നെത്‌സരിം ഇടനാഴി തുറന്നതോടെ ഗസ്സയിലേക്ക് ഫലസ്തീനികളുടെ ഒഴുക്ക്; മൂന്ന് ലക്ഷത്തിലേറെ പേർ തിരിച്ചെത്തി
ആഹ്ലാദത്തിനിടയിലും മടങ്ങിയെത്തിയവർ തകർക്കപ്പെട്ട തങ്ങളുടെ വസതികളും മറ്റും കണ്ട് കണ്ണീരണിഞ്ഞു

ഗസ്സസിറ്റി: നീണ്ട 15 മാസങ്ങൾക്കിപ്പുറം അതിർത്തി തുറന്നതോടെ മൂന്ന് ലക്ഷത്തിലേറെ ഫലസ്തീനികൾ വടക്കൻ ഗസ്സയിൽ മടങ്ങിയെത്തി. കാൽനടയായും വാഹനങ്ങളിലും വടക്കൻ ഗസ്സയിലേക്ക് ആയിരങ്ങളുടെ പ്രയാണം തുടരുകയാണ്. അതേസമയം രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്ക് അടുത്ത ആഴ്ച ഖത്തർ വേദിയാകും.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി നെത്‌സരിം ഇടനാഴി മുഖേനയുള്ള വിലക്ക് ഇസ്രായേൽ നീക്കിയതോടെ ഇന്നലെ മാത്രം മൂന്ന് ലക്ഷത്തിലേറെ ഫലസ്തീനികൾ വടക്കൻ ഗസ്സയിലെത്തി. അൽ റാശിദ് സ്ട്രീറ്റ്, സലാഹുദ്ദീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് വടക്കൻ ഗസ്സയിലേക്കുള്ള ഫലസ്തീനികളുടെ മടക്കം. ആഹ്ളാദത്തിനിടയിലും മടങ്ങിയെത്തിയവർ തകർക്കപ്പെട്ട തങ്ങളുടെ വസതികളും മറ്റും കണ്ട് കണ്ണീരണിഞ്ഞു.
വനിതാ ബന്ദി അർബേൽ യെഹോദിയെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച്, വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളെ മടങ്ങാൻ ഇസ്രായേൽ അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ചക്കു മുമ്പ് ഇവരെ വിട്ടയക്കുമെന്ന് മധ്യസ്ഥരായ ഖത്തർ ഉറപ്പുനൽകിയതോടെയാണ് ഇസ്രായേൽ ഫലസ്തീനികളെ മടങ്ങാൻ അനുവദിച്ചത്. ഇതിനിടെ, എല്ലാ ബന്ദികളുടെയും മോചനം ഉറപ്പാക്കാൻ ഇസ്രായേൽ വെടിനിർത്തൽ കരാർ പാലിക്കണമെന്ന അർബേൽ യെഹോദിയുടെ വീഡിയോ സന്ദേശം അൽ ഖുദ്സ് ബ്രിഗേഡ് പുറത്തുവിട്ടു.
വെടിനിർത്തലിന്‍റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങൾ ഹമാസും ഇസ്രായേലുമായുള്ള അനൗപചാരിക ചർച്ചകള്‍ക്ക് തുടക്കംകുറിച്ചു. അടുത്ത ആഴ്ച ഖത്തറിൽ ഔപചാരിക ചർച്ച ആരംഭിക്കും. അതേസമയം ഗസ്സയിൽ നിന്ന് ഫലസ്തീൻ ജനതയെ സ്വീകരിക്കണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നിർദേശം തള്ളിയ ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെ നിലപാടിനെ പിന്തുണക്കുന്നതായി യുഎൻ സെക്രട്ടറി ജനറലിന്‍റെ വക്താവ് പ്രതികരിച്ചു.
Adjust Story Font
16

