ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ഇതാണ്; ആദ്യ മൂന്നിൽ ഇന്ത്യൻ ഭാഷയും
ഇന്ന് ലോകമെമ്പാടുമായി 7,000ത്തിലധികം ഭാഷകൾ സംസാരിക്കുന്നതിൽ കുറഞ്ഞത് 3,000 ഭാഷകൾ വംശനാശ ഭീഷണിയിലാണ്

- Published:
22 Feb 2026 12:51 PM IST

ന്യൂഡൽഹി: ഇന്ന് ലോകമെമ്പാടുമായി 7,000ത്തിലധികം ഭാഷകൾ സംസാരിക്കുന്നു. അവയിൽ കുറഞ്ഞത് 3,000 എണ്ണം, അതായത് 40% ഭാഷകളും വംശനാശ ഭീഷണിയിലാണ്. ഇംഗ്ലീഷ് ആണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ. 186 രാജ്യങ്ങളിലായി ഏകദേശം 1.5 ബില്യൺ ആളുകളാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന ഓരോ 10 പേരിൽ രണ്ടുപേർക്കും മാതൃഭാഷയാണ്, ബാക്കിയുള്ള 80 ശതമാനം പേർ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ഇംഗ്ലീഷ് തെരഞ്ഞെടുത്തതാണ്.
1.2 ബില്യൺ ആളുകൾ സംസാരിക്കുന്ന മാൻഡാരിൻ ചൈനീസ് ആണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ. മാൻഡാരിൻ ചൈനീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ കണക്കെടുത്താൽ ലോകത്തിലെ ഏറ്റവും വലിയ ഭാഷയാണിത്. ചൈനയിലെ വലിയ ജനസംഖ്യയാണ് അതിന് കാരണം. 609 ദശലക്ഷം ആളുകൾ സംസാരിക്കുന്ന ഹിന്ദിയാണ് മൂന്നാം സ്ഥാനത്ത്. 559 ദശലക്ഷവുമായി സ്പെയിനും 335 ദശലക്ഷം ആളുകളുമായി സ്റ്റാൻഡേർഡ് അറബിക്കും തൊട്ടുപിന്നിലുണ്ട്.
ലോകമെമ്പാടും സംസാരിക്കുന്ന 7,159 ഭാഷകളിൽ 3,193 ഭാഷയും വംശനാശ ഭീഷണിയിലാണ്. സ്ഥിരതയുള്ള 3,479 ഭാഷകൾ ഉള്ളപ്പോൾ സർക്കാരുകളും സ്കൂളുകളും മാധ്യമങ്ങളും ഉപയോഗിക്കുന്ന 487 സ്ഥാപന ഭാഷകളുണ്ട്. ഒരു ഭാഷയുടെ ഉപയോക്താക്കൾ ആ സമൂഹത്തിലെ കുട്ടികൾക്ക് കൂടുതൽ പ്രബലമായ ഭാഷ കൈമാറുന്നത് കൊണ്ടാണ് പലപ്പോഴും ഒരു ഭാഷ വംശനാശ ഭീഷണി നേരിടുന്നത്. പലരും മാതൃഭാഷക്ക് പുറമെ അവരുടെ രണ്ടാം ഭാഷകളാണ് അടുത്ത തലമുറക്ക് കൈമാറുന്നത്. എത്‌നോലോഗിന്റെ അഭിപ്രായത്തിൽ, ഏകദേശം 337 ഭാഷകൾ സുഷുപ്തിയിലും 454 എണ്ണം വംശനാശം സംഭവിച്ചുവെന്നും പറയപ്പെടുന്നു.
വംശനാശ ഭീഷണി നേരിടുന്ന ഭാഷകളിൽ 1,000ത്തിൽ താഴെ ആളുകൾ മാത്രം മാതൃഭാഷയായി സംസാരിക്കുന്ന 1,431 ഭാഷകളുണ്ട്. 100ൽ താഴെ പേർ മാത്രം സംസാരിക്കുന്ന 463 ഭാഷകളും 10ൽ താഴെ ആളുകൾ മാത്രം സംസാരിക്കുന്ന 110 ഭാഷകളുമുണ്ട്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവയാണ് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ഭാഷകൾ ഉള്ള ഭൂഖണ്ഡങ്ങൾ.
Adjust Story Font
16
