ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ശൈഖ് മുജീബ് റഹ്മാനെ ഒഴിവാക്കി; പകരം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും
കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്

ധാക്ക: ബംഗ്ലാദേശ് കറന്‍സി നോട്ടില്‍ നിന്ന് രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം ഒഴിവാക്കി. ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു. മുജീബ് റഹ്മാന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്.
മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവ് കൂടിയാണ് ശൈഖ് മുജീബ് റഹ്മാന്‍. പുതുതായി രൂപകല്‍പന ചെയ്ത നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ലെന്നും പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുന്നതെന്ന് ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ പറഞ്ഞു.
ശൈഖ് ഹസീനയുടെ പുറത്താക്കലിനും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങളും 1971ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിന്റെ ചിത്രവും പുതിയ കറന്‍സിയിലുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം 2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഒരു സമ്പൂര്‍ണ്ണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഹസീനയ്ക്കെതിരായ നടപടികള്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിന്റെ ചരിത്രത്തിലാദ്യമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരായ എല്ലാ നടപടികളും ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) തീരുമാനിച്ചിരുന്നു.
Adjust Story Font
16

