Quantcast

'ഭക്ഷണത്തിന് പോലും കയ്യില്‍ പണമില്ല, സഹായിക്കണം': അഭ്യര്‍ഥനയുമായി പശ്ചിമേഷ്യന്‍ സംഘര്‍ഷഭീതിയില്‍ മോസ്‌കോയില്‍ കുടുങ്ങിയ യുവാവ്

മുന്നറിയിപ്പൊന്നും കൂടാതെയാണ് തന്‍റെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തതെന്നും യുവാവ് കുറിപ്പിൽ വ്യക്തമാക്കി

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-03-03 08:17:25.0

Published:

3 March 2026 1:21 PM IST

ഭക്ഷണത്തിന് പോലും കയ്യില്‍ പണമില്ല, സഹായിക്കണം: അഭ്യര്‍ഥനയുമായി പശ്ചിമേഷ്യന്‍ സംഘര്‍ഷഭീതിയില്‍ മോസ്‌കോയില്‍ കുടുങ്ങിയ യുവാവ്
X

മോസ്കോ: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും പിന്നാലെ താറുമാറായി ആഗോള വ്യോമഗതാഗതം. സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയെ ഒന്നടങ്കം യുദ്ധഭീതി വിഴുങ്ങിയതോടെ നിരവധി വിമാന സര്‍വീസുകളാണ് ഇതിനോടകം ഭാഗികമായും പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ, സംഘര്‍ഷസാഹചര്യത്തില്‍ വ്യോമപാതകള്‍ അടക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ദുരവസ്ഥയെ കുറിച്ചുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോസ്‌കോയില്‍ കുടുങ്ങിയ ഇന്ത്യക്കാരന്‍. സുനില്‍ ഗുപ്തയെന്ന മുംബൈ സ്വദേശിയായ എഞ്ചിനീയറാണ് മോസ്‌കോ വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടത്. ഭക്ഷണത്തിന് പോലും തന്റെ കൈയില്‍ പണം അവശേഷിക്കുന്നില്ലെന്നും നാട്ടിലെത്താന്‍ എത്രയും വേഗം തന്നെ സഹായിക്കണമെന്നുമുള്ള ഗുപ്തയുടെ കുറിപ്പ് അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

'ഇവിടെ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. നിസ്സഹായനായി, പ്രതീക്ഷയ്ക്ക് പോലും വകയില്ലാതെ സമയങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരിക്കുന്നു. എത്തിഹാദ് എയര്‍വേഴ്‌സ് ഇതുവരെയും തന്റെ അഭ്യര്‍ഥന മുഖവിലക്കെടുത്തില്ലെന്നാണ് തോന്നുന്നത്. എന്റെ വിസയോ മാസ്റ്റര്‍കാര്‍ഡോ സ്വീകരിച്ച് യാത്ര ചെയ്യാനുള്ള അനുമതി റഷ്യ നല്‍കുന്നില്ല. ഭക്ഷണം വാങ്ങാനുള്ള പൈസ പോലുമില്ലാതെയാണ് ഇവിടെ കഴിയുന്നത്. രക്ഷിക്കണം'. സുനില്‍ അഭ്യര്‍ഥിച്ചു.

'മുന്‍പൊരിക്കലും ഇല്ലാത്ത വിധം എത്തിഹാദ് എയര്‍വേഴ്‌സ് ജീവനക്കാര്‍ തന്നെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. തനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാമായിരുന്നില്ലെയെന്നാണ് അവരുടെ ഭാവം. മണിക്കൂറുകളായി യാചകനെപ്പോലെ ഞാനിവിടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. എന്തുചെയ്യണമെന്നറിയില്ല. ഞാന്‍ സുരക്ഷിതനാണോയെന്നറിയാന്‍ എന്റെ വീട്ടുകാര്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഈ കുറിപ്പ് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം എന്നെ നാട്ടിലെത്താൻ സഹായിക്കണം'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നറിയിപ്പൊന്നും കൂടാതെ അപ്രതീക്ഷിതമായാണ് തന്റെ ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്തതെന്നും അതിനാലാണ് എന്തുചെയ്യണമെന്നറിയാതെ താനിവിടെ കുടുങ്ങിപ്പോയതെന്നും യുവാവ് പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി മേഖലയിലുടനീളം ഇന്ന് മാത്രം 700 വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന 4329 വിമാനങ്ങളില്‍ 716 എണ്ണമാണ് ഔദ്യോഗികമായി റദ്ദാക്കിയത്. വരും മണിക്കൂറില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ്, ഫ്ളൈദുബൈ, എയര്‍ അറേബ്യ തുടങ്ങിയ ഗള്‍ഫ് വിമാനങ്ങള്‍ക്കു പുറമെ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ,എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നീ കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ വിവിധഎയര്‍ലൈനുകളും സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

TAGS :

Next Story