ലൈവ് ടിവി ചർച്ചയ്ക്കിടെ കൂട്ടത്തല്ല്; പരസ്പരം ചവിട്ടിയും ഇടിച്ചും അതിഥികൾ, അമ്പരന്ന് പ്രേക്ഷകർ
സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.

യെറിവാൻ: അർമേനിയയിലെ പബ്ലിക് ടെലിവിഷൻ ചാനലിൽ ലൈവ് ചർച്ചയ്ക്കിടെ അതിഥികൾ തമ്മിൽ കൂട്ടത്തല്ല്. രാഷ്ട്രീയ വിശകലന വിദഗ്ധൻ ഹരുത്യൂൺ മ്കർത്ത്ച്യാനും മാധ്യമപ്രവർത്തകൻ ബോറിസ് മുറാസിയുമാണ് ചർച്ചയ്ക്കിടെ പരസ്പരം ഏറ്റുമുട്ടിയത്. വാക്കേറ്റവും അസഭ്യവർഷവും കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
ഇരുവരും പരസ്പരം ചവിട്ടുകയും ഇടിക്കുകയും ചെയ്തു. സംഘർഷം നിയന്ത്രിക്കാൻ അവതാരകർക്ക് സുരക്ഷാ ജീവനക്കാരെ സ്റ്റുഡിയോയിലേക്ക് വിളിക്കേണ്ടിവന്നു. എന്നാൽ ഇവർക്കും ഇരുവരെയും ശാന്തരാക്കാനായില്ല.
അർമേനിയൻ പബ്ലിക് ടെലിവിഷനിലെ 'ബിഗ് ഡിബേറ്റ്' എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ആയിരക്കണക്കിന് ആളുകളാണ് പരിപാടി കാണുന്നതെന്ന് അവതാരകയായ ടാറ്റേവ് ഡാനിയേലിയൻ ഇരുവരെയും ഓർമിപ്പിച്ചു. പരസ്പരം മാത്രമല്ല, പ്രേക്ഷകരോടും കാണിക്കുന്ന അനാദരവാണിതെന്ന് അവർ പറഞ്ഞു.എന്നാൽ, പരിപാടിയുടെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളിൽ നിന്ന് സംഘർഷരംഗങ്ങൾ ഒഴിവാക്കില്ലെന്നും സംപ്രേഷണം ചെയ്യുമെന്നും മറ്റൊരു അവതാരകനായ പെട്രോസ് ഘസാരിയാനും വ്യക്തമാക്കി.
അതേസമയം, സംഘർഷത്തിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ സംപ്രേഷണം ചെയ്യാനുള്ള ചാനലിന്റെ തീരുമാനത്തിനെതിരെ രാജ്യത്തെ ടെലിവിഷൻ ആൻഡ് റേഡിയോ കമ്മീഷൻ രംഗത്തെത്തി. ചർച്ചയിലെ പങ്കാളികളുടെ പെരുമാറ്റം, റേറ്റിങ് വർധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയവയുടെ പേരിൽ പരസ്യമായ അക്രമവും അധിക്ഷേപവും ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
പരിപാടി തത്സമയം സംപ്രേഷണം ചെയ്തതല്ലെന്നും നേരത്തേ റെക്കോർഡ് ചെയ്തതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നിട്ടും അക്രമരംഗങ്ങൾ നീക്കം ചെയ്യാതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും വിമർശിച്ചു.കമ്മീഷന്റെ നിലപാടിനോട് പബ്ലിക് ബ്രോഡ്കാസ്റ്റർ കൗൺസിൽ ചെയർമാൻ വാസക് ദർബിന്യൻ വിയോജിപ്പ് പ്രകടിപ്പിച്ചു. പരിപാടിയിൽ അതിഥികൾ നിയന്ത്രണമില്ലാതെയും മോശമായും പെരുമാറിയപ്പോൾ യഥാർഥ സംഭവങ്ങൾ സംപ്രേഷണം ചെയ്യാതിരിക്കണമായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.പൊതുപ്രവർത്തകരുടെ യഥാർഥ പെരുമാറ്റം ജനങ്ങൾ അറിയേണ്ടതുണ്ടെന്നും സംഭവങ്ങൾ മറച്ചുവെച്ച് അവരെ മാന്യരായി ചിത്രീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. അതിഥികളുടെ പെരുമാറ്റത്തെയും അക്രമരംഗങ്ങൾ സംപ്രേഷണം ചെയ്ത ചാനലിന്റെ തീരുമാനത്തെയും നിരവധി പേർ വിമർശിച്ചു. അതേസമയം, ഏറ്റുമുട്ടലിൽ പങ്കെടുത്തവരിൽ ഒരാളെ പിന്തുണച്ചും ചിലർ രംഗത്തെത്തി.
Adjust Story Font
16

