Quantcast

'ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, അതിനാൽ ബോംബിട്ട് മുന്നറിയിപ്പ് നൽകി'; ആശുപത്രി ആക്രമണത്തിൽ ഇസ്രായേൽ വാദം പുറത്തുവിട്ട് ഗസ്സ ആരോഗ്യമന്ത്രാലയം

അൽ അഹ്‌ലി ആശുപത്രിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് യൂസഫ് അബു അൽ-റിഷ് വാർത്താസമ്മേളനം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-10-18 10:32:33.0

Published:

18 Oct 2023 9:40 AM GMT

The phone was not answered, so the bomb was warned; The Gaza Ministry of Health released Israels argument on the hospital attack
X

ഗസ്സസിറ്റി: ഗസ്സയിലെ അൽ-അഹ്ലി അൽ-അറബ് ആശുപത്രിയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി യൂസഫ് അബു അൽ-റിഷ്. അൽ അഹ്‌ലി ആശുപത്രിയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് ഇദ്ദേഹം വാർത്താസമ്മേളനം നടത്തിയത്. ആശുപത്രിയിലേക്ക് ഫോൺ വിളിച്ചപ്പോൾ ആരും എടുക്കാത്തതിനാലാണ് രണ്ട് ഷെല്ലുകളിട്ട് മുന്നറിയിപ്പ് നൽകിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മിഡിൽ ഈസ്റ്റ് ഐയടക്കം ഈ വാർത്താസമ്മേളനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഒക്‌ടോബർ 14ന് രാത്രി എട്ടരയ്ക്കാണ് രണ്ട്‌ ഷെല്ലുകൾ ആശുപത്രിയ്ക്ക് മേലിട്ടതെന്ന് യൂസഫ് അബൂ അൽ റിഷ് പറഞ്ഞു. ഷെല്ലുകൾ പതിക്കുന്ന ചിത്രങ്ങൾ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടർന്ന് ആശുപത്രിയിലുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രവും കാണിച്ചു. 'ഇന്നലെ രണ്ട് ഷെല്ലിട്ട് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും നിങ്ങളെന്ത് കൊണ്ടാണ് ആശുപത്രി ഒഴിപ്പിക്കാത്തതെന്ന്' ചോദിക്കാൻ തൊട്ടടുത്ത ദിവസം ഇസ്രായേൽ പ്രതിരോധ സേന ആശുപത്രി ഡയറക്ടർ ഡോ. മാഹിർ അയ്യാദിനെ വിളിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്തുകൊണ്ടാണ് നിങ്ങൾ ഫോൺ വിളിക്കാതിരുന്നതെന്ന് ഡോ. മാഹിർ ചോദിച്ചപ്പോൾ, 'ഞങ്ങൾ വിളിച്ചു, എന്നാൽ ആരും മറുപടി നൽകിയില്ല, അതിനാൽ മിസൈലുകളിലൂടെയുള്ള വഴി തിരഞ്ഞെടുത്തു' എന്നായിരുന്നു ഇസ്രായേൽ മറുപടിയെന്നും യൂസഫ് വ്യക്തമാക്കി. മിസൈലുകൾ കൊണ്ട് മുന്നറിയിപ്പ് നൽകുന്ന ലോകത്തിലെ ഏക പ്രദേശം ഗസ്സ മുനമ്പാണെന്നും അദ്ദേഹം വിമർശിച്ചു. വീടുകളിൽ ബോംബിടുമെന്നത് അറിയാൻ ബോംബിട്ട് മുന്നറിയിപ്പ് നൽകുന്നതും ഇവിടെയാണെന്നും യൂസഫ് കുറ്റപ്പെടുത്തി.

