Quantcast

ഫലസ്തീന് ഐക്യദാര്‍ഢ്യം; എഡ് ഷീരന്റെ യുഎസ് സംഗീത പര്യടനത്തില്‍ നിന്ന് മാക്കിള്‍മോറിനെ നീക്കി

ഷീരന്റെ 'ലൂപ്പ് ടൂറി'ല്‍ നിന്നാണ് മാക്കിള്‍മോറിനെ മാറ്റി നിര്‍ത്തിയത്

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-09-15 16:49:19

Published:

15 Sept 2026 10:13 PM IST

ഫലസ്തീന് ഐക്യദാര്‍ഢ്യം; എഡ് ഷീരന്റെ യുഎസ് സംഗീത പര്യടനത്തില്‍ നിന്ന് മാക്കിള്‍മോറിനെ നീക്കി
X

വാഷിങ്ടണ്‍: ഫലസ്തീന് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രാമി ജേതാവായ റാപ്പര്‍ മാക്കിള്‍മോറിനെ ഗായകന്‍ എഡ് ഷീരന്റെ അമേരിക്കന്‍ സംഗീത പര്യടനത്തില്‍ നിന്ന് ഒഴിവാക്കി. ഷീരന്റെ 'ലൂപ്പ് ടൂറി'ല്‍ നിന്നാണ് മാക്കിള്‍മോറിനെ മാറ്റി നിര്‍ത്തിയത്.

സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ ന്യൂജേഴ്‌സിയിലെ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ മാക്കിള്‍മോര്‍ 'ഫ്രീ ഫലസ്തീന്‍' എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. ഫലസ്തീന് ജനതയ്ക്ക് വേണ്ടി സംസാരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പരിപാടിയുടെ സംഘാടകരും സ്റ്റേഡിയം ഉടമകളും ഇസ്രായേല്‍ അനുകൂലികളില്‍ നിന്നും വലിയ സമ്മര്‍ദമാണ് നേരിട്ടത്.

പിന്നാലെ മാക്കിള്‍മോറിനെ ലൂപ്പ് ടൂറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പരിപാടിയുടെ പ്രത്യേക ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു മാക്കിള്‍മോറിന്റെ സാന്നിധ്യം.

പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതില്‍ തനിക്ക് എഡ് ഷീരനോട് യാതൊരു വിരോധവുമില്ലെന്നും തങ്ങള്‍ വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണെന്നും മാക്കിള്‍മോര്‍ പറഞ്ഞു. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന തിരിച്ചടി ഒന്നുമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

'ഞാന്‍ ഇരയല്ല, എഡ് ഷീരനും ഒരു ഇരയല്ല. യഥാര്‍ത്ഥ ഇരകള്‍ ഫലസ്തീന്‍ ജനതകളാണ്. ഗസ്സയില്‍ 20,000ത്തിലധികം കുട്ടികള്‍ മരിച്ചു. ഞാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് പൈസ, ബ്രാന്‍ഡ്, ടൂര്‍ അങ്ങനെയെല്ലാം നഷ്ടപ്പെട്ടേക്കാം. പക്ഷെ അടിച്ചമര്‍ത്തുന്നവനും അടിച്ചമര്‍ത്തപ്പെടുന്നവനും നടുവില്‍ നിഷ്പക്ഷമായി നില്‍ക്കാന്‍ പറ്റില്ല,' എന്നും മാക്കിള്‍മോര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മാക്കിള്‍മോറിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുടക്കം മുതല്‍ക്കേ ഫലസ്തീന് വേണ്ടി ശബ്ദമുയര്‍ത്തുന്ന വ്യക്തി കൂടിയാണ് മാക്കിള്‍മോര്‍. ത്രിഫ്റ്റ് ഷോപ്പ്, സെയിം ലവ് എന്നീ ആല്‍ബങ്ങളിലൂടെയാണ് മാക്കിള്‍മോര്‍ ആഗോള ശ്രദ്ധ നേടിയത്.

TAGS :

Next Story