'ഞാനൊറ്റയ്ക്കാണ് കഴിയുന്നത്, ആരോടും മിണ്ടാൻ തോന്നുന്നില്ല, മക്കളോട് പോലും...'; മാസങ്ങളായിട്ടും മാനസികാഘാതം വിട്ടുമാറാതെ അഹമ്മദാബാദ് ദുരന്തത്തിലെ അതിജീവിതൻ
അപകടം കഴിഞ്ഞ് അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ, താൻ കടന്നുപോകുന്ന മാനസിക പ്രയാസത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ രമേശ്.

Photo| Special Arrangement
ന്യൂഡൽഹി: ലോകത്തെയാകെ ഞെട്ടിച്ച വിമാനദുരന്തമായിരുന്നു കഴിഞ്ഞ ജൂൺ 12ന് അഹമ്മദാബാദിലുണ്ടായത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ള യാത്രക്കാരും പൈലറ്റും മറ്റ് ജീവനക്കാരുമുൾപ്പെടെ 241 ജീവനുകൾ പൊലിഞ്ഞ ആ മഹാദുരന്തത്തിൽ അത്യത്ഭുതകരമായി ഒരാൾ രക്ഷപെട്ടത് നമുക്കോർമയുണ്ട്. തകർന്നുവീണ വിമാനത്തിൽനിന്ന് തെറിച്ചുവീണിടത്തു നിന്നും എഴുന്നേറ്റ് നടന്നു നീങ്ങിയ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ വിശ്വാഷ്കുമാർ രമേശ്... ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ബ്രിട്ടനിലെ ലെസ്റ്ററിലെ വീട്ടിലേക്ക് തിരിച്ചെത്തിയ രമേശ് ഇപ്പോഴും ആ ദുരന്തം സൃഷ്ടിച്ച ശാരീരിക- മാനസികാഘാതത്തിൽ നിന്നും മോചിതനായിട്ടില്ല.
അപകടം കഴിഞ്ഞ് അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ, താൻ കടന്നുപോകുന്ന മാനസിക പ്രയാസത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ രമേശ്. വീട്ടിൽ താൻ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും ഭാര്യയോടും മകനോടും പോലും സംസാരിക്കുന്നില്ലെന്നും രമേശ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 'ഞാൻ മാത്രമായിരുന്നു ദുരന്തത്തെ അതിജീവിച്ച ഏക ആൾ. അതിപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല. അതൊരു അത്ഭുതമാണ്'"- രമേശ് മനസ് തുറന്നു.
ദുരന്തത്തിൽ തന്റെ എല്ലാമെല്ലാമായ അനുജനെ നഷ്ടമായതിന്റെ തീരാവേദനയും രമേശ് പങ്കുവച്ചു. 'എനിക്കെന്റെ സഹോദരനെ നഷ്ടമായി. അവനായിരുന്നു എന്റെ നട്ടെല്ല്. എല്ലാ കാര്യത്തിനും എനിക്കവന്റെ പിന്തുണയുണ്ടായിരുന്നു'- രമേശ് കണ്ണുനീരോടെ പറഞ്ഞു. 'ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. ഞാൻ എന്റെ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നു. എന്റെ ഭാര്യയോടും മകനോടും പോലും സംസാരിക്കുന്നില്ല. വീട്ടിൽ തനിച്ചിരിക്കാനാണ് ഇപ്പോൾ എനിക്കിഷ്ടം'- അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തനിക്കും കുടുംബത്തിനും ഇതുവരെ ആ ദുരന്തവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ഇളയ സഹോദരൻ തങ്ങളുടെ കൂടെയില്ലാത്തത് വിഷമം ഏറ്റുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'അപകടത്തിന് ശേഷം ഞാൻ ശാരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ നാല് മാസമായി, അമ്മ ഒന്നും സംസാരിക്കാതെ വാതിലിനു പുറത്ത് ഇരിക്കുകയാണ്. ഞാനും ആരോടും സംസാരിക്കുന്നില്ല. ആരോടും സംസാരിക്കാൻ എനിക്കാവുന്നില്ല. എനിക്ക് കൂടുതലൊന്നും സംസാരിക്കാൻ കഴിയില്ല. രാത്രി മുഴുവൻ ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. മാനസികമായി കഷ്ടപ്പെടുകയാണ് ഞാൻ. എല്ലാ ദിവസവും കുടുംബം വേദനയിലൂടെയാണ് കടന്നുപോകുന്നത്'- അദ്ദേഹം വിവരിച്ചു.
വിമാനത്തിന്റെ ഫ്യൂസ്‌ലേജിലെ ദ്വാരത്തിലൂടെയാണ് താൻ രക്ഷപെട്ടതെന്നും രമേശ് പറഞ്ഞു. കാലിലും തോളിലും കാൽമുട്ടിലും പുറത്തും തുടർച്ചയായ വേദന കാരണം ജോലി ചെയ്യാനോ വാഹനമോടിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ജൂൺ 12 ഉച്ചയ്ക്കായിരുന്നു അപകടം. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
Adjust Story Font
16