ആരോഗ്യ സംവിധാനത്തെയും ആശുപത്രികളെയും ഭീഷണിപ്പെടുത്തുന്നതിൽ ഇസ്രായേലിന് ഒട്ടും ലജ്ജ തോന്നുന്നില്ലെന്നും എല്ലാ മാധ്യമങ്ങളിലും അവ നിറഞ്ഞുനിൽക്കുകയാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി വിമർശിച്ചു. ഗസ്സയിലെ, വിശേഷിച്ച് നോർത്ത് ഗസ്സ മുനമ്പിലെ ആശുപത്രികളെ ഇസ്രായേൽ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വാർത്താസമ്മേളനത്തിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങൾക്ക് നടുവിൽ നിന്ന് ഗസ്സ യിലെ അധികൃതരും ഡോക്ടർമാരും പറഞ്ഞത്, ഇത് യുദ്ധമല്ല കൂട്ടക്കൊലയാണെന്നായിരുന്നു. കൊല്ലപ്പെട്ടതെല്ലാം സാധാരണക്കാരാണെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവർത്തകരിലൊരാൾ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ചോരപുരണ്ട മൃതദേഹം കൈയിലേന്തിയിരുന്നു.

'ആശുപത്രിയിൽ ശസ്ത്രക്രിയയിലായിരുന്നു ഞാൻ. വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് മുറിക്ക് പുറത്തേക്ക് വന്നത്. ഓപറേഷൻ മുറിയുടെ സീലിംഗ് പാടെ തകർന്നുവീണു. ഇത് കൂട്ടക്കൊലയാണ്' -ഡോ. ഗസ്സൻ അബു സിത പറഞ്ഞു. സന്നദ്ധ സംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേർസ്' അംഗമാണ് ഇദ്ദേഹം. പുറത്തേക്ക് ഓടിവന്ന ഞാൻ കണ്ടത് കുഞ്ഞുങ്ങളുടെ മൃതദേഹം ചിതറിക്കിടക്കുന്നതാണ്. കൈകാലുകൾ നഷ്ടമായ കുഞ്ഞുങ്ങൾ വേറെ. മൃതശരീരങ്ങളും ചിതറിയ ശരീരഭാഗങ്ങളാലും നിറഞ്ഞിരുന്നു പരിസരമാകെ -ഡോക്ടർ പറഞ്ഞു.

രണ്ട് ഷെല്ലിട്ട് മുന്നറിയിപ്പ് നൽകിയ ശേഷം കഴിഞ്ഞ ദിവസമാണ് അൽ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ആയിരങ്ങളെ ചികിത്സക്കായി കിടത്തിയ ആശുപത്രിയിൽ ബാക്കിയായത് നൂറുകണക്കിന് മൃതദേഹങ്ങളുടെ നീണ്ടനിരയാണ്. നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷ തേടി ആശുപത്രിയിലെത്തിയവരും മരിച്ചവരിൽ ഉൾപ്പെടും. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പോലും വയ്യാത്ത നിലയിലാണ്.

ഗസ്സ ആക്രമണത്തിന്റെ തുടക്കം മുതൽ ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ സേന ലക്ഷ്യമിട്ടിരുന്നു. എല്ലാ യുദ്ധചട്ടങ്ങളും ലംഘിച്ച് ആശുപത്രിക്ക് മേൽ ആക്രമണം ഉണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു ഗസ്സയിൽ ദുരിതപർവം താണ്ടുന്ന മനുഷ്യർ. പക്ഷേ, സയണിസ്റ്റ് ക്രൂരത അതും തെറ്റിച്ചു. ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കണമെന്ന ആവശ്യം തിരസ്‌കരിച്ചതാണ് ആക്രമണകാരണമെന്നാണ് ആദ്യം സൈന്യം പ്രതികരിച്ചത്. ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിലൂടെ നിരവധി 'ഹമാസ് ഭീകരരെ' വധിച്ചതായി ഇസ്രായേൽ ഡിജിറ്റൽ വക്താവ് ഹനാൻയാ നാഫ്തലി എക്സിൽ കുറിച്ചിരുന്നു. എന്നാൽ കുരുതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നിലപാട് മാറ്റി. ഗസ്സയിൽ നിന്നുയർന്ന മിസൈൽ ദിശമാറി ആശുപത്രിക്കു മേൽ പതിച്ചതാണെന്നായി പിന്നീട് സൈന്യം. ആംഗ്ലിക്കൻ ചർച്ച് നടത്തുന്നതാണ് അൽ അഹ്ലി അറബ് ആശുപത്രിയെന്നതും ശ്രദ്ധേയമാണ്.

'The phone was not answered, so the bomb was warned'; The Gaza Ministry of Health released Israel's argument on the hospital attack

TAGS :

Next Story