Quantcast

കാലിന്റെ നീളം കൂട്ടാൻ ചെലവഴിച്ചത് ഒന്നരക്കോടി രൂപ: ഗുണങ്ങൾ എണ്ണിപ്പറഞ്ഞ് മോഡൽ

എല്ലുകൾ ഒടിച്ച് മെറ്റൽ റോഡ് പിടിപ്പിക്കുന്ന ശസ്ത്രക്രിയ അങ്ങേയറ്റം വേദനാജനകമാണെങ്കിലും ശസ്ത്രക്രിയയ്ക്ക് പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരമേറുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-05-04 11:45:11.0

Published:

4 May 2023 11:32 AM GMT

Model spent 1 crore to lengthen legs
X

പ്ലാസ്റ്റിക് സർജറികൾ സർവസാധാരണമാണ് പാശ്ചാത്യരാജ്യങ്ങളിൽ. സിനിമാ താരങ്ങളും മോഡലുകളുമെല്ലാം അടിക്കടി ഇത്തരം സർജറികൾക്ക് വിധേയരാകുന്ന വാർത്തകളും നാം കാണാറുണ്ട്. പ്രശസ്ത മോഡലും ഇൻഫ്‌ളുവൻസറുമായ കിം കർദാഷിയാനെ പോലെ തോന്നിക്കാൻ ചെയ്ത സർജറിയിലെ പിഴവ് മൂലം മോഡൽ മരണപ്പെട്ട വാർത്തയും കഴിഞ്ഞ ദിവസം നാം വായിച്ചു.

ഇപ്പോഴിതാ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണെത്തിയിരിക്കുന്നത്. ജർമൻ മോഡലായ തെരേസിയ ഫിഷർ തന്റെ കാലുകളുടെ നീളം സർജറിയിലൂടെ വർധിപ്പിച്ചു. 161000 ഡോളർ (ഏകദേശം ഒന്നരക്കോടി രൂപ) ആണ് തെരേസിയ ഇതിനായി ചെലവാക്കിയത്. ഇതിൽ സർജറിക്ക് മാത്രം വേണ്ടി വന്നത് 124000 ഡോളറാണ്. സർജറിക്ക് ശേഷമുള്ള മരുന്നുകൾക്കും ഫിസിക്കൽ തെറപ്പിക്കുമായി ബാക്കി തുകയും ചെലവാക്കി. രണ്ട് സർജറികൾക്കാണ് തനിക്ക് വേണ്ടിയിരുന്ന നീളത്തിലേക്ക് കാലുകളെത്തിക്കാൻ 31കാരിയായ തെരേസിയ വിധേയയായത്.

കാലിൽ നിലവിലുള്ള എല്ലുകൾ ഒടിച്ച് മെറ്റൽ റോഡ് പിടിപ്പിക്കുന്ന ശസ്ത്രക്രിയ അങ്ങേയറ്റം വേദനാജനകമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നതെങ്കിലും ശസ്ത്രക്രിയയ്ക്ക് പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരമേറുകയാണ്. അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന ടെലസ്‌കോപ്പിക് റോഡുകൾ എല്ലുകളിൽ പിടിപ്പിച്ചു ചേർത്താണ് നീളം വർധിപ്പിക്കുന്നത്. തുടക്കത്തിൽ ചെറിയ നീളത്തിലുള്ള റോഡുകൾ പിടിപ്പിച്ച് പിന്നീട് ഓരോ ദിവസവും1 മില്ലിമീറ്റർ വീതം കൂട്ടിച്ചേർത്ത് ആവശ്യമുള്ള നീളത്തിലേക്ക് കാലുകളെത്തിക്കും. 5.5 ഇഞ്ച് നീളമുള്ള റോഡ് ആണ് തെരേസിയയുടെ കാലുകളിൽ ഉള്ളത്. നിലവിൽ ചെരുപ്പിടാതെ നിന്നാൽ ആറടി ആണ് തെരേസിയയുടെ ഉയരം. കാലുകളുടെ നീളം വർധിച്ചതോടെ ധാരാളം അവസരങ്ങൾ തന്നെ തേടി എത്തുമെന്നാണ് തെരേസിയയുടെ പ്രതീക്ഷ.

കാലുകളുടെ നീളം വർധിച്ചത് കാരണം തന്റെ പ്രണയബന്ധങ്ങൾ കൂടുതൽ മനോഹരമായെന്നും തന്റെ ആത്മവിശ്വാസം വർധിച്ചുവെന്നും തെരേസിയ പറയുന്നു. എന്നാൽ സോഷ്യൽമീഡിയയിൽ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങൾ കുറച്ചൊക്കെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും തെരേസിയ സമ്മതിക്കുന്നുണ്ട്. ഉയരക്കുറവിന്റെ പേരിലുള്ള കളിയാക്കലുകൾക്ക് ശമനമുണ്ടാകും എന്ന് കരുതി ചെയ്ത കാര്യം തിരിച്ചടിച്ചതിന്റെ നിരാശ പങ്കു വയ്ക്കാനും തെരേസിയ മടിക്കുന്നില്ല.

TAGS :

Next Story