മസ്കിനും എത്രയോ മുകളിൽ; ലോകം കണ്ട ഏറ്റവും വലിയ ധനികൻ ഇദ്ദേഹം! വാരിയെറിഞ്ഞത് സ്വർണക്കട്ടികൾ
സമ്പത്തെല്ലാം സ്വന്തം കൊട്ടാരങ്ങളിലും നിലവറകളിലും പൂഴ്ത്തിവെക്കാറുള്ള സാധാരണ ധനികരില്‍ നിന്ന് വ്യത്യസ്തമായി, പാവപ്പെട്ടവര്‍ക്ക് ധാരാളമായി ദാനം ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. അതുതന്നെയാണ് അവസാനം അദ്ദേഹത്തിന്റെ പതനത്തിലേക്ക് കൊണ്ടെത്തിച്ചതും.

- Published:
30 Sept 2026 2:59 PM IST

ഇന്ന് ജീവിച്ചിരിപ്പുള്ളവരില്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ആരാണെന്ന് ചോദിച്ചാല്‍? സ്‌പേസ് എക്‌സ് സ്ഥാപകനായ ഇലോണ്‍ മസ്‌ക് ആയിരിക്കും എല്ലാവരുടേയും ഉത്തരം. ഏകദേശം 920 ബില്യണ്‍ ഡോളറിലധികമാണ് മസ്‌കിന്റെ സമ്പാദ്യമായി അടുത്തിടെ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, ലോകം ഇതേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റം ധനികനായിരുന്ന വ്യക്തി ആരെന്ന് ചോദിച്ചാലോ? പലരും കൈമലര്‍ത്തിക്കാണിക്കുമെന്നതല്ലാതെ അധികപേര്‍ക്കും ഈ ഉത്തരം അറിഞ്ഞോളണമെന്നില്ല.
യഥാര്‍ത്ഥത്തില്‍ മസ്‌കോ ഇന്ന് ജീവിച്ചിരിപ്പുള്ള മറ്റാരെങ്കിലുമോയല്ല ആ ധനികന്‍. അത് മൂസയാണ്. 14-ാം നൂറ്റാണ്ടിലെ മാലി സാമ്രാജ്യം അടക്കിവാണിരുന്ന സുല്‍ത്താന്‍ സാക്ഷാല്‍ മന്‍സാ മൂസാ. അദ്ദേഹത്തിന്റെ സമ്പാദ്യം എത്രത്തോളമുണ്ടെന്നല്ലേ ചിന്തിക്കുന്നത്? ലോകം ഇതേവരെയും കണ്ട ധനികന്മാരില്‍ വെച്ചേറ്റം ധനികനായ മനുഷ്യന്റെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിച്ചുവരാം.
മാലി സാമ്രാജ്യത്തിലെ ധനികനായ സുൽത്താൻ
14-ാം നൂറ്റാണ്ടിലെ മാലി സാമ്രാജ്യത്തിലെ സുല്‍ത്താനാണ് മന്‍സാ മൂസ. അക്കാലത്തെ ധനികരില്‍ വെച്ചേറ്റം ധനികനായിരുന്നു അദ്ദേഹം. സ്വന്തം ഭരണപ്രദേശത്തെ സ്വര്‍ണഖനികളും മറ്റ് വിഭവങ്ങളുമാണ് അദ്ദേഹത്തെ അസാമാന്യധനികനാക്കിയത്. ലോകത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള സ്വര്‍ണവിതരണത്തിന്റെ വലിയൊരു പങ്കും മാലി സാമ്രാജ്യത്തിന്റെ പക്കലായിരുന്നെന്നാണ് അക്കാലത്തെക്കുറിച്ചുള്ള ചരിത്രരേഖകളിലെ പ്രധാനവിവരം.
ഇന്നത്തെ ബില്യണറുകളുടേത് പോലെ കമ്പനികളില്‍ നിന്നുള്ള വരുമാനമോ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളോ പോലെയായിരുന്നില്ല അക്കാലത്തെ രീതികള്‍. ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്കുള്ള വാണിജ്യപാതകളിലെ സുപ്രധാന സ്വര്‍ണഖനി തന്നെയും മാലി സാമ്രാജ്യത്തിന്റെ പക്കലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശസ്തമായ ഹജ്ജ് യാത്ര
1324-ല്‍ മൂസ നടത്തിയ ഹജ്ജ് യാത്രയും ശ്രദ്ധേയമായ ചരിത്രരേഖകളിലൊന്നായി എണ്ണപ്പെടുന്നു. മക്കയിലേക്ക് വെറുതെ യാത്ര പോവുകയായിരുന്നില്ല അദ്ദേഹം, മറിച്ച് സൈനികരും ഉദ്യോഗസ്ഥരും സഹായികളുമടക്കം ആയിരക്കണക്കിന് സഹയാത്രികരും അദ്ദേഹത്തിന് അകമ്പടിയായി കൂടെയുണ്ടായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണനാണയങ്ങളുടെ പെട്ടികള്‍ ചുമക്കുന്നതിനായി നൂറുകണക്കിന് ഒട്ടകങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നെന്ന് ചരിത്രത്തിലുണ്ട്.
