കാപ്പി കുടിക്കുന്ന നെതന്യാഹുവിൻ്റെ വിഡിയോയും ഡീപ്ഫേക്ക്? ഗ്രോക്കും പറഞ്ഞു വ്യാജമാണെന്ന്
നെതന്യാഹു കൊല്ലപ്പെട്ടോ അതോ ജീവനോടെയുണ്ടോ എന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസമായി വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്

- Published:
16 March 2026 4:28 PM IST

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കൊല്ലപ്പെട്ടോ ജീവനോടെയുണ്ടോ എന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസമായി വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്. ഇറാന്‍ തെല്‍ അവിവില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നെതന്യാഹുവും മൊസാദ് മേധാവിയും കൊല്ലപ്പെട്ടെന്ന വാദങ്ങളാണ് പ്രചരിക്കുന്നത്. ഏതാനും ദിവസങ്ങളായി നെതന്യാഹു പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് അഭ്യൂഹങ്ങള്‍ സജീവമാക്കി. നെതന്യാഹുവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കാണിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ വീണ്ടും ചര്‍ച്ചയായി. കൈകളില്‍ ആറ് വിരലുകള്‍ കാണുന്നുണ്ടെന്നും വിഡിയോ എഐ നിര്‍മിതമെന്നുമായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. ഈ പ്രചാരണം നിഷേധിച്ചുകൊണ്ട് നെതന്യാഹുവിന്റെ അക്കൗണ്ടില്‍ നിന്ന് ഇന്നലെ വീണ്ടുമൊരു വിഡിയോ പുറത്തുവിട്ടു. ജറുസലേമിലെ കഫേയില്‍ ചെന്ന് കാപ്പി കുടിക്കുന്ന നെതന്യാഹുവിന്റെ വിഡിയോയാണ് ഇത്. എന്നാല്‍, ഈ വിഡിയോയും എഐ നിര്‍മിതമാണെന്ന വാദമുയര്‍ന്നതോടെ നെതന്യാഹുവിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.
എഐ പ്ലാറ്റ്‌ഫോമായ ഗ്രോക്കിനോട് വിഡിയോ യാഥാര്‍ഥ്യമാണോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍, യാഥാര്‍ഥ്യമല്ലെന്നും എഐ നിര്‍മിത ഡീപ്ഫേക്ക് വിഡിയോ ആണെന്നുമാണ് ലഭിച്ച മറുപടി. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഗ്രോക്ക് വിഡിയോ പരിശോധിച്ച് വ്യാജമായി നിര്‍മിച്ചതാണെന്ന് ഉറപ്പിച്ചതോടെ ഇസ്രായേല്‍ ശരിക്കും പ്രതിരോധത്തിലായി. കപ്പിലെ കാപ്പിയുടെ അളവ്, അസ്വാഭാവികമായ ചുണ്ടനക്കം എന്നിവ തെളിവാണെന്നും ഗൗരവത്തോടെയുള്ള ഓപ്പറേഷനുകളെ കുറിച്ച് രാഷ്ട്രനേതാക്കള്‍ ഇത്തരത്തില്‍ സംസാരിക്കില്ലെന്നുമാണ് ഗ്രോക്ക് ചൂണ്ടിക്കാട്ടിയത്.
റോഡരികിലെ കഫേയില്‍ നിന്നും കാപ്പി ഓര്‍ഡര്‍ ചെയ്യുന്ന വിഡിയോയാണ് നെതന്യാഹു പങ്കുവച്ചത്. 'അവര്‍ പറയുന്നത് ഞാന്‍ എന്തായെന്നാണ്?' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്. 'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ ഇവിടെ കാണാം' എന്ന് നെതന്യാഹു വിഡിയോയില്‍ പരിഹസിക്കുന്നുണ്ട്. എന്നാല്‍, വിഡിയോയിലെ പല അസ്വാഭാവികതകളും ഇത് എഐ നിര്‍മിതമാണെന്ന സംശയം ഉയര്‍ത്തുന്നതാണ്. ഗ്ലാസില്‍ വക്കോളമുള്ള കാപ്പി നെതന്യാഹു സംസാരത്തിനിടെ ഇരുകൈകളിലേക്കും മാറ്റിപ്പിടിച്ചിട്ടും ഇളകുന്നില്ല. പല വാക്കുകള്‍ക്കും യോജിക്കാത്ത ചുണ്ടനക്കങ്ങളും കാണാനാകും. നെതന്യാഹു ഇടംകൈയ്യനാണെന്നും എന്നിട്ടും കാപ്പി വലംകൈ കൊണ്ടാണ് എടുക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കോഫി കുടിക്കുന്നതായി കാണിക്കുമ്പോള്‍ നെതന്യാഹുവിന്റെ ചുണ്ടില്‍ കാപ്പി പറ്റിപ്പിടിച്ചത് കാണുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത ഫ്രെയിമില്‍ ഇത് അപ്രത്യക്ഷമാകുന്നുണ്ട്. കപ്പില്‍ നിറഞ്ഞിരിക്കുന്ന കാപ്പി പുറത്തേക്ക് തുളുമ്പാത്തത് ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്നതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16
