'ചങ്ങാത്തമാവാം, ആണവായുധം ഉപേക്ഷിക്കണമെന്ന് നിർബന്ധം പിടിക്കരുത്': യുഎസിനോട് ഉത്തരകൊറിയ
''ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ച്, യാഥാർത്ഥ്യം അംഗീകരിക്കണം''

പ്യോങ്‌യാങ്: ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമായി തന്നെ മുന്നോട്ടുപോകുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. സ്റ്റേറ്റ് മീഡിയ കെസിഎൻഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരകൊറിയയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അഭിനന്ദന സന്ദേശമയച്ചിരുന്നു. ഇതിന് മറുപടിയായാണ് കിമ്മിന്റെ പ്രതികരണം.
ഈ മാസം ആദ്യം ബെയ്ജിങ് സന്ദർശിക്കുകയും ഷി ജിന്‍പിങ്ങിനൊപ്പം സൈനിക പരേഡിന് സാക്ഷിയാവുകയും ചെയ്തിരുന്നു അദ്ദേഹം. ഇക്കാര്യവും കിം സൂചിപ്പിക്കുകയുണ്ടായി. ഉത്തര കൊറിയയുടെ എല്ലാവിധ ആവശ്യങ്ങള്‍ക്ക് പ്രധാന പിന്തുണ നല്‍കുന്ന രാജ്യമാണ് ചൈന. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു കിം ജോങ് ഉൻ, കഴിഞ്ഞ മാസം ചൈനയിലെത്തിയത്.
അതേസമയം, തങ്ങളുടെ രാജ്യം ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് നിര്‍ത്തിയാല്‍ യുഎസുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും കിം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഉപരോധങ്ങള്‍ അവസാനിപ്പിക്കാനായി ആണവായുധ ശേഖരം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം നേരത്തേ വ്യക്തമാക്കിയിരുന്നു.
''ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ച്, യാഥാർത്ഥ്യം അംഗീകരിക്കുകയും സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, അമേരിക്കയുമായി ചർച്ച നടത്താതിരിക്കാൻ നമുക്ക് ഒരു കാരണവുമില്ല''- പ്യോങ്‌യാങ്ങിൽ നടന്ന സുപ്രിംപീപ്പിൾസ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്. യുഎസിന്റെ ആദ്യ പ്രസിഡന്റായിരുന്ന സമയത്ത് ട്രംപുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയ കാര്യവും ഉത്തരകൊറിയൻ നേതാവ് ഓര്‍മിച്ചു.
വ്യക്തിപരമായി, എനിക്ക് ഇപ്പോഴും യുഎസ് പ്രസിഡന്റ് ട്രംപിനെക്കുറിച്ച് നല്ല ഓർമ്മകളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Adjust Story Font
16

