Quantcast

'മനുഷ്യ നേത്രങ്ങള്‍ കൊണ്ട് ആദ്യം, ചരിത്രം'; ആര്‍ട്ടെമിസ് 2 യാത്രികര്‍ പകര്‍ത്തിയ ചന്ദ്രൻ്റെ പുതിയ ചിത്രം പുറത്തുവിട്ട് നാസ

ചന്ദ്രനിലെ പ്രധാന മേഖലയായ ഓറിയൻ്റേലെ ബേസിന്‍ പൂര്‍ണമായും ദൃശ്യമാകുന്ന വിധത്തിലാണ് ചിത്രം

MediaOne Logo
NASA shares full view image of Moon’s Orientale Basin
X

നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ആര്‍ട്ടെമിസ് 2ലെ യാത്രികര്‍ പകര്‍ത്തിയ ചന്ദ്രന്റെ പുതിയ ചിത്രം പുറത്തുവിട്ടു. ചന്ദ്രനിലെ പ്രധാന മേഖലയായ ഓറിയന്റേലെ ബേസിന്‍ പൂര്‍ണമായും ദൃശ്യമാകുന്ന വിധത്തിലാണ് ചിത്രം. ആദ്യമായാണ് ഓറിയന്റേലെ ബേസിന്‍ മുഴുവനായും മനുഷ്യനേത്രങ്ങള്‍ കൊണ്ട് കാണുന്നതെന്നും ആര്‍ട്ടെമിസ് 2 ചരിത്രം രചിക്കുകയാണെന്നും നാസ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞു.

'ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. ആര്‍ട്ടെമിസ് 2ലെ യാത്രികര്‍ പകര്‍ത്തിയ ചിത്രത്തില്‍ ലൂണാര്‍ ഡിസ്‌കിന്റെ വലത് ഭാഗത്തായി ഓറിയന്റേല്‍ ബേസിന്‍ കാണാം. ഈ ദൗത്യത്തിലൂടെയാണ് ആദ്യമായി ഓറിയന്റേല്‍ ബേസിന്‍ പൂര്‍ണമായി മനുഷ്യ നേത്രങ്ങളാല്‍ ദൃശ്യമാകുന്നത്' -നാസ പോസ്റ്റ് ചെയ്തു.


ചന്ദ്രന്റെ പടിഞ്ഞാറന്‍ അരികില്‍, ഭൂമിയില്‍ നിന്ന് ഭാഗികമായി മാത്രം കാണാന്‍ കഴിയുന്ന മേഖലയാണ് ഓറിയന്റേല്‍ ബേസിന്‍ അഥവാ മാരെ ഓറിയന്റേല്‍. ഏകദേശം 900 കിലോമീറ്റര്‍ വീതിയുള്ള വലിയ തടമാണിത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വലിയ ഛിന്നഗ്രഹം ചന്ദ്രനില്‍ വന്നിടിച്ചതിനെ തുടര്‍ന്നുള്ള ആഘാതത്തിലാണ് ഇത് രൂപപ്പെട്ടതെന്നാണ് കരുതുന്നത്. മാരെ ഓറിയന്റേലിനെ ഭൂമിയില്‍ നിന്ന് നോക്കിയാല്‍ പൂര്‍ണമായി കാണാന്‍ സാധിക്കില്ല.

അരനൂറ്റാണ്ടിനു ശേഷമുള്ള മനുഷ്യന്റെ ആദ്യ ചാന്ദ്രദൗത്യമാണ് നാസയുടെ ആര്‍ട്ടെമിസ് 2. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെയാണ് ആര്‍ട്ടെമിസ് വിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം ഭൂമിയുടെ അതിമനോഹര ദൃശ്യങ്ങള്‍ ആര്‍ട്ടെമിസ് രണ്ടിലെ യാത്രികര്‍ ബഹിരാകാശത്ത് നിന്ന് പകര്‍ത്തി അയച്ചിരുന്നു. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നീ നാല് ബഹിരാകാശ ഗവേഷകരാണ് ദൗത്യത്തിലുള്ളത്.

ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ യാത്രികര്‍ ചന്ദ്രനിലിറങ്ങില്ല. പകരം, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിപ്പറന്ന് പഠനങ്ങള്‍ നടത്തി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയാണ് ചെയ്യുക. ശേഷം വരുന്ന ആര്‍ട്ടെമിസ് 3 ദൗത്യമാണ് മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറക്കുക. 10 ദിവസമാണ് ആര്‍ട്ടെമിസ് 2 സഞ്ചാരികള്‍ ഓറിയോണ്‍ പേടകത്തില്‍ ബഹിരാകാശത്ത് ചെലവഴിക്കുക. ഏപ്രില്‍ 10ഓടെ ഇവര്‍ തിരികെയെത്തും.

TAGS :

Next Story