Quantcast

മാര്‍പാപ്പയുടെ സദസില്‍ 'സ്‌പൈഡര്‍മാന്‍'; കൗതുകമായി സര്‍പ്രൈസ് അതിഥി

ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞുങ്ങളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സ്പൈഡര്‍മാന്‍. ഇതിനിടയിൽ അൽപനേരം മാർപാപ്പയുടെ സദസിലുമിരുന്നു. കുട്ടികൾക്കായി ചെയ്തുവരുന്ന സേവനപ്രവർത്തനങ്ങള്‍ വിശദീകരിച്ചപ്പോൾ മാർപാപ്പ എല്ലാ അനുഗ്രഹവും ചൊരിഞ്ഞു

MediaOne Logo

Web Desk

  • Published:

    24 Jun 2021 11:41 AM GMT

മാര്‍പാപ്പയുടെ സദസില്‍ സ്‌പൈഡര്‍മാന്‍; കൗതുകമായി സര്‍പ്രൈസ് അതിഥി
X

വത്തിക്കാനിൽ എല്ലാ ആഴ്ചയും ഫ്രാന്‍സിസ് മാർപാപ്പയുടെ പ്രത്യേക സദസ് നടക്കാറുണ്ട്. വിശ്വാസികൾക്ക് അനുഗ്രഹം നൽകുകയും പുതിയ സന്ദേശങ്ങൾ കൈമാറുകയുമാണ് സാധാരണ സദസിൽ നടക്കാറ്. എല്ലാ ബുധനാഴ്ചയും നടക്കുന്ന ഈ പ്രതിവാര സദസിൽ മാർപാപ്പയിലായിരിക്കും വിശ്വാസികളുടെ കണ്ണും കാതുമെല്ലാം. എന്നാൽ, കഴിഞ്ഞ ദിവസം ആ പതിവ് തെറ്റിച്ചു സദസിൽ വന്നിരുന്ന ഒരു അതിഥി; ആളുകളുടെയെല്ലാം ശ്രദ്ധ കവർന്ന ആ അതിഥി മറ്റാരുമായിരുന്നില്ല; കുട്ടികളുടെ സൂപ്പർഹീറോ സ്‌പൈഡർമാൻ!

ലോകമെങ്ങും ആരാധകരുള്ള കോമിക് സൂപ്പർ ഹീറോയായ സ്‌പൈഡർമാനായിരുന്നു ഇന്നലത്തെ പ്രതിവാര സദസിലെ താരം. 28കാരനായ മാറ്റിയോ വില്ലാർഡിറ്റയാണ് സ്‌പൈഡർമാന്റെ വേഷത്തിലെത്തിയ ഈ കൗതുകമനുഷ്യൻ. വില്ലാർഡിറ്റ വെറുതെ ഒരു തമാശയ്ക്കു വന്നതായിരുന്നില്ല അവിടെ. പകരം വത്തിക്കാനിലെ ശിശുരോഗ വിദഗ്ധ ആശുപത്രിയിൽ സന്ദർശനത്തിനെത്തിയതായിരുന്നു. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞുരോഗികൾക്ക് വിനോദങ്ങളും കലാപരിപാടികളുമായി ആശ്വാസം പകരൽ ഈ യുവാവിന്റെ ജീവിതചര്യയാണ്. രോഗപീഡകളാൽ പുളയുന്ന കുഞ്ഞുങ്ങൾക്ക് സമാശ്വാസം നൽകാനാണ് വില്ലാർഡിറ്റ ആശുപത്രികളിലെത്തുക. കോവിഡ് കാലത്ത് ആശുപത്രികളിൽ നേരിട്ട് സന്ദർശിക്കാനാകാത്തതിനാൽ വിഡിയോ കോളിലൂടെയായിരുന്നു ഈ ജിവിതവ്രതം തുടർന്നത്.

കുട്ടികളുടെ ഇഷ്ടകഥാപാത്രമായ സ്‌പൈഡർമാന്റെ വേഷത്തിൽ ആശുപത്രിയിലെ കുഞ്ഞുങ്ങൾക്ക് സർപ്രൈസ് നൽകാനെത്തിയതായിരുന്നു കഴിഞ്ഞ ദിവസം. ഇതിനിടയിൽ അൽപനേരം മാർപാപ്പയുടെ സദസിലുമിരുന്നു. വേദനയനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി മാർപാപ്പയുടെ അനുഗ്രഹവും പ്രാർത്ഥനയും വാങ്ങണമെന്ന് ഏറെനാളായി കൊതിച്ചിരുന്നു. ആഗ്രഹം ഇന്നലെ സഫലമായി.

മാർപാപ്പ തന്നെ നേരിട്ടെത്തി 'സ്‌പൈഡർമാന്' കൈകൊടുത്തു. കുട്ടികൾക്കായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വില്ലാർഡിറ്റ വിശദീകരിച്ചു. കൂടിക്കാഴ്ചയുടെ സമയത്ത് മാർപാപ്പ മാസ്‌ക് ധരിച്ചിരുന്നില്ല. ഇതു തിരിച്ചറിഞ്ഞ് കൈയിലുള്ള അധിക മാസ്‌ക് മാർപാപ്പയ്ക്ക് കൈമാറുകയും ചെയ്തു. എല്ലാം കേട്ട ശേഷം അനുഗ്രഹം ചൊരിഞ്ഞു മാർപാപ്പ. സ്ഥലത്ത് ഒരുമിച്ചുകൂടിയിരുന്ന യുവാക്കൾക്കൊപ്പം സെൽഫിയുമെടുത്താണ് 'സ്‌പൈഡർമാൻ' മടങ്ങിയത്.

വില്ലാർഡിറ്റയുടെ പ്രവർത്തനത്തെ പിന്നീട് വത്തിക്കാൻ അഭിനന്ദിക്കുകയും ചെയ്തു. യഥാർത്ഥ സൂപ്പർ ഹീറോയാണ് വില്ലാർഡിറ്റയെന്ന് വത്തിക്കാൻ പറഞ്ഞു. തന്റെ ജീവിതദൗത്യം മനസിലാക്കിയ മാർപാപ്പയുടെ അനുഗ്രഹം ലഭിച്ചതിൽ അതീവ സന്തുഷ്ടവാനാണ് ഇപ്പോൾ മാറ്റിയോ വില്ലാർഡിറ്റ.

TAGS :

Next Story