അധികാരത്തിൽ തുടരാൻ നെതന്യാഹു ഗസ്സ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നു: മുൻ ഇസ്രായേലി ജനറൽ യെയർ ഗോലൻ
തീവ്ര വലതുപക്ഷ നേതൃത്വം സൈനികരുടെയും തടവുകാരുടെയും ജീവിതത്തേക്കാൾ അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് മുൻഗണന നൽകുന്നുവെന്നും യെയർ ഗോലൻ ആരോപിച്ചു

തെൽ അവിവ്: രാഷ്ട്രീയ നിലനിൽപ്പിനായി നെതന്യാഹു ഗസ്സക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകുകയും വെടിനിർത്തൽ കരാർ ശ്രമങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് മുൻ ഇസ്രായേലി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റിക് പാർട്ടിയുടെ തലവനുമായ യെയർ ഗോലൻ.
'നെതന്യാഹു, സ്മോട്രിച്ച്, ബെൻ ഗ്വിർ എന്നിവർ കരാർ വീണ്ടും വീണ്ടും അട്ടിമറിക്കുകയാണ്.' തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പരാമർശിച്ചുകൊണ്ട് എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ യെയർ ഗോലാൻ എഴുതി. തീവ്ര വലതുപക്ഷ നേതൃത്വം സൈനികരുടെയും തടവുകാരുടെയും ജീവിതത്തേക്കാൾ അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് മുൻഗണന നൽകുന്നുവെന്നും യെയർ ഗോലൻ ആരോപിച്ചു.
തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഭീഷണിയെത്തുടർന്ന് കുറഞ്ഞത് 30 ബന്ദികളുടെ മോചനം ഉറപ്പാക്കാമായിരുന്ന ഗസ്സ വെടിനിർത്തൽ കരാർ നെതന്യാഹു ഉപേക്ഷിച്ചതായും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ എതിർപ്പ് കാരണം ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഇസ്രായേൽ-സൗദി സാധാരണവൽക്കരണം ഉറപ്പാക്കാനുള്ള വൈറ്റ് ഹൗസ് ശ്രമത്തെ നെതന്യാഹു പാളം തെറ്റിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16

