Quantcast

സക്കർബർഗിനെ ഓഫീസിൽ നിന്ന് പുറത്താക്കിയോ ട്രംപ്? വൈറ്റ് ഹൗസ് പ്രതികരണം ഇങ്ങനെ !

മാധ്യമങ്ങൾക്ക് കൊട്ടിഘോഷിക്കാനുള്ളത്ര ഒന്നും ഓവൽ ഓഫീസിൽ നടന്നിട്ടില്ല എന്ന് തീർത്തു പറയുകയാണ് വൈറ്റ് ഹൈസ്

MediaOne Logo

Web Desk

  • Published:

    6 July 2025 5:03 PM IST

Mark Zuckerberg crashes Trump’s classified Oval Office briefing
X

മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ ഓവൽ ഓഫീസിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. ട്രംപിനെ കാണാൻ സക്കർബർഗ് ഓഫീസിലെത്തിയപ്പോഴായിരുന്നു നടപടി. ഉദ്യോഗസ്ഥർ പങ്കെടുത്ത് കൊണ്ടിരുന്ന മീറ്റിംഗിലേക്ക് സെക്യൂരിറ്റി ചെക്ക് കഴിയാതെ സക്കർബർഗ് ഓടിപ്പിടിച്ച് എത്തിയതാണ് കുഴപ്പമായത്. മീറ്റിംഗിൽ പങ്കെടുക്കാൻ സക്കർബർഗിന് അനുവാദം കിട്ടിയിരുന്നില്ലെന്നും മീറ്റിംഗ് കഴിയുന്നത് വരെ പുറത്ത് കാത്തുനിൽക്കാൻ അദ്ദേഹത്തോട് ഉദ്യോഗസ്ഥർ പറഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ..

യുഎസ് വ്യോമസേനയിലെ ഫൈറ്റർ ജെറ്റുകളെ സംബന്ധിക്കുന്ന ഒരു സുപ്രധാന മീറ്റിംഗിലാണ് സക്കർബർഗിനെതിരായ ഗെറ്റ് ഔട്ട് നടപടി എന്നാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഓവൽ ഓഫീസ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് ആയത് കൊണ്ട് തന്നെ, ഇവിടെ നടക്കുന്ന എന്ത് മീറ്റിംഗിൽ ആർക്ക് പങ്കെടുക്കണമെങ്കിലും കനത്ത സുരക്ഷാപരിശോധന കടന്നുകിട്ടണം. ഈ സുരക്ഷാകടമ്പ കടക്കാതെയാണ് സക്കർബർഗ് മീറ്റിംഗിലേക്ക് ഇരച്ചെത്തിയതെന്നാണ് ഒദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

മീറ്റിംഗിൽ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നത് കൊണ്ടു തന്നെ സക്കർഗബർഗിന്റെ ഈ അപ്രതീക്ഷിത സന്ദർശനം ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ഓവൽ ഓഫീസിലെ പ്രൈവസിയുടെ അഭാവമാണ് അവരുടെ എല്ലാവരെയും ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തിയത്. ഇതെന്തൊരു വിചിത്രമായ ലോകമാണെന്ന് ഉദ്യോഗസ്ഥരിലൊരാൾ അക്ഷമയോടെ പ്രതികരിക്കുകയും ചെയ്തത്രേ. പിന്നീടാണ് ഇവർ സക്കർബർഗിനോട് ഓഫീസിന് പുറത്ത് കാത്തു നിൽക്കൂ എന്ന് ആജ്ഞാപിച്ചത്.

സംഭവം യുഎസ് മാധ്യമങ്ങൾ വലിയ രീതിയിൽ തന്നെ കൊട്ടിഘോഷിച്ചു. ട്രംപിന്റെ മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ അഥവാ മാഗ ക്യാമ്പെയ്‌നിനൊക്കെ സക്കർബർഗ് വലിയ രീതിയിൽ പിന്തുണ നൽകിയിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് പുറത്താക്കിയതിനെ കളിയാക്കി മാഗ മാർക്ക് എന്ന വിളിപ്പേര് വരെ സക്കർബർഗിന് മാധ്യമങ്ങൾ പതിച്ചു നൽകി. ട്രംപിനെ നമ്പാൻ കൊള്ളില്ല, അദ്ദേഹത്തെ പിന്താങ്ങിയ എല്ലാവരുടെയും ഗതി ഇതൊക്കെ തന്നെ എന്ന് നാലുപാട് നിന്നും വിമർശനവും ഉയർന്നു.

