കോടീശ്വരൻമാരുടെ കുഞ്ഞുങ്ങൾക്ക് പേരിട്ട് ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവതി; ഒരു പേരിന് 26 ലക്ഷം രൂപ
കുഞ്ഞുങ്ങൾക്ക് പേരിടുന്നതിൽ താൽപര്യമുള്ള ടെയ്‍ലര്‍ 10 വര്‍ഷം മുൻപാണ് തന്‍റെ ഇഷ്ടം ഒരു പ്രൊഫഷനാക്കാമെന്ന് തീരുമാനിക്കുന്നത്

ടെയ്‍ലര്‍ എ. ഹംഫ്രി Photo| Instagram
സാൻ ഫ്രാൻസിസ്കോ: സോഷ്യൽമീഡിയയുടെ ഇക്കാലത്ത് ആളുകൾ പല തരത്തിലാണ് പണം സമ്പാദിക്കുന്നത്. പലര്‍ക്കും വരുമാനം തരുന്ന ഒരു പ്ലാറ്റ്ഫോമായി സോഷ്യൽമീഡിയ ഇന്ന് മാറിക്കഴിഞ്ഞു. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് പണ്ട് ഷേക്സ്പിയര്‍ ചോദിച്ചിട്ടില്ലേ? പക്ഷെ പേരിൽ ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് ഇന്നത്തെ കാലം പറയുന്നത്. അല്ലെങ്കിൽ പേരിന് വേണ്ടി ആരെങ്കിലും ലക്ഷങ്ങൾ ചെലവാക്കുമോ? അങ്ങനെ പേരിട്ട് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുമുണ്ട്. സാൻഫ്രാൻസിസ്കോയിലെ കൺസൾട്ടൻ്റായ ടെയ്‍ലര്‍ എ. ഹംഫ്രി ഒരു പേരിന് 30,000 യുഎസ് ഡോളർ (26 ലക്ഷം രൂപ)വരെയാണ് വാങ്ങുന്നത്.
കുഞ്ഞുങ്ങൾക്ക് പേരിടുന്നതിൽ താൽപര്യമുള്ള ടെയ്‍ലര്‍ 10 വര്‍ഷം മുൻപാണ് തന്‍റെ ഇഷ്ടം ഒരു പ്രൊഫഷനാക്കാമെന്ന് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങൾക്ക് പേരുകൾ കണ്ടെത്തുന്ന കലയെ നരവംശശാസ്ത്രം, ബ്രാൻഡിങ്, തെറാപ്പി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് 37കാരിയായ ടെയ്‍ലര്‍ ഒരു എലൈറ്റ് കൺസൾട്ടൻസി ബിസിനസാക്കി മാറ്റിയത്.
സെലിബ്രിറ്റികളടക്കം നിരവധി പേരുടെ മക്കൾക്ക് പേരിട്ട് നൽകിയിട്ടുണ്ട്. ബ്രാൻഡിങ്, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ടെയ്‍ലറുടെ പക്കൽ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ പേരുകളുടെ ശേഖരമുണ്ട്. വെറുതെ പേരിടുകയല്ല, പേരിന്‍റെ പ്രത്യേകതയും അര്‍ഥവുമെല്ലാം ടെയ്‍ലര്‍ വിശദീകരിക്കും. നിലവിൽ ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലുമായി ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സും ടെയ്ലർക്കുണ്ട്.
ഒരു പേര് മാത്രമാണ് ആവശ്യമെങ്കിൽ 200 ഡോളർ (ഏകദേശം 18,000 രൂപ) ആണ് ഫീസ്. എന്നാൽ, പേരിനൊപ്പം കൂടുതൽ വിവരങ്ങൾ നൽകുന്നതനുസരിച്ച് ഫീസ് കുത്തനെ കൂടും. 10,000 ഡോളർ (ഏകദേശം 8,88,535 രൂപ) വരെയുള്ള പാക്കേജുകൾ വരെയുമുണ്ട്. ഇനി തികച്ചും എക്സ്ക്ലൂസീവായ ഒരു പേരാണ് വേണ്ടതെങ്കിൽ 30,000 ഡോളർ (ഏകദേശം 26 ലക്ഷം രൂപ) വരെ ഫീസ് നൽകേണ്ടി വരും.
വെറുമൊരു പേര് കണ്ടെത്തിക്കൊടുക്കുന്ന ജോലി മാത്രമല്ലെന്നും ഇത് ഒരു തെറാപ്പിസ്റ്റിനെ പോലെയോ അല്ലെങ്കിൽ മാതാപിതാക്കൾക്കിടയിൽ ഒരു മീഡിയേറ്ററായി പ്രവർത്തിക്കുന്നത് പോലെയോ ആണെന്നാണ് ടെയ്‍ലര്‍ പറയുന്നത്. ഹോളിവുഡിലെയും സിലിക്കൺ വാലിയിലെയും പ്രമുഖരുടെ കുഞ്ഞുങ്ങൾക്ക് പേരിട്ടതും ടെയ്‍ലര്‍ തന്നെ. കുഞ്ഞിന് പേരിടുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ദമ്പതികൾ തന്നെ സമീപിക്കുന്നതെന്ന് ടെയ്‍ലര്‍ പറയുന്നു.
Adjust Story Font
16

