിലെ പാദരക്ഷാ പ്രദര്‍ശന ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മുന്‍ പുറത്തുവിട്ടത്. ചൈനയിലെ ഡെമോക്രാറ്റിക് പാർട്ടിയംഗവും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുമായ വാഞ്ജുന്‍ ഷീയുടെ എക്സിലൂടെയുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് ഔദ്യോഗിക പത്രത്തിന്റെ നിര്‍ണായക ഇടപെടലെന്നതും ശ്രദ്ധേയമാണ്.
42-കാരനായ കിം ഇതിനോടകം കൊല്ലപ്പെട്ടുവെന്നും കോമയിലാണെന്നും ബീജിങ്ങിലെ ആശുപത്രിയിലേക്ക് വിദഗ്ധ പരിചരണത്തിനായി മാറ്റിയിരിക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഔദ്യോഗിക പത്രം പുറത്തുവിട്ട ചിത്രത്തില്‍, പിങ്ക് വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ കൈയിലെ പിങ്ക് ഷൂവിലേക്ക് കിം സസൂക്ഷ്മം ശ്രദ്ധ കൊടുത്തിരിക്കുന്നത് കാണാം. കൂടെയുണ്ടായിരുന്ന ഒഫീഷ്യലുകള്‍ക്ക് കിം നിര്‍ദേശം നല്‍കുന്നതാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.
മാനുക്വിനില്‍ പ്രദര്‍ശനത്തിന് വെച്ച സ്ത്രീകളുടെ ഓവര്‍ കോട്ടിന്റെ ഗുണമേന്മ പരിശോധിക്കുന്നതായാണ് മൂന്നാമത്തെ ചിത്രം. അദ്ദേഹത്തിന്റെ നീക്കങ്ങളോരോന്നും പിന്തുടരുന്ന ഒഫീഷ്യലുകളെയും ചിത്രത്തില്‍ കാണാനാകും.
കിമ്മിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചും മരണവാര്‍ത്തയെ കുറിച്ചുമെല്ലാം ചൈന ഡെമോക്രസി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാന്‍ജുന്‍ ഷി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എക്‌സില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ആരോപണങ്ങളെ സമൂഹമാധ്യമങ്ങളൊന്നടങ്കം ഏറ്റെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് റോഡോങ് സിന്‍മുന്‍ പത്രത്തിന്റെ വെളിപ്പെടുത്തല്‍.
കിം ജോങ് ഉന്‍ ഇതിനോടകം മരിച്ചിട്ടുണ്ടെന്നും, പിന്തുടര്‍ച്ചാവകാശ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ബീജിങ്ങില്‍ നിന്നുള്ള 9,000 സൈനികരെ പ്യോങ്യാങിലേക്ക് അയച്ചിട്ടുണ്ടെന്നുമാണ് വാന്‍ജുന്‍ ആരോപിച്ചിരുന്നത്. കിമ്മിന്റെ ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് ബീജിങ്ങിലെ പെക്കിങ് യൂണിയണ്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ നോര്‍ത്ത് കൊറിയയിലേക്ക് പറഞ്ഞയച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രചരിപ്പിക്കുകയുണ്ടായി. ചികിത്സാശ്രമങ്ങള്‍ക്കിടെ കിം ബോധരഹിതനായെന്നും ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാനായില്ലെന്നും വാന്‍ജുന്‍ എക്‌സ് അക്കൗണ്ടിലൂടെ അവകാശവാദങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അതേസമയം, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹത്തിന്റെ ആരോപണങ്ങളേറെയും.
കിമ്മിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ, അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങ്ങാണ് നിലവില്‍ ഉത്തരകൊറിയ ഭരിക്കുന്നതെന്നും പ്രചാരണമുണ്ടായിരുന്നു. ഇതെല്ലാം സമൂഹമാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്ത് കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഏറ്റവുമൊടുവിലത്തെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതാദ്യമായല്ല ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ ആരോഗ്യത്തെ കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത്. നേരത്തെ, 2020-ല്‍ ഉത്തരകൊറിയന്‍ വിമതനായ ജീ സ്യൂങ് ഹോയും കിം ജോങ് ഉൻ മരിച്ചെന്ന് അവകാശവാദമുന്നയിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്കിടെ കിം മരണത്തിന് കീഴടങ്ങിയെന്നായിരുന്നു അവകാശവാദം. എന്നാല്‍, അധികം വൈകാതെ കിം പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ജീ സ്യൂങ് ഖേദപ്രകടനം നടത്തുകയുമായിരുന്നു.
Adjust Story Font
16
