സൈനിക മേധാവിയുടെ എതിർപ്പ് തള്ളി; ഗസ്സ പൂർണമായും പിടിച്ചടക്കാനുള്ള പദ്ധതിയിലുറച്ച് നെതന്യാഹു
ബന്ദികളുടെ ജീവൻ അപകടത്തിലാകുന്ന പദ്ധതിയാണിതെന്ന് സൈനിക മേധാവി ചൂണ്ടിക്കാട്ടിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഗസ്സസിറ്റി: സൈനിക മേധാവിയുടെ എതിർപ്പ് തള്ളി ഗസ്സ മുനമ്പ് പൂർണമായും പിടിച്ചടക്കാനുള്ള പദ്ധതിയിലുറച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
അതേസയം ഇന്നലെ വിളിച്ചുചേർത്ത സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ, നെതന്യാഹുവിന്‍റെ പദ്ധതിയെ സൈനിക മേധാവി ഇയാൽ സാമിർ എതിർത്തു.
ബന്ദികളുടെ ജീവൻ അപകടത്തിലാകുന്ന പദ്ധതിയാണിതെന്ന് സൈനിക മേധാവി ചൂണ്ടിക്കാട്ടിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിവിലിയൻ കുരുതി അധികരിക്കുന്നതിന് പുറമെ ഇസ്രായേൽ സൈന്യത്തിനും ഇത് വലിയ തിരിച്ചടിയാകുമെന്ന് ഇയാൽ സാമിർ, നെതന്യാഹുവിനെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഹമാസ് പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനുമേൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നെതന്യാഹുവിന്‍റെ പുതിയ നീക്കം. നിർദേശം ഉടൻ നടപ്പാക്കിയില്ലെങ്കിൽ രാജിവെക്കണമെന്ന് നെതന്യാഹു, ഐഡിഎഫ് തലവനോട് പറഞ്ഞതായി മാധ്യമങ്ങൾ അറിയിച്ചു. എന്നാൽ അടിയന്തര വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രായേലികൾ ഇന്നലെയും തെരുവിലിറങ്ങി.
ഗസ്സ പിടിച്ചെടക്കാനുള്ള നെതന്യാഹുവിന്‍റെ പദ്ധതി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പറഞു. ബന്ദികളുടെ ബന്ധുക്കളും നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ചു. ഇസ്രായേൽ പിന്തുണയോടെ പ്രവർത്തിക്കുന്ന അമേരിക്കൻ കരാറുകാരൻ നടത്തുന്ന വിതരണ കേന്ദ്രങ്ങൾക്ക് സമീപം ഇന്നലെ 54 ഫലസ്തീനികൾ വെടിയേറ്റു മരിച്ചു. ഇതിനു പുറമെ വിവിധ ആക്രമണങ്ങളിലായി 29 പേരും കൊല്ലപ്പെട്ടു.
മെഡിക്കൽ ഉപകരണങ്ങളും മരുന്നും ഇന്ധനവും നിലച്ചതോടെ, ഗസ്സയിലെ അവശേഷിച്ച ആശുപത്രികളും പ്രവർത്തനം നിർത്തി വെക്കേണ്ട സ്ഥിതിയിലാണെന്ന് യു.എൻ ഏജൻസികൾ അറിയിച്ചു.
Adjust Story Font
16

