'ഇസ്രായേൽ സാമ്പത്തികമായി ഒറ്റപ്പെട്ടു'; തുറന്നു പറഞ്ഞ് നെതന്യാഹു
വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്‌തമായൊരു സമ്പദ് വ്യവസ്ഥ വളർത്തിയെടുക്കണമെന്നും നെതന്യാഹു പറഞ്ഞു

ജെറുസലേം: ഗസ്സയിൽ വംശഹത്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ലോകത്ത് ഇസ്രായേൽ ഒറ്റപ്പെടൽ നേരിടുകയാണെന്ന് ഇസ്രായേൽ ബെഞ്ചമിൻ നെതന്യാഹു. വരും വർഷങ്ങളിൽ കൂടുതൽ സ്വാശ്രയത്വം നേടേണ്ടിവരുമെന്നും നെതന്യാഹു തിങ്കളാഴ്ച പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ ആയുധ ഉപരോധങ്ങൾ ഏർപ്പെടുത്തുക ഉൾപ്പെടെയുള്ള നടപടിയെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. 'ഇസ്രായേൽ ഒരുതരം ഒറ്റപ്പെടലിലാണ്' ജറുസലേമിൽ നടന്ന ധനകാര്യ മന്ത്രാലയത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.
ഖത്തർ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്നടക്കം രൂക്ഷ വിമർശനം നേരിടുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ തുറന്നുപറച്ചിൽ. വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്‌തമായൊരു സമ്പദ് വ്യവസ്ഥ വളർത്തിയെടുക്കണമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഇസ്രായേൽ ഒറ്റപ്പെട്ടെന്ന നെതന്യാഹുവിൻ്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് രംഗത്തെത്തി. നെതന്യാഹുവിൻ്റെ പ്രസ്‌താവന യാഥാർഥ്യബോധമില്ലാത്തതാണ് എന്നാണ് ലാപിഡ് പറഞ്ഞത്. നെതന്യാഹുവിന്റെയും അദ്ദേഹത്തിൻ്റെ സർക്കാറിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് ഇസ്രായേൽ ഒറ്റപ്പെട്ടതെന്നും ലാപിഡ് കുറ്റപ്പെടുത്തി. ഇസ്രായേലിനെ ഒരു മൂന്നാം ലോക രാജ്യമാക്കി മാറ്റാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും ലാപിഡ് ആരോപിച്ചു.
Adjust Story Font
16

