ഫലസ്തീൻ താരം സുലൈമാൻ അൽ-ഉബൈദിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം എറിക് കന്റോണ
വടക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടത്

ലണ്ടൻ: ഫലസ്തീൻ താരം സുലൈമാൻ അൽ ഉബൈദിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം എറിക് കന്റോണ. 'എത്ര കാലം നമ്മൾ അവർക്ക് ഈ വംശഹത്യക്ക് അനുവാദം നൽകും' സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കന്റോണ ചോദിച്ചു. വടക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടത്.
നേരത്തെയും പല രാഷ്രീയ വിഷയത്തിലും ശക്തമായി പ്രതികരിച്ചിരുന്നയാളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം എറിക് കന്റോണ. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 143 മത്സരങ്ങൾ കളിച്ച കന്റോണ 64 ഗോളുകൾ നേടിയിട്ടുണ്ട്.
അതേസമയം, 'ഫലസ്തീൻ പെലെ' എന്നറിയപ്പെടുന്ന സുലൈമാൻ അൽ ഉബൈദിൻ്റെ മരണത്തിൽ യുവേഫയോട് ചോദ്യങ്ങളുമായി ലിവർപൂൾ താരം മുഹമ്മദ് സലാഹ്. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സുലൈമാൻ അൽ ഉബൈദിന് ആദരാഞ്ജലിയർപ്പിച്ച് യുവേഫ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അത് റീട്വീറ്റ് ചെയ്‌തുകൊണ്ട് സലയുടെ ചോദ്യം. എവിടെ വെച്ച് എന്തുകൊണ്ട് മരിച്ചു എന്ന് ഞങ്ങളോട് പറയാമോ? എന്നായിരുന്നു സലയുടെ ചോദ്യം.
2007ലാണ് സുലൈമാൻ ഉബൈദ് ഫലസ്‌തീൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്തിനായി 24 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 2010-ലെ വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ യമനെതിരെ ഉബൈദ് നേടിയ ഒരു സിസർ-കിക്ക് അദ്ദേഹത്തിന്റെ്റെ അവിസ്‌മരണീയ പ്രകടനങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു. ദീർഘമായ തൻ്റെ കരിയറിൽ 41 കാരനായ ഉബൈദ് മൊത്തം 100-ലധികം ഗോളുകൾ നേടിയിട്ടുണ്ടെന്നും ഫലസ്‌തീൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും ഫലസ്‌തീൻ ഫുട്‌ബോൾ അസോസിയേഷൻ പറഞ്ഞിരുന്നു.
Adjust Story Font
16

