Quantcast

നേപ്പാളിൽ 'ജെൻ സി' കലാപം പടരുന്നു, മരണം 19 ആയി, ആഭ്യന്തരമന്ത്രി രാജിവെച്ചു

രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്

MediaOne Logo

Web Desk

  • Published:

    8 Sept 2025 10:41 PM IST

നേപ്പാളിൽ ജെൻ സി കലാപം പടരുന്നു, മരണം 19 ആയി, ആഭ്യന്തരമന്ത്രി രാജിവെച്ചു
X

കഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെയുണ്ടായ ജെന്‍ സി കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്.

സംഘർഷത്തിൽ മരണം 19 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോർട്ട്. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്.

യുവാക്കളുടെ പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ നേപ്പാൾ ആഭ്യന്തര മന്ത്രിയുടെ രാജി. നേരത്തെ പാർട്ടി യോഗത്തിൽ രാജിവെയ്ക്കാനുള്ള സന്നദ്ധത രമേശ് ലെഖാക് അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇതിനിടെ പ്രതിഷേധങ്ങൾ ശക്തിപ്പെട്ട സാഹചര്യത്തിൽ നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകൾക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി-യുവാക്കളുടെ പ്രക്ഷോഭം. സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്.

നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചാണ് സർക്കാർ നടപടി.

TAGS :

Next Story