'ട്രംപ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ'; നാമനിർദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
യുദ്ധങ്ങള്‍ നിര്‍ത്തുകയാണെന്നും ആളുകൾ കൊല്ലപ്പെടുന്നത് കാണുന്നതിനെ താന്‍ വെറുക്കുന്നെന്നും ട്രംപ് പറഞ്ഞു

വാഷിങ്ടൺ: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ നെതന്യാഹു നൊബേൽ സമ്മാനക്കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് ട്രംപിന് കൈമാറി.
'ട്രംപ് ഓരോ രാജ്യത്തും ഓരോ പ്രദേശത്തുമായി സമാധാനം കെട്ടിപ്പടുക്കുകയാണ്.ഗസ്സയിലെ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് അർഹമായ ഒന്നാണിത്, മിസ്റ്റർ പ്രസിഡന്റ്, ഞാൻ നോബൽ സമ്മാന കമ്മിറ്റിക്ക് അയച്ച കത്ത് നിങ്ങൾക്ക് മുന്നിൽ കാണിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അതിന് അര്‍ഹനാണ്'..നെതന്യാഹു പറഞ്ഞു. ഇസ്രായേലികൾക്ക് മാത്രമല്ല,ജൂതജനതക്കും ലോകത്തെ എല്ലാ ജനങ്ങൾക്കം വേണ്ടി താങ്കളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
നെബേലിന് നാമനിര്‍ദേശം ചെയ്ത നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു.'വളരെ നന്ദി ..എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു'. വളരെ അര്‍ഥപൂര്‍ണമായ നടപടിയാണ് താങ്കളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ട്രംപ് പറഞ്ഞു. 'ഞാൻ യുദ്ധങ്ങൾ നിർത്തുകയാണ്. ആളുകൾ കൊല്ലപ്പെടുന്നത് കാണുന്നതിനെ ഞാന്‍ വെറുക്കുന്നു.. '..ട്രംപ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രി ട്രംപിനൊപ്പം അത്താഴ വിരുന്നിനായി വൈറ്റ് ഹൗസിലെത്തിയത്. ഗസ്സക്കാരെ സ്വീകരിക്കാൻ തയ്യാറായ രാജ്യങ്ങൾ കണ്ടെത്തുന്നതിന് അടുത്തെത്തിയതായി ഇരുവരും പറഞ്ഞു. ഈ വാരാന്ത്യത്തിൽ ഗസ്സയിൽ വെടിനിർത്തൽ ആരംഭിക്കാനാണ് ട്രംപ് നിർദേശിക്കുന്നത്. ഇറാനുമായും ചർച്ച നടത്തുമെന്ന് ട്രംപ് സ്ഥീരീകരിച്ചു.
Adjust Story Font
16

