'ഔദ്യോഗിക രേഖകളില്‍ തിരിമറി നടത്താന്‍ ശ്രമിച്ചു'; ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ നെതന്യാഹുവിനെതിരെ മുന്‍ മിലിട്ടറി സെക്രട്ടറി
നെതന്യാഹുവിന് ലഭിച്ച ഫോണ്‍ കോളുകളുടെയും നിര്‍ദേശങ്ങളുടെയും സമയക്രമം മാറ്റിയെഴുതാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതായും ആരോപണം

തെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മിലിട്ടറി സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന അവി ഗില്‍. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളില്‍ തിരിമറി നടത്താന്‍ ശ്രമിച്ചുവെന്നാണ് അവിയുടെ വെളിപ്പെടുത്തല്‍.
സംഭവദിവസം നെതന്യാഹുവിന് ലഭിച്ച ഫോണ്‍ കോളുകളുടെയും നിര്‍ദേശങ്ങളുടെയും സമയക്രമം മാറ്റിയെഴുതാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതായി അവി ആരോപിക്കുന്നു. ഇസ്രായേല്‍ ചാനല്‍ 12നും ഇസ്രായേല്‍ ഹയോമിനും നല്‍കിയ അഭിമുഖത്തിലാണ് അവിയുടെ പ്രതികരണം.
ഔദ്യോഗിക ട്രാന്‍സ്‌ക്രിപ്റ്റുകളില്‍ കൃത്രിമം കാണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ ചോദ്യം ചെയ്ത സ്റ്റെനോഗ്രാഫര്‍മാരെ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന സച്ചി ബ്രാവെര്‍മാന്‍ ഭീഷണിപ്പെടുത്തിയതായും അവി പറയുന്നു.
കൂടാതെ, തന്റെ രാഷ്ട്രീയ നിലനില്‍പ്പിനാണ് നെതന്യാഹു പ്രാധാന്യം നല്‍കിയത്. ഭരണസംഖ്യത്തെ സംരക്ഷിക്കുന്നതായി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഇസ്രായേല്‍ പ്രധാനമന്ത്രി മനഃപൂര്‍വം തഴയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏതാനും ബന്ദികള്‍ തടവിലിരിക്കെ മരണപ്പെട്ടുവെന്നും അവി വെളിപ്പെടുത്തി.
'2024ല്‍ ജയില്‍ മോചിതരാകാന്‍ സാധ്യതയുള്ളവരുടെ കരട് രേഖ തയ്യാറാക്കാന്‍ നെതന്യാഹു എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു നീക്കമുണ്ടായാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് തടവില്‍ കഴിയുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കരുതെന്ന് നെതന്യാഹു നിര്‍ദേശം നല്‍കി,' എന്നും അവി ഗില്‍ പറഞ്ഞു.
ഫലസ്തീനികളെ ലക്ഷ്യം വെച്ചുള്ള സൈനിക നീക്കത്തില്‍ ഇസ്രായേലിന് വീഴ്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ വീഴ്ച സമ്മതിക്കാനോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഇസ്രായേല്‍ നേതൃത്വം തയ്യാറാകുന്നില്ല. ഇനി ജനങ്ങളുടെ കൈയിലാണ് കാര്യങ്ങള്‍, കൃത്രിമമായി തയ്യാറാക്കിയ രേഖകളെ മാത്രം ആശ്രയിക്കരുത്. സംഭവത്തിന്റെ യഥാര്‍ത്ഥ റെക്കോര്‍ഡിങ്ങുകള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ ആവശ്യപ്പെടണമെന്നും അവി ഗില്‍ പറഞ്ഞു.
അതേസമയം ഗില്ലിന്റെ ആരോപണങ്ങളെല്ലാം നെതന്യാഹുവും ലിക്കുഡ് പാര്‍ട്ടിയും നിഷേധിച്ചു. തനിക്കെതിരായ കുപ്രചാരണങ്ങളുടെ ഭാഗമാണിതെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. നേരത്തെ, ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇസ്രായേൽ നേതൃത്വത്തിനു മുൻകൂട്ടി അറിയാമായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Adjust Story Font
16