ഇതോടെ സംഗതി വൈറ്റ് ഹൗസ് ഏറ്റെടുത്തു. ഇത്ര കൊട്ടിഘോഷിക്കാനുള്ളത്ര ഒന്നും ഓവൽ ഓഫീസിൽ നടന്നിട്ടില്ല എന്ന് തീർത്തു പറഞ്ഞു വൈറ്റ് ഹൈസ്. നിങ്ങൾ പറയുന്നത് പോലാണോ സംഭവം എന്നാണ് ഒരു വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത് പോലും. ഡെയ്‌ലി മെയ്‌ലിനോടായിരുന്നു ഈ ഉദ്യോഗസ്ഥന്റെ പ്രതികരണം. ഓവൽ ഓഫീസിന് പുറത്ത് കടക്കാൻ സക്കർബർഗിനോട് ആരും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ എല്ലാം അവരുടെ ഇഷ്ടത്തിന് വളച്ചൊടിക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം തുറന്നടിച്ചത്..

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ ഉദ്യോഗസ്ഥന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു-

"പ്രസിഡന്റിനെ കാണാൻ വേണ്ടി തന്നെയാണ് സക്കർബർഗ് വന്നത്.. അദ്ദേഹത്തിന് പ്രസിഡന്റിനെ കാണാൻ അനുമതിയും ഉണ്ടായിരുന്നു.. പക്ഷേ പൈലറ്റുമാരുമായുള്ള മീറ്റിംഗിന് ശേഷമായിരുന്നു അദ്ദേഹത്തിന് ഷെഡ്യൂൾ ചെയ്ത മീറ്റിംഗ്. അതുകൊണ്ടു തന്നെ വ്യോമസേനാ മീറ്റിംഗ് കഴിയുന്നത് വരെ അദ്ദേഹം വെയ്റ്റ് ചെയ്തു. അതാണ് സംഭവിച്ചത്..."

വൈറ്റ് ഹൗസ് വിശദീകരിക്കുന്നത് എന്ത് തന്നെയായാലും സക്കർബർഗിനെ ട്രംപ് പുറത്താക്കി എന്ന് തന്നെയാണ് യുഎസ് മാധ്യമങ്ങൾ വിശദീകരിക്കുന്നത്. പണ്ടേ ഇണങ്ങിയും പിണങ്ങിയും വീണ്ടും ഇണങ്ങിയുമൊക്കെ തന്നെയാണ് ട്രംപും സക്കർബർഗും തമ്മിലുള്ള ബന്ധം. ഒരു കാലത്ത് ട്രംപിനെതിരായ ക്യാംപെയ്‌നുകളിൽ ഏറ്റവുമധികം മുഴങ്ങി കേൾക്കുന്ന പേരായിരുന്നു സക്കർബർഗിന്റേത്.

2020ലെ തെരഞ്ഞെടുപ്പിൽ ജോ ബൈഡന് വേണ്ടി അദ്ദേഹം 400 മില്യൺ ഡോളർ മുടക്കി എന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനെതിരെ ട്രംപും കൂട്ടരും രൂക്ഷവിമർശനവും ഉന്നയിച്ചു. 2021ലെ ക്യാപിറ്റോൾ സംഘർഷങ്ങൾക്ക് പിന്നാലെ ട്രംപിനെ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കിയതും സക്കർബർഗിന്റെ ട്രംപ് വിരുദ്ധ നയങ്ങൾക്ക് ചുക്കാൻ പിടിച്ചു.

എന്നാൽ 2024ൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ മാറി മറിയുന്ന കാഴ്ചയാണ് കണ്ടത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി 1 മില്യൺ യുഎസ് ഡോളർ ആണ് സക്കർബർഗ് സംഭാവന നൽകിയത്. ചടങ്ങിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതിനോടകം തന്നെ നിരവധി തവണ ട്രംപിന്റെ ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസ് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട് സക്കർബർഗ്.

TAGS :

Next Story