Quantcast

'അഗാധമായ ഞെട്ടൽ, കാരണക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം'; ഗസ്സയിലെ ആശുപത്രി ആക്രമിക്കപ്പെട്ടതിൽ പ്രധാനമന്ത്രി മോദി

500 ലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരായ ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയാണ് മോദിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-10-18 10:38:21.0

Published:

18 Oct 2023 10:19 AM GMT

Prime Minister Narendra Modi reacts to the attack on Al-Ahli Al-Arab hospital in Gaza
X

ന്യൂഡൽഹി: ഗസ്സയിലെ അൽ-അഹ്ലി അൽ-അറബ് ആശുപത്രി ആക്രമിക്കപ്പെട്ടതിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 500 ലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരായ ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയാണ് എക്‌സിൽ മോദിയുടെ പ്രതികരണം.

'ഗസ്സയിലെ അൽ അഹ്ലി ഹോസ്പിറ്റലിലെ ദാരുണമായ ജീവഹാനിയിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന സംഘർഷത്തിൽ സാധാരണക്കാർക്കു നാശനഷ്ടങ്ങളുണ്ടാകുന്നത് ഗൗരവതരവും തുടർ ആശങ്കയുമാണ്. കാരണക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം' എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു.

ഫലസ്തീനുമായി സംഘർഷത്തിലേർപ്പെട്ടിരിക്കേ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നരേന്ദ്ര മോദിയുമായി മുമ്പ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം അദ്ദേഹം മോദിയോട് പങ്കുവെക്കുകയും ചെയ്തു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ നരേന്ദ്രമോദി ഈ വിവരം അറിയിക്കുകയായിരുന്നു.

'ഫോൺ വിളിക്കുകയും നിലവിലെ അവസ്ഥകൾ വ്യക്തമാക്കുകയും ചെയ്തതിന് ഞാൻ പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറയുന്നു, ഈ ദുഷ്‌കര സമയത്ത് ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കും. എല്ലാ രൂപത്തിലുള്ള ഭീകരതയെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ മിന്നാലാക്രമണത്തിൽ നരേന്ദ്ര മോദി നേരത്തെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഈ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് ഷെല്ലിട്ട് മുന്നറിയിപ്പ് നൽകിയ ശേഷം കഴിഞ്ഞ ദിവസമാണ് അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ആയിരങ്ങളെ ചികിത്സക്കായി കിടത്തിയ ആശുപത്രിയിൽ ബാക്കിയായത് നൂറുകണക്കിന് മൃതദേഹങ്ങളുടെ നീണ്ടനിരയാണ്. നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷ തേടി ആശുപത്രിയിലെത്തിയവരും മരിച്ചവരിൽ ഉൾപ്പെടും. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പോലും വയ്യാത്ത നിലയിലാണ്.

ഗസ്സ ആക്രമണത്തിന്റെ തുടക്കം മുതൽ ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ സേന ലക്ഷ്യമിട്ടിരുന്നു. എല്ലാ യുദ്ധചട്ടങ്ങളും ലംഘിച്ച് ആശുപത്രിക്ക് മേൽ ആക്രമണം ഉണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു ഗസ്സയിൽ ദുരിതപർവം താണ്ടുന്ന മനുഷ്യർ. പക്ഷേ, സയണിസ്റ്റ് ക്രൂരത അതും തെറ്റിച്ചു. ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കണമെന്ന ആവശ്യം തിരസ്‌കരിച്ചതാണ് ആക്രമണകാരണമെന്നാണ് ആദ്യം സൈന്യം പ്രതികരിച്ചത്. ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിലൂടെ നിരവധി 'ഹമാസ് ഭീകരരെ' വധിച്ചതായി ഇസ്രായേൽ ഡിജിറ്റൽ വക്താവ് ഹനാൻയാ നാഫ്തലി എക്‌സിൽ കുറിച്ചിരുന്നു. എന്നാൽ കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നിലപാട് മാറ്റി. ഗസ്സയിൽ നിന്നുയർന്ന മിസൈൽ ദിശമാറി ആശുപത്രിക്കു മേൽ പതിച്ചതാണെന്നായി പിന്നീട് സൈന്യം. ആംഗ്ലിക്കൻ ചർച്ച് നടത്തുന്നതാണ് അൽ അഹ്ലി അറബ് ആശുപത്രിയെന്നതും ശ്രദ്ധേയമാണ്.

Prime Minister Narendra Modi reacts to the attack on Al-Ahli Al-Arab hospital in Gaza

Next Story