Quantcast

അമേരിക്കയിലെ പുതുതലമുറക്കാരിൽ 60 ശതമാനവും ഇസ്രായേലിനെക്കാൾ ഹമാസിനെ പിന്തുണക്കുന്നുവെന്ന് സര്‍വെ

55 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ 84% പേരും ഇസ്രായേലിനെയാണ് തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Published:

    2 Sept 2025 9:40 AM IST

അമേരിക്കയിലെ പുതുതലമുറക്കാരിൽ 60 ശതമാനവും ഇസ്രായേലിനെക്കാൾ ഹമാസിനെ പിന്തുണക്കുന്നുവെന്ന് സര്‍വെ
X

വാഷിംഗ്ടൺ: ഗസ്സ യുദ്ധത്തിൽ അമേരിക്കയിലെ പുതുതലമുറയിലെ 60 ശതമാനം പേരും ഇസ്രായേലിനെക്കാൾ ഹമാസിനെ പിന്തുണക്കുന്നുവെന്ന് സര്‍വെ. 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് ഹമാസിനോട് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്ന് ഈയാഴ്ച പുറത്തിറങ്ങിയ ഹാരിസ് പോൾ സര്‍വെ ഫലം വ്യക്തമാക്കുന്നു.

"ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ നിങ്ങൾ കൂടുതൽ ഇസ്രായേലിനെയാണോ അതോ ഹമാസിനെയാണോ പിന്തുണയ്ക്കുന്നത്?" എന്നതടക്കമുള്ള കാര്യങ്ങളാണ് ഓൺലൈനിലൂടെ ആരാഞ്ഞത്. 25 നും 34 നും ഇടയിൽ പ്രായമുള്ളവരിൽ 65% പേരും ഹമാസിനെക്കാൾ ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്നാണ് പറഞ്ഞത്. 35 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 70% പേരും ഇസ്രായേലിനൊപ്പമായിരുന്നു. 45 നും 55 നും ഇടയിൽ പ്രായമുള്ളവരിൽ 74% പേരും ജൂതരാഷ്ട്രത്തെ അനുകൂലിച്ചു.

55 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ 84% പേരും ഇസ്രായേലിനെ തെരഞ്ഞെടുക്കുകയും ഹമാസിനെ നിരാകരിക്കുകയും ചെയ്തു. 65 വയസ്സ് കഴിഞ്ഞവരിൽ 89% പേരും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു. എല്ലാ പ്രായത്തിലുള്ളവരും സര്‍വെയിൽ പങ്കെടുത്തിരുന്നു. ഇതിൽ 74 ശതമാനം പേരും ഇസ്രായേലിനെയാണ് അനുകൂലിച്ചത്. അതേസമയം 26% അമേരിക്കക്കാർ ഹമാസിനെ പിന്തുണച്ചു.റിപ്പബ്ലിക്കൻമാരിൽ 82% പേർ ഇസ്രായേലിനെയാണ് തെരഞ്ഞെടുത്തത്. 67% ഡെമോക്രാറ്റുകളും ഇസ്രായേലിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. ഹമാസ് ഗസ്സ വിട്ടാൽ മാത്രമേ ഇസ്രായേൽ ഒരു ബന്ദി കരാറിന് സമ്മതിക്കാവൂ എന്ന് 58% അമേരിക്കക്കാരും കരുതുന്നതായി സർവേ കണ്ടെത്തി.

അതേസമയം ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന്​ തയാറാകണമെന്ന സൈന്യത്തിന്‍റെ നിർദേശം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു തള്ളി. ഗസ്സ യുദ്ധം ചർച്ച ചെയ്യാൻ ഇന്നലെ വിളിച്ചുചേർത്ത യോഗത്തിലാണ്​ താൽക്കാലിക വെടിനിർത്തൽ സാധ്യത ആരായാൻ ഇസ്രായേൽ സേനാ മേധാവി സർക്കാറിനോട്​ നിർദേശിച്ചത്​. ഇന്‍റലിജൻസ്​ വിഭാഗവും ഈ നിലപാടിനെ പിന്തുണച്ചു. ബന്ദികളുടെ മോചനവും സൈനിക നഷ്ടവും ഒഴിവാക്കാൻ താൽക്കാലിക കരാറാണ്​ ഗുണകരം എന്നായിരുന്നു ഇവരുയർത്തിയ വാദം. എന്നാൽ ഗസ്സ പിടിച്ചടക്കൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ്​ നെതന്യാഹുവും തീവ്ര വലതുപക്ഷ മന്ത്രിമാരും സൈന്യത്തോട്​ ആവശ്യപ്പെട്ടത്​. ആക്രമണം അനിശ്​ചിതമായി തുടരുന്നത്​ തിരിച്ചടിയാകുമെന്ന്​ വ്യക്​തമാക്കിയ നെതന്യാഹു, കുറഞ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തീകരിക്കാൻ നിർദേശിച്ചതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

TAGS :

Next Story