Quantcast

അറസ്റ്റ് ഭയം, നെതന്യാഹു പോളണ്ടിലേക്കില്ല; ഹോളോകോസ്റ്റ് അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

തങ്ങളുടെ നാട്ടിൽ​ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്​റ്റ്​ ചെയ്​ത്​ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക്​ കൈമാറുമെന്ന്​ വിവിധ രാജ്യങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-12-20 17:08:47.0

Published:

20 Dec 2024 10:31 PM IST

അറസ്റ്റ് ഭയം, നെതന്യാഹു പോളണ്ടിലേക്കില്ല; ഹോളോകോസ്റ്റ് അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
X

ഓഷ്വിറ്റ്സ് വിമോചനത്തിന്റെ 80-ാം വാർഷികപരിപാടിയിൽ പങ്കെടുക്കാൻ ഇത്തവണ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തില്ല. പോളണ്ടിലേക്കുള്ള യാത്ര അറസ്റ്റ് ഭയന്ന് നെതന്യാഹു ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്.

ജനുവരി 27നാണ് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്‌മരണ ദിനം. 1945 ജനുവരി 27ന് ഒരു ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ട അധിനിവേശ പോളണ്ടിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പും ഉന്മൂലന ക്യാമ്പുമായ ഓഷ്വിറ്റ്സ് സോവിയറ്റ് റെഡ് ആർമി വിസ്റ്റുലയുടെ കാലത്ത് മോചിപ്പിച്ചു. ഈ തീയതിയാണ് അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്‌മരണ ദിനമായി ആചരിച്ച് പോരുന്നത്. വിമോചന തീയതിയുടെ വാർഷികം ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനമായി അംഗീകരിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ ചാൾസ് രാജാവ് ഉൾപ്പെടെ ഡസൻ കണക്കിന് നേതാക്കളും രാഷ്ട്രത്തലവന്മാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന ചടങ്ങിൽ നിന്ന് നെതന്യാഹു വിട്ടുനിൽക്കുമെന്നാണ് വിവരം. പോളണ്ടിൽ കാലുകുത്തിയാൽ അറസ്റ്റുചെയ്‌ത്‌ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (ഐസിസി) കൈമാറുമെന്ന ഭയമാണ് നെതന്യാഹുവിനെന്ന് പോളണ്ടിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധക്കുറ്റങ്ങൾ ആരോപിച്ചാണ്​ നെതന്യാഹുവിനും ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ എന്നിവർക്കെതിരെ അന്താരാഷ്​ട്ര ക്രിമിനൽ കോടതി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചത്. കോടതിയുടെ ഭാഗമായ 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും പോയാൽ ഇവരെ അറസ്​റ്റ്​ ചെയ്യാൻ സാധിക്കും. തങ്ങളുടെ നാട്ടിൽ​ പ്രവേശിച്ചാൽ ഇവരെ അറസ്​റ്റ്​ ചെയ്​ത്​ കോടതിക്ക്​ കൈമാറുമെന്ന്​ വിവിധ രാജ്യങ്ങളും ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.

ഐസിസിയിൽ അംഗമായ 124 രാജ്യങ്ങളിൽ ഏറ്റവും കൂടുതലുള്ളത്​ യൂറോപ്പിൽനിന്നാണ്. മധ്യയൂറോപ്പിലെ പോളണ്ടും ഇതിൽ ഉൾപ്പെടുന്നു. അതിനാൽ തന്നെ രാജ്യത്തെത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാകുമെന്ന കാര്യത്തിൽ സംശയമില്ല. പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികാരികൾ പോളിഷ് അധികൃതരുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഐസിസിയുടെ തീരുമാനങ്ങളെ മാനിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങ് സംഘടിപ്പിക്കുന്ന പോളണ്ടിൻ്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ലാഡിസ്‌ലാവ് ബാർട്ടോസെവ്സ്‌കി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗും പരിപാടിയിൽ പങ്കെടുക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story