ക്ഷയിച്ചുതുടങ്ങിയത് ഇങ്ങനെ
സമ്പത്തെല്ലാം സ്വന്തം കൊട്ടാരങ്ങളിലും നിലവറകളിലും പൂഴ്ത്തിവെക്കാറുള്ള സാധാരണ ധനികരില്‍ നിന്ന് വ്യത്യസ്തമായി, പാവപ്പെട്ടവര്‍ക്ക് ധാരാളമായി ദാനം ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. അതുതന്നെയാണ് അവസാനം അദ്ദേഹത്തിന്റെ പതനത്തിലേക്ക് കൊണ്ടെത്തിച്ചതും.
മുന്നിലെത്തുന്ന പാവങ്ങളെയെല്ലാം അകമഴിഞ്ഞ് അദ്ദേഹം സഹായിച്ചു. സ്വര്‍ണനാണയങ്ങള്‍ അളവില്ലാതെ വാരിവിതറി. പതിയെ പതിയെ ഈ ശീലം അദ്ദേഹത്തെയും സമ്പാദ്യത്തെയും ക്ഷയിപ്പിക്കുകയായിരുന്നു.
തന്റെ സാമ്രാജ്യത്തിനകത്തെ വിവിധ സാമൂഹിക-സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം നിരന്തരം പണമൊഴുക്കുകയുണ്ടായി. അക്കാലത്തെ നിരവധി ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ഗുരുകുലങ്ങള്‍, വിദ്യാഭ്യാസത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ടിംബുകുട്ടു പോലുള്ള നഗരങ്ങള്‍ എന്നിവയുടെ ശില്‍പികളെ തിരഞ്ഞാല്‍ മുന്‍പന്തിയിലുണ്ടാകും മൂസായുടെ സ്ഥാനം. എത്രത്തോളം പണം കയ്യിലുണ്ടായിരുന്നു എന്നതിലായിരുന്നില്ല, മറിച്ച് എത്രത്തോളം പണം ചിലവഴിച്ചുവെന്നതിന്റെ പേരില്‍ കൂടിയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാമ്രാജ്യത്തിന്റെ സാംസ്‌കാരിവും വൈജ്ഞാനികവുമായ വിപുലീകരണത്തിനും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
മൂസായുടെ യഥാര്‍ത്ഥ സമ്പാദ്യത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നിജപ്പെടുത്തുകയെന്നത് പ്രായോഗികമായി അത്രയെളുപ്പമുള്ള സംഗതിയല്ലെന്നതാണ് യാഥാര്‍ത്ഥ്യം. നൂറുകണക്കിന് ബില്യണ്‍ ഡോളറുകള്‍ അദ്ദേഹത്തിന് സമ്പാദ്യമായുണ്ടായിരുന്നെന്ന് ചില രേഖകളിലുണ്ട്, ചിലപ്പോള്‍ അതിലേറെയും. ഏകദേശ ചിത്രം കണ്ടുപിടിക്കുകയെന്നത് പ്രയാസകരമായിരിക്കും. പ്രത്യേകിച്ച്, സമ്പന്നതയുടെയും സമ്പാദ്യത്തിന്റെയും നിര്‍വചനങ്ങള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്.
ഇന്നത്തെ ഏറ്റവും സമ്പന്നരായ എലോൺ മസ്ക് അല്ലെങ്കിൽ ജെഫ് ബെസോസ് പോലുള്ളവർ പോലും തങ്ങളുടെ സമ്പത്ത് നിർമ്മിച്ചത് നിലവിലുള്ള സിസ്റ്റങ്ങൾക്കുള്ളിലാണ്. എന്നാൽ മൻസ മൂസ പലവിധത്തിലും ആ സിസ്റ്റം തന്നെയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥ ഇന്നും വേറിട്ടുനിൽക്കുന്നത്. അദ്ദേഹത്തിന്റെ സമൃദ്ധികൊണ്ട് മാത്രമല്ല, മറിച്ച് അത് വരുത്തിയ വലിയ മാറ്റത്തിന്റെ അളവുകോൽ കൊണ്ടാണ്—അത് മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥകളെ സ്വാധീനിച്ചു, പ്രദേശങ്ങളെ രൂപപ്പെടുത്തി, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു വലിയ മതിപ്പ് ഉണ്ടാക്കിയെടുത്തു.
Adjust Story Font
16
