ഇസ്രായേൽ ഷെല്ലാക്രമണം; ലബനാനിൽ ക്രൈസ്തവ പുരോഹിതൻ കൊല്ലപ്പെട്ടു, അനുശോചനമറിയിച്ച് മാര്‍പ്പാപ്പ
തിങ്കളാഴ്ച ലബനാന്‍ അതിര്‍ത്തി പ്രദേശമായ ക്ലായയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് വൈദികൻ കൊല്ലപ്പെട്ടത്

- Updated:
2026-03-12 09:27:33.0

ബെയ്‌റൂത്ത്: ലബനാനില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ ക്രൈസ്തവ പുരോഹിതന് ദാരുണാന്ത്യം. തെക്കന്‍ ലബനാനിലെ മരോണൈറ്റ് കത്തോലിക്ക് പുരോഹിതന്‍ ഫാദര്‍ പിയറി അല്‍റായിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലെ ആക്രമണത്തില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടതായി ലബനാന്‍ മാധ്യമങ്ങളും കത്തോലിക്ക് അധികൃതരും സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ലബനാന്‍ അതിര്‍ത്തി പ്രദേശമായ ക്ലായയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാനെത്തിയതായിരുന്നു ഫാദര്‍ പിയറിയും സംഘവും. ഇവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം(ഐഡിഎഫ്)യുദ്ധ ടാങ്ക് ഉപയോഗിച്ച് കനത്ത ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പുരോഹിതന് സംഭവസ്ഥലത്ത് വെച്ചുതന്നെ ജീവന്‍ നഷ്ടപ്പെട്ടതായി ഇസ്രായേല്‍ മാധ്യമം സ്ഥിരീകരിച്ചു.
ഫാദര്‍ പിയറി അല്‍റായിയുടെ മരണത്തില്‍ മാര്‍പ്പാപ്പ അനുശോചനമറിയിച്ചു. സമീപകാലത്തെ യുദ്ധസാഹചര്യത്തില്‍ കൊല്ലപ്പെട്ടവര്‍ക്കെല്ലാം വേണ്ടി പ്രാര്‍ഥനയോടെ അനുശോചനമറിയിക്കുന്നുവെന്ന് ലിയോ പതിനാലാമന്‍ ടെലഗ്രാമില്‍ പ്രതികരിച്ചു. 'ഏതാനും ദിവസങ്ങളിലായി മിഡില്‍ ഈസ്റ്റിലും മറ്റുമായി നടക്കുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിരപരാധികളായ എല്ലാ മനുഷ്യര്‍ക്കും, അല്‍പ്പം മുന്‍പ് ക്ലായയില്‍ കൊല്ലപ്പെട്ട ഫാദര്‍ പിയറിക്കും പ്രാര്‍ഥനകള്‍..ലോകസമാധാനത്തിന് ക്ഷതം വരുത്തുന്ന ശത്രുക്കളെല്ലാം എത്രയും വേഗം പരാജയപ്പെട്ടുപോകട്ടെ'. അദ്ദേഹം ടെലഗ്രാമില്‍ കൂട്ടിച്ചേര്‍ത്തു.
ലബനനിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത ആക്രമണങ്ങള്‍ നടന്നത്. ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കില്‍ നിന്നുള്ള പീരങ്കിയില്‍ നിന്ന് തുടര്‍ച്ചയായി ഷെല്ലാക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും പ്രതികരിച്ചു. അതിനിടെ അമേരിക്കയും ഇസ്രായേലും ഇറാന്റെ അവകാശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമായും മൂന്ന് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഇറാന്റെ പരമാധികാരം പൂര്‍ണമായും അംഗീകരിക്കുക, യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ സംഘര്‍ഷമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുക എന്നീ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാന്‍ പ്രസിഡന്റിന്റെ നിലപാട്.
Adjust Story Font
16